കരുതലായി വീണ്ടും സര്‍ക്കാര്‍; കവളപ്പാറയില്‍ ജീവന്‍പൊലിഞ്ഞ അനീഷിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

കവളപ്പാറ ദുരന്തരക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ പോത്തുകല്ല് ഭൂദാനം സ്വദേശി മങ്ങാട്ടുതൊടിക അനീഷിന്റെ ഭാര്യ അശ്വതി സർക്കാർ ജോലിയിൽ പ്രവേശിച്ചു.

തിരൂർ സബ്ട്രഷറിയിൽ ഓഫീസ് അറ്റൻഡന്റായാണ്‌ ചുമതലയേറ്റത്‌. വെള്ളിയാഴ്‌ച രാവിലെ സഹോദരൻ അശ്വിൻ, മകൻ അതുൽ എന്നിവർക്കൊപ്പമാണ്‌ അശ്വതിയെത്തിയത്‌.

2019 ആഗസ്‌ത്‌ എട്ടിനുണ്ടായ പ്രളയത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാനാണ് അനീഷ് എത്തിയത്. ഈ സമയത്താണ് കവളപ്പാറ മുത്തപ്പൻമല മൂന്നായി പിളർന്നത്‌.

ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ അനീഷ് ഉൾപ്പെടെ 59 പേർ മരിച്ചു. അശ്വതിക്ക്‌ ജോലി നൽകാൻ പി വി അൻവർ എംഎൽഎ മുഖേന സർക്കാരിന്‌ നിവേദനം നൽകിയിരുന്നു.

നിർമാണ തൊഴിലാളി യൂണിയൻ അംഗവും സിമന്റ്‌ വ്യാപാരിയുമായിരുന്നു അനീഷ്. പുതിയ വീട് നിർമാണം തുടങ്ങാനിരിക്കെയാണ് ജീവൻ നഷ്‌ടമായത്‌. സിമന്റ്‌ വ്യാപാരി ഡീലേഴ്സ് അസോസിയേഷൻ നിർമിച്ച വീട്‌ കുടുംബത്തിന് കൈമാറി. സർക്കാർ മരണാനന്തര ധനസഹായമായ നാലു ലക്ഷം രൂപയും കുടുംബത്തിന് നൽകി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here