ആളിക്കത്തുന്ന ഓര്‍മ്മയായി അഗ്നിവേശ്

ആദ്യം അവര്‍ മുസ്ലീം ഇറച്ചിക്കച്ചവടക്കാരെ തേടി വന്നു, രണ്ടാമത് ആര്യസമാജക്കാരെയും. ലോകപ്രസിദ്ധ ഫാസിസ്്റ്റ് വിരുദ്ധ പോരാളി എമില്‍ മാര്‍ട്ടിന്‍ നിമോളറുടെ പ്രസിദ്ധ കവിതയെ അനുസ്മരിച്ചാണ് 2018ല്‍ ഝാര്‍ക്കണ്ഡിലെ ആദിവാസി സമരത്തില്‍ ആ സന്ന്യാസി പ്രസംഗിച്ചത്. അധികം വൈകിയില്ല, ഹിന്ദുത്വ ഭീകരര്‍ പറന്നെത്തി എണ്‍പതുകഴിഞ്ഞ ആ വൃദ്ധനെ ചവിട്ടിയരച്ചു കഴിഞ്ഞിരുന്നു.

സ്വമി വിവേകാനന്ദനെപ്പോലെ തലപ്പാവും കാവിയുമണിഞ്ഞ ആ മനുഷ്യനെയായിരുന്നു സമകാലിക ഇന്ത്യയിലെ കവിഭീകരര്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്നുത്- സ്വമി അഗ്നിവേശ്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ,സ്വമി ദയാനന്ദസരസ്വതി ഹിന്ദുമതത്തിലെ പരിഷ്കരണപ്രസ്ഥാനമായി രൂപീകരിച്ച ആര്യമമാജത്തിന് മതേതര മാനവികതയുടെയും ജനാധിപത്യരാഷ്ട്രീയത്തിന്‍റെയും മുഖം നല്‍കിക്കൊണ്ടാണ് സ്വമി അഗ്നിവേശിനെ ലോകം അറിഞ്ഞു തുടങ്ങിയത്.

1939-ൽ ഇന്നത്തെ ഛത്തീസ്‌ഗഢിലെ ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലുമുള്ള ഉന്നത പഠനത്തിനു ശേഷം അറുപതുകളുടെ ഒടുവില്‍ കൽക്കട്ടയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായി.

തുടര്‍ന്ന് വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്ന് സന്യാസം സ്വീകരിക്കുകയും ആര്യസഭ എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തു. അടിയന്തരാവസ്്ഥയ്ക്കെതിരായ പോരാട്ടങ്ങളുടെ മുന്നണിപ്പോരാാളിയായി.

അടിയന്താരാവസ്ഥാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ ഹരിയാനാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വിദ്യാഭ്യാസമന്ത്രിയായ അഗ്നിവേശിന് കീഴില്‍ സഹമന്ത്രിയായിരുന്നു സുഷമ സ്വരാജ്.

ഫാസിസ്റ്റ് ഇന്ത്യയിലെ മതേതര ആത്മീയതയുടെ ആളിക്കത്തുന്ന അഗ്നിയായാണ് സമകാലിക ഇന്ത്യയില്‍ അഗ്നിവേശ് എന്ന പേര് ഉയര്‍ന്നു കേട്ടത്. നിശബ്ദരായിരിക്കാന്‍ നമുക്ക് അവകാശമില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു കൊണ്ടിരുന്ന ആ പോരാളി ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ശരിയായ ഹിന്ദു നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിരോധ മതില്‍ തീര്‍ത്തത്.

2005ല്‍ പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കളായവര്‍ക്ക് തുറന്നു കൊടുക്കണനെന്ന് അദ്ദേഹം പ്രസ്താവിച്ചത് യാഥാസ്ഥിതികരുടെ ഇടയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു. തന്നെ എതിര്‍ക്കുന്ന പുരോഹിതന്മാര്‍ അമര്‍നാഥിലെ ‘ഐസ് ശിവ’ന്മാരാണെന്ന് അഗ്നിവേശ് പരിഹസിച്ചു,

ഐക്യരാഷ്ട്രസഭയില്‍ ആധുനിക അടിമത്തത്തെക്കുറിച്ച് പ്രസംഗ്ിച്ച, അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച ഈ സന്യാസി പാര്‍ശ്വവത്കൃതരുടെ പ്രവാചകനായാണ് അറിയപ്പെട്ടിരുന്നത്.

ഗുജറാത്ത് വംശഹത്യയുെട കാലത്ത് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ഏറ്റവും ഉച്ചത്തില്‍ കേട്ട ശബ്ദമായിരുന്നു അഗ്നിവേശ്. ഇന്ത്യയിലെവിടെയും ഏത് മനുഷ്യാവകാശപ്പോരാട്ടത്തിലും അഴിമതി വിരുദ്ധപ്പോരാട്ടത്തിലും പരിസ്ഥിതി- ആദിവാസി സമരത്തിലും നമ്മള്‍ ആഴത്തില്‍ അറിഞ്ഞ സമരാഗ്നിയായിരുന്നു അഗ്നിവേശ്.

അതിന് അദ്ദേഹം എത്രയോ വട്ടം കമ്മ്യൂണിസ്റ്റെന്ന വിളിപ്പേര് കേട്ടു. സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള യുദ്ധം തണുപ്പിക്കാന്‍ മധ്യസ്ഥനായതിന്‍റെ പേരില്‍ മാവോയിസ്റ്റായും മുദ്രകുത്തപ്പെട്ടു.

2019ല്‍ പൗരത്വബില്ലിനെതിരായ പോരാട്ടത്തില്‍ കേരളത്തിലെത്തിയ അഗ്നിവേശിനെ ഇവിടെയും ആര്‍എസ്എസുകാര്‍ ആക്രമിച്ചു. തിരുവവനന്തപുരത്ത് പൂജപ്പുരയില്‍വെച്ചായിരുന്നു അഗ്നിവേശ് ആര്‍എസ്എസ് അക്രമത്തിനിരയായത്. പതറാതെ മരണം വരെയും അദ്ദേഹം സംഘപരിവാര്‍ ആക്രമണങ്ങളെ ചെറുത്തു നിന്നു.

അതുകൊണ്ട് അഗ്നിവേശ് അണഞ്ഞാലും പോരാട്ടത്തിന്‍റെ അഗ്നി അണയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here