റിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ലഹരി മരുന്ന് കേസില്‍ മുംബൈയില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

നിരപരാധിയാണെന്ന വാദവുമായി റിയയുടെ അഭിഭാഷകന്‍ സതീഷ് മാന്‍ ഷിന്‍ഡെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്നലെയും ഇന്നുമായി നടന്ന വാദത്തിനൊടുവിലായിരുന്നു കോടതിയുടെ തീരുമാനം. റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോയിക്കിന്റെയും ജാമ്യാപേക്ഷയാണ് മുംബൈയിലെ പ്രത്യേക കോടതി നിരസിച്ചത്.

മയക്കുമരുന്ന് കൈവശം വയ്ക്കുക, ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് റിയ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയിരിക്കുന്നത്.

സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് മയക്കുമരുന്നുകളുടെ ഉപയോഗമാകാമെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. പത്തു മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കാവുന്ന കുറ്റമാണ് നടിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

നിരപരാധിയാണെന്നും അന്വേഷണ സംഘം നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിച്ചതുമാണെന്ന വാദവുമായാണ് റിയയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. രണ്ടു ദിവസമായി നടന്ന വാദത്തില്‍ ഇന്ന് റിയ ചക്രബര്‍ത്തിക്ക് കോടതി ജാമ്യം നിഷേധിച്ചു കോടതി ഉത്തരവായി.

റിയയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മയക്ക് മരുന്ന് കണ്ടെടുത്തിട്ടില്ലെന്നും മയക്ക് മരുന്ന് മാഫിയയുമായി റിയയുടെ ബന്ധം സ്ഥാപിക്കുന്ന തെളിവുകള്‍ ഒന്നും ഇത് വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷയിലാണ് മുംബൈയിലെ പ്രത്യേക കോടതി റിയയുടെയും ഷോയിക്കിന്റെയും ജാമ്യാപേക്ഷ പരിഗണനക്ക് എടുത്തത്.

ചൊവ്വാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ച റിയയെ എന്‍സിബി അധികൃതര്‍ ബുധനാഴ്ച രാവിലെ ബൈക്കുല്ല ജയിലിലെ വനിതാ സെല്ലില്‍ പാര്‍പ്പിക്കുകയായിരുന്നു. സെപ്റ്റംബര്‍ 22 വരെയാണ് കസ്റ്റഡി.

റിയ തെറ്റുകാരിയല്ലെന്നും അവരെ നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെവെന്നും റിയയുടെ അഭിഭാഷകന്‍ പറഞ്ഞു. റിയ ചക്രബര്‍ത്തിയെ കേസില്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്നും അപേക്ഷയില്‍ പറയുന്നു.

മൂന്ന് ദിവസമായി 20 മണിക്കൂറോളം നടന്ന ചോദ്യം ചെയ്യലില്‍ ഒരു വനിത ഉദ്യോഗസ്ഥ പോലും ഇല്ലായിരുന്നുവെന്ന് റിയ പരാതിപ്പെട്ടിരുന്നുവെന്ന് നടിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീയ്ക്കൊപ്പം വനിത ഉദ്യോഗസ്ഥര്‍ ഉണ്ടാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നില നില്‍ക്കുന്നുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ബിഹാറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളായാണ് നിരീക്ഷകര്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും അന്വേഷണങ്ങളും വിലയിരുന്നത്.

സുശാന്ത് സിംഗ് മരണത്തെ അനുകമ്പാ തരംഗമാക്കി തിരഞ്ഞെടുപ്പ് വരെ നില നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെന്ന വാദവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News