ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിന് ഹൈക്കോടതിയുടെ സ്റ്റേ; സ്റ്റേ ഒരു മാസത്തേക്ക്, ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് (ജോസ് ) വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.

കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടന്ന് ജസ്റ്റിസ് പി.വി ആശ ചൂണ്ടിക്കാട്ടി.

ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്‍ട്ടി രൂപീകരിച്ചതെന്ന് സിവില്‍ കോടതിയുടെ കണ്ടെത്തിയെന്നും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും ചുണ്ടിക്കാട്ടിയായിരുന്നു പി.ജെ ജോസഫിന്റെ ഹര്‍ജി.

ജോസ് കെ മാണിക്ക് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. പാര്‍ട്ടിയുടെ രേഖകള്‍ ഒന്നും ജോസിന്റെ കൈവശമില്ല. 305 അംഗങ്ങളുടെ ലിസ്റ്റ് ആണ് ഹാജരാക്കിയത്. ഭൂരിപക്ഷം സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പിന്‍തുണ ജോസിനില്ല.

450 സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയില്ല. 2019 ജൂണ്‍ 16ന് കോട്ടയത്ത് നടന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ ജോസ് കെ മാണിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു എന്ന അവകാശവാദം തള്ളണം.

അന്ന് കമ്മറ്റിയില്‍ പങ്കെടുത്ത പലരും ഇപ്പോള്‍ ജോസിനെ പിന്‍തുണക്കുന്നില്ല. അതിനാല്‍ പിന്‍തുണക്കുന്നത് ആരെല്ലാമെന്ന് പരിശോധിക്കണമായിരുന്നു. ഭുരിപക്ഷം ആര്‍ക്കെന്ന് പരിശോധിക്കാതെ കമ്മീഷന്‍ തീരുമാനം കൈക്കൊണ്ടത് സുപ്രീം കോടതി വിധികള്‍ക്ക്
വിരുദ്ധമാണെന്നും ജോസഫ് ബോധിപ്പിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിയമാനുസൃതമാണന്നും ഇടപെടരുതെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തില്‍ ഇടപ്പെടരുതെന്നും കമ്മീഷറേത് ഭൂരിപക്ഷ തീരുമാനമാണമെന്നും
ജോസ് കെ.മാണി ബോധിപ്പിച്ചു.

പി.ജെ.ജോസഫിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബാസവ പ്രഭു പാട്ടിലും ജോസ് കെ.മാണിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് നരസിംഹയും ഹാജരായി.

കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News