തിരുവനന്തപുരം: ഇടതുപക്ഷത്തെയും മതന്യൂനപക്ഷ വിഭാഗങ്ങളെയും ദളിത് വിഭാഗത്തിലുള്ളവരെയും വേട്ടയാടി ഉന്മൂലനം ചെയ്യുക എന്ന ആര്‍ എസ്എസ് അജണ്ടയുടെ ഭാഗമാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അപലപനീയവും അത്യന്തം പ്രതിഷേധാര്‍ഹവുമാണ് ഈ നീക്കം. അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നത്.
യെച്ചൂരിക്ക് പുറമെ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന നേതാക്കളുടെ വായടപ്പിക്കാം എന്ന വ്യാമോഹത്തിലാണ് ഈ ഫാസിസ്റ്റ് രീതി ബിജെപി പ്രയോഗിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റപത്രം തയ്യാറാക്കിയതിന് പിന്നിലെ ഗൂഢാലോചനയാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കേണ്ടത്.
ദീര്‍ഘകാലം പാര്‍ലമെന്റ് അംഗമായും ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ നേതാവായും പ്രവര്‍ത്തിക്കുന്ന യെച്ചൂരി, ലോകമാകെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവാണ്.
അത്തരത്തിലുള്ള ഒരു ജനനായകനെ ഒരു കള്ളകേസില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കാനുള്ള ആര്‍ എസ് എസിന്റെ നീക്കം അപകടകരമാണ്.
രാജ്യത്ത് മതനിരപേക്ഷതയ്ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ, എല്ലാ വര്‍ഗീയ ശക്തികള്‍ക്കും എതിരെ സന്ധിയില്ലാതെ പോരാടുന്ന സിപിഐഎം ജനറല്‍ സെക്രട്ടറിയെ തുറുങ്കിലടയ്ക്കാനുള്ള ആര്‍എസ്എസിന്റെ ഈ പദ്ധതി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.
ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ഈ ഫാസിസ്റ്റ് നടപടിയ്ക്കെതിരെ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളും ഒന്നിച്ച് പോരാടണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.