ദില്ലി കലാപം: യെച്ചൂരി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ്

ദില്ലി: ദില്ലി വംശഹത്യക്കേസില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമവുമായി ദില്ലി പൊലീസ്. അനുബന്ധ കുറ്റപത്രത്തിലാണ് പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

സീതാറാം യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദന്‍ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുകളാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കലാപത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെഎഎന്‍യുവിലെയും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ കേസുകളുമായി ബന്ധപ്പെട്ടാണ് ഇത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഡല്‍ഹിയില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കലാപം നടത്തിയത്. കലാപത്തില്‍ 56 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 581 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here