കൊവിഡ് വ്യാപനം: അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്, ചെറിയ വീഴ്ചകള്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്; ചികിത്സയ്ക്കായി 322 കേന്ദ്രങ്ങളില്‍ 41,391 കിടക്കകള്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഒരുലക്ഷം കടക്കുമ്പോള്‍ അതിജാഗ്രതയോടെ ആരോഗ്യവകുപ്പ്.

നിലവില്‍ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകളാണ് ചികിത്സയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ഉറപ്പാക്കുകയാണ് കൊവിഡ് ബ്രിഗേഡ്. വരാനിരിക്കുന്നത് പരീക്ഷണ നാളുകളാണെന്നും ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് കൊവിഡ് രോഗം അതി വേഗത്തില്‍ വ്യാപിക്കുന്ന ഘട്ടമാണ്. ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോള്‍ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ എസ്.ഒ.പി. തയ്യാറാക്കിയാണ് കേരളത്തില്‍ കോവിഡ് പ്രതിരോധ ചികിത്സ നടത്തുന്നത്.

ഇപ്പോള്‍ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 33 സ്ഥലങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നുണ്ട്. കൂടാതെ 800 സര്‍ക്കാര്‍ ലാബുകളിലും 300 സ്വകാര്യ ലാബുകളിലും ആന്റിജന്‍, എക്സ്പെര്‍ട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകളും നടത്തുന്നുണ്ട്. പ്രതിദിന പരിശോധനകളുടെ എണ്ണം 45,000 വരെ ഉയര്‍ത്തി.

രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ സംസ്ഥാനത്ത് സി.എഫ്.എല്‍.ടി.സി.കളും കൊവിഡ് ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി സുസജ്ജമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

കൊവിഡ് ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകള്‍ ഇപ്പോള്‍ ചികിത്സയ്ക്കായി സജ്ജമാണ്. അതില്‍ 21,318 കിടക്കകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 871 കോവിഡ് ഐസിയു കിടക്കകളുള്ളതില്‍ 624 എണ്ണവും 532 കോവിഡ് വെന്റിലേറ്ററുകളുള്ളതില്‍ 519 എണ്ണവും ഒഴിവുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 6079 ഐസിയു കിടക്കകളുള്ളതില്‍ 6030 എണ്ണവും 1579 വെന്റിലേറ്ററുകളുള്ളതില്‍ 1568 എണ്ണവും ഒഴിവുണ്ട്. ഇതുകൂടാതെ രണ്ടും മൂന്നും ഘട്ടമായി 800 ഓളം സിഎഫ്എല്‍ടിസികളിലായി 50,000ത്തോളം കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ കൊവിഡ് ബ്രിഗേഡിലൂടെ.

വരും ആഴ്ചകളില്‍ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ ജാഗ്രതയിലുള്ള വീഴ്ച വന്‍ ദുരന്തത്തിന് കാരണമാകുമെന്നും ആരോഗ്യവകുപ്പ് ഒര്‍മ്മിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News