ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ; ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ നല്‍കും. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കാവുന്നതാണ്. മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക.

വായ്പാ തുകയുടെ70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും, ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂര്‍െ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു.

സമൂഹത്തില്‍ വളരെയധികം അവഗണന അനുഭവിക്കുന്ന വിഭാഗം ആയ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്.

കടുത്ത മാനസിക പ്രയാസങ്ങളും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നതിനാലാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കുന്നത്.

വനിതാ വികസന കോര്‍പ്പറേഷനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോജക്ടും അപേക്ഷയും ഒക്ടോബര്‍ 15ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കവടിയാര്‍ തിരുവനന്തപുരം 695003 എന്ന മേല്‍ വിലാസത്തില്‍ നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here