തട്ടിയെടുത്ത ഭൂമി കാണിച്ച് കോളേജിന് അഫിലിയേഷന്‍ നേടാന്‍ മുസ്ലീം ലീഗ് നേതാക്കളുടെ ശ്രമം

മുസ്ലിം ലീഗ് നേതാക്കള്‍ ചുളുവിലക്ക് തട്ടിയെടുത്ത തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ വഖഫ് ഭൂമി കാണിച്ച് കോളേജിന് അഫിലിയേഷന്‍ നേടാന്‍ ശ്രമം.

എം സി ഖമറുദ്ദീന്‍ ചെയര്‍മാനും കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ട്രഷററുമായ തൃക്കരിപ്പൂര്‍ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള ടാസ്‌ക് കോളേജിന്റെ അഫിലിയേഷനുവേണ്ടിയാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ രേഖ സമര്‍പ്പിച്ചത്. വഖഫ് ഭൂമിയിലുള്ള കെട്ടിടവും സ്ഥലവും കോളേജിന്റേതാണെന്നാണ് സര്‍വകലാശാലയെ അറിയിച്ചത്.

സ്വര്‍ണ തട്ടിപ്പിന് നേതൃത്വം നല്‍കിയ സംഘമാണ് ഭൂമി തട്ടിപ്പിന് പിന്നിലും. ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ എംഡി ടി കെ പൂക്കോയതങ്ങളാണ് ജാമിഅ സഅദിയ പ്രസിഡന്റ്. വഖഫ് ഭൂമി തട്ടിയെടുത്തത് വിവാദമായപ്പോള്‍ സര്‍വകലാശാല അഫിലിയേഷന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ച് താല്‍കാലിക അനുമതി നേടി.

മതസംഘടനയുടെ പ്രവര്‍ത്തനവും ലീഗ് രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി വഖഫ് ഭൂമി സ്വന്തമാക്കാനുള്ള നീക്കം തുടക്കം മുതല്‍ ലീഗ് നേതാക്കള്‍ നടത്തിയിരുന്നു.

12 ആധാരങ്ങളിലായി 3.87 ഏക്കര്‍ വഖഫ് ഭൂമിയാണ് ജാമിഅ സഅദിയ കമ്മിറ്റിയുടെ പേരിലുള്ളത്. ഇവ 2012ല്‍ അന്നത്തെ കമ്മിറ്റി ട്രഷററും ലീഗ് നേതാവുമായ ഒ ടി അഹമ്മദ് ഹാജിക്ക് ലീസായാണ് രജിസ്റ്റര്‍ ചെയ്തുനല്‍കിയത്.

ഇതില്‍നിന്ന് 34.98 സെന്റ് ഭൂമി 2015 ഫെബ്രുവരി 24ന് ഒ ടി അഹമ്മദ് ഹാജി വിലക്ക് വാങ്ങി. നാല് സെന്റ് ഭൂമി മറ്റുള്ളവര്‍ക്ക് നല്‍കിയതായും പറയുന്നു. ബാക്കി 3.48 ഏക്കര്‍ ഭൂമിയാണുണ്ടായിരുന്നത്.

അതാണ് കോളേജ് ട്രസ്റ്റിന്റെ മറവില്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്. ആറ് കോടിയോളം വിലവരുന്ന ഭൂമിയും കെട്ടിടവും 30 ലക്ഷം രൂപക്കാണ് രഹസ്യമായി രജിസ്റ്റര്‍ ചെയ്തെടുത്തത്.

ടാസ്‌ക് ട്രസ്റ്റിന്റെ ഭാരവാഹികളായ ലീഗ് നേതാക്കളില്‍ പ്രധാനികളെല്ലാം ജനപ്രതിനിധികള്‍കൂടിയാണ്. എം സി ഖമറുദ്ദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ ബാവ എന്നിവരാണിവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News