രോഗികള്‍ ഒരുലക്ഷം കടക്കുമ്പോള്‍ അതിജാഗ്രതയോടെ കേരളം; വരാനിരിക്കുന്നത് പരീക്ഷണ നാളുകള്‍; ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോള്‍ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

കഴിഞ്ഞ 7 മാസക്കാലമായി കോവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയില്‍ കൊണ്ട് പോകുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനവും കോവിഡിനെതിരായ പോരാട്ടത്തില്‍ രാവും പകലുമില്ലാതെ അധ്വാനിക്കുകയാണ്.

ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നപ്പോഴും മരണ സംഖ്യ 410 മാത്രമെന്നതും രോഗമുക്തി കൂടുതലായതും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണിത്.

മറ്റ് പലയിടത്തും മരണനിരക്ക് 4 മുതല്‍ 10 ശതമാനമായപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. ആകെ രോഗികള്‍ ഒരു ലക്ഷം ആകുമ്പോഴും 73,904 പേരും രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 27,877 പേരാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ത്ഥിയിലൂടെ കേരളത്തിലാണ്. എന്നാല്‍ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയര്‍ന്നപ്പോഴും പിടിച്ച് നില്‍ക്കാന്‍ നമുക്കായി. ആദ്യ ഘട്ടത്തില്‍ 3 കേസുകളാണ് ഉണ്ടായത്.

രണ്ടാം ഘട്ടത്തില്‍ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും കൂടുതലാളുകള്‍ എത്തിക്കൊണ്ടിരുന്നതോടെ മാര്‍ച്ച് 8 മുതല്‍ രോഗികള്‍ കൂടി. മേയ് 3 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയരുകയും ചെയ്തു.

ലോക് ഡൗണ്‍ മാറി മേയ് 4ന് ചെക്ക്പോസ്റ്റുകള്‍ തുറന്നതോടെ മൂന്നാം ഘട്ടത്തില്‍ രോഗികളുടെ എണ്ണം പതിയെ വര്‍ധിച്ചു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ക്ലസ്റ്റര്‍ സ്ട്രാറ്റജി ആവിഷ്‌ക്കരിച്ച് രോഗ നിയന്ത്രണത്തിന് സാധിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് സംസ്ഥാനം കാര്യങ്ങള്‍ നിയന്ത്രിച്ചത്. ഏറ്റവും ശരിയായ പരിശോധനാ രീതിയും നിയന്ത്രണ രീതിയുമാണ് അവലംബിച്ചത്. ട്രെയിസ്, ക്വാറന്റൈന്‍, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ രീതി ശരിയെന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ എസ്.ഒ.പി. തയ്യാറാക്കിയാണ് കേരളത്തില്‍ കോവിഡ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ കോവിഡ്-19 പരിശോധനയ്ക്കായി സ്വമേധയാ വരുന്ന എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കി.

സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് വഹിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. ഇപ്പോള്‍ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 33 സ്ഥലങ്ങളില്‍ കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതുകൂടാതെ 800 ഓളം സര്‍ക്കാര്‍ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജന്‍, എക്സ്പെര്‍ട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്തുന്നുണ്ട്. പ്രതിദിന പരിശോധനകളുടെ എണ്ണം 45,000 വരെ ഉയര്‍ത്തി. ഇനിയും പരിശോധനാ സംവിധാനം കൂട്ടാനാണ് ശ്രമിക്കുന്നത്.

ഹോം ക്വാറന്റൈന്‍ ഇന്ത്യയില്‍ തന്നെ വളരെ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കി. റൂം ക്വാറന്റൈന് ഡോക്ടറുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം.

സംസ്ഥാനത്ത് സി.എഫ്.എല്‍.ടി.സി.കളും കോവിഡ് ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി സുസജ്ജമാണ്. കോവിഡ് ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകള്‍ ഇപ്പോള്‍ ചികിത്സയ്ക്കായി സജ്ജമാണ്. അതില്‍ തന്നെ 21,318 കിടക്കകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. 29 കോവിഡ് ആശുപത്രികളിലായി ആകെ 8937 കിടക്കകളും, 30 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലായി 1344 കിടക്കകളും, 189 സി.എഫ്.എല്‍.ടി.സി.കളിലായി 28,227 കിടക്കകളും, 74 സ്വകാര്യ ആശുപത്രികളിലായി 2883 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 871 കോവിഡ് ഐസിയു കിടക്കകളുള്ളതില്‍ 624 എണ്ണവും 532 കോവിഡ് വെന്റിലേറ്ററുകളുള്ളതില്‍ 519 എണ്ണവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 6079 ഐസിയു കിടക്കകളുള്ളതില്‍ 6030 എണ്ണവും 1579 വെന്റിലേറ്ററുകളുള്ളതില്‍ 1568 എണ്ണവും ഒഴിവുണ്ട്. ഇതുകൂടാതെ രണ്ടും മൂന്നും ഘട്ടമായി 800 ഓളം സിഎഫ്എല്‍ടിസികളിലായി 50,000ത്തോളം കിടക്കകളും സജ്ജമാണ്. ദിവസം തോറും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

രോഗബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായകരമായ രീതിയില്‍ കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. എക്സെര്‍ഷണല്‍ ഡിസ്പനിയ അടിസ്ഥാനമാക്കി ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യമായി നിശ്ചയിച്ച സംസ്ഥാനം കൂടിയാണ് കേരളം. ഇതിലൂടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാനാകും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കി. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ഉറപ്പാക്കുകയാണ് ലക്ഷ്യം. കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴി കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത സേവനതത്പ്പരരാണ് ബ്രിഗേഡില്‍ അംഗങ്ങളായിരിക്കുന്നത്. ഇതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോള്‍തന്നെ 13,500 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകളാണ്. ആഗസ്റ്റ് 19നാണ് ആകെ രോഗികളുടെ എണ്ണം 50,000 ആയത്. കേവലം ഒരുമാസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഒരുലക്ഷം ആയിട്ടുണ്ട്. വരും ആഴ്ചകളില്‍ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. രോഗനിരക്ക് കൂടി ആശുപത്രിയില്‍ കിടക്കാനിടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്. അതിനാല്‍ ഓരോരുത്തരും ശ്രദ്ധിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കോവിഡില്‍ നിന്നും എത്രയും വേഗം നമുക്ക് രക്ഷനേടാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here