കൊവിഡ് വ്യാപനം; മുംബെെയില്‍ ഭയപ്പെടേണ്ട സാഹചര്യമെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ കോവിഡ് രോഗവ്യാപനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ‘എന്റെ കുടുംബം-എന്റെ ഉത്തരവാദിത്തം’ കാമ്പയിന് തുടക്കമിടുന്നു.

ഇതിന്റെ ഭാഗമായി മുംബൈയിലെ എല്ലാ കുടുംബങ്ങളിലേക്കും എത്തിച്ചേരുവാനുള്ള പദ്ധതിക്കാണ് ബിഎംസി രൂപരേഖ ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും അവിടത്തെ താമസക്കാരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ആവശ്യമെങ്കില്‍ വൈദ്യസഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനുള്ള വിപുലമായ ശ്രമവും ഇതില്‍ ഉള്‍പ്പെടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോള്‍ മുന്‍പിലുള്ളതെന്നും കോവിഡ് രോഗവ്യാപനം കൂടി വരികയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം രോഗബാധിതരുടെ എണ്ണം കൂടുവാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈയിലും മറ്റ് പ്രദേശങ്ങളിലും കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചു തുടങ്ങി. ഗ്രാമപ്രദേശങ്ങളിലും വ്യാപനം തുടരുകയാണ്. സ്ഥിതി കൂടുതല്‍ വഷളാകുമെന്ന ആശങ്കയുണ്ടെന്നും താക്കറെ സൂചിപ്പിച്ചു.

മറ്റ് രാജ്യങ്ങളെപ്പോലെ, സാമൂഹിക അകലം ലംഘിച്ചതിന് ജനങ്ങളെ ശിക്ഷിക്കാന്‍ തുടങ്ങും. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്തും. പൊതുസ്ഥലത്ത് തിരക്ക് കൂട്ടുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. ആളുകള്‍ മാനദണ്ഡങ്ങള്‍ ഗൗരവമായി പാലിക്കാത്തതിനാലാണ് ഇത്തരം നടപടികള്‍ കൈക്കൊള്ളേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് രഹിത മുംബൈയ്ക്കായി വ്യക്തിഗത, കുടുംബ, സാമൂഹിക തലങ്ങളില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശീലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനും.

മഹാരാഷ്ട്രയില്‍ പുതിയ 22,543 കേസുകള്‍

മഹാരാഷ്ട്രയില്‍ പുതിയ 22,543 രോഗികളും 416 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 10,60,308. മരണസംഖ്യ 29,531 ആയി രേഖപ്പെടുത്തി.

മുംബൈയില്‍ കോവിഡ് -19 കേസുകള്‍ 2,085 റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 169,741 രേഖപ്പെടുത്തി. നഗരത്തില്‍ മരണ സംഖ്യ 8,150 ആയി ഉയര്‍ന്നു.

പുതിയ കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും, രോഗമുക്തി നേടിയവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ള സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 740,061 പേരാണ് അസുഖം ഭേദമായി ആശുപത്രിവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,549 പേര്‍ രോഗമുക്തി നേടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News