വ്യാജ ആരോപണങ്ങള്‍ ചമച്ച് ജലീലിനെ തകര്‍ക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് മന്ത്രി എകെ ബാലന്‍; മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതില്‍ തെറ്റില്ല: കൊവിഡ് ഭീതിയുള്ളപ്പോള്‍ കലാപത്തിന് നേതൃത്വം കൊടുക്കുന്നത് മനുഷ്യത്വരഹിതം; ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നു

പാലക്കാട്: അപകടകരമായ കോവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഒരു കലാപത്തിന് നേതൃത്വം കൊടുക്കുക എന്നത് മനുഷ്യത്വമുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ലെന്ന് മന്ത്രി എകെ ബാലന്‍.

പൊലീസ്, അരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരേയടക്കം കോവിഡ് ബാധിച്ചു. ആത്മഹത്യാ പ്രവണതയും വര്‍ധിക്കുകയാണ്. 425 മരണമാണ് കേരളത്തില്‍ ഇന്നലെ വരെയുള്ള കണക്ക്. തമിഴ്നാട്ടില്‍ 8231 മരണമായി. കര്‍ണാടകയില്‍ മരണം 7067 . ജനസാന്ദ്രത അതിനേക്കാള്‍ കൂടിയ കേരളം ഒരുഘട്ടം കഴിഞ്ഞാല്‍ ഇതിനെ കവച്ചുവക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തിന്റെ സൗകര്യം പരിമിതമാകും.

വ്യാപനത്തിന്റെ തീവ്രതയനുസരിച്ച് നിലപാടെടുക്കുന്ന സര്‍ക്കാരിനെ ഏതെല്ലാം രൂപത്തിലാണ് വെല്ലുവിളിക്കുന്നത്.സമ്പര്‍ക്ക വ്യാപനത്തിന്റെ പ്രധാന കാരണം യുഡിഎഫ് ബിജെപി പ്രക്ഷോഭങ്ങളാണ്. അവര്‍ വെല്ലുവിളി നടത്തുകയാണ്. വിമോചന സമരമായിരിക്കും അവരുടെ ലക്ഷ്യം. ഒരു മഹാമാരിയുടെ സമയത്ത് എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇത്തരത്തില്‍ ചെയ്യാമോയെന്നും മന്ത്രി ചോദിച്ചു.

സര്‍ക്കാരിനെ സഹായിക്കേണ്ടവര്‍ എല്ലാ പ്രവര്‍ത്തനത്തേയും വെല്ലുവിളിക്കുന്നു. ജലീലിനെ നശിപ്പിക്കുക എന്നത് ലീഗിന്റെയും യുഡിഎഫിന്റെയും ലക്ഷ്യമാണ്. ബിജെപിയും അത് ഏറ്റെടുക്കുകയാണ്. ജലീലിനെതിരായി ആദ്യം മുതല്‍ സംഘടിതമായ ആക്രമമല്ലെ ഉണ്ടായത്. അദ്ദേഹത്തിനെതിരെ കയ്യില്‍കിട്ടിയ എല്ലാ ആയുധവും ഉപയോഗിച്ചു. കസ്റ്റംസ് ക്ലിയര്‍ ചെയ്ത സാധനം ജലീല്‍ വിതരണം നടത്തി. ഖുറാന്‍ ഒരു നിരോധിത പുസ്തകമല്ല. ജലീല്‍ വഖഫിന്റെ മന്ത്രി കൂടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു

എല്ലാ കാര്യങ്ങളും കൃത്യമായി പൊതുസമൂഹത്തില്‍ ജലീല്‍ അവതരിപ്പിച്ചതാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ ഇഡി ജയിലില്‍ അടച്ചത് 105 ദിവസമാണ്. മകന്‍ കാര്‍ത്തിയും കൂട്ടുപ്രതി. ഇപ്പോള്‍ ചിദംബരം രാജ്യസഭയില്‍ തുടരുകയാണ്, ഇത് ശരിയാണോ?. റോബര്‍ട്ട് വാധ്ര മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ളവരെ ഇഡി ചോദ്യം ചെയ്തപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നു എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. ആ നിലപാടാണോ ഇവിടെയുള്ള കോണ്‍ഗ്രസിനുള്ളതെന്നും ബാലന്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here