വാറന്റ് ഇല്ലാതെ അറസ്റ്റ്: പ്രത്യേക സേനാ വിഭാഗം ഉണ്ടാക്കാന്‍ യു പി സര്‍ക്കാര്‍ നീക്കം

വ്യക്തികളെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സേനാ വിഭാഗം ഉണ്ടാക്കാന്‍ യു പി സര്‍ക്കാര്‍ നീക്കം. യുപി സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന പേരിലാകും സേന രൂപീകരിക്കുക. അധികാര ദുര്‍വിനിയോഗത്തിന് കുപ്രസിദ്ധമായ യു പി പൊലീസിന് കീഴിലാണ് സേനാ വിഭാഗം എന്നത് ആശങ്ക ഉളവാക്കുന്നു.

ദളിത് – ന്യുന പക്ഷ വേട്ടയ്ക്കും സമാന്തര ഭരണത്തിന്റെയും പേരിലും ഏറെ പഴികേള്‍ക്കുന്നവരാണ് ഉത്തര്‍പ്രദേശ് പോലീസ്. അവര്‍ക്ക് അമിതാധികാര പ്രയോഗത്തിന് കൂടുതല്‍ അവസരം ഒരുക്കുന്ന പുതിയ നീക്കത്തിനാണ് യു പി സര്‍ക്കാര്‍ വഴി തുറന്നിരിക്കുന്നത്. വ്യക്തികളെ വാറന്റ് പോലും ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം ഉള്ള ഒരു പ്രത്യേക സേനാ വിഭാഗം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

യുപി സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന പേരിലാകും സേന രൂപീകരിക്കുക. ഇതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന ഡി ജി പി എച്ച് സി അവസ്തിക്ക് ആഭ്യന്തര ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. നിര്‍ണായക സ്ഥാപനങ്ങള്‍, വി ഐ പികള്‍ എന്നിവയുടെ സുരക്ഷയ്‌ക്കെന്ന പേരിലാകും സേനാ വിഭാഗം ഉണ്ടാക്കുക.

ഇത് നിലവില്‍ വരുന്നതോടെ സേനാ അംഗങ്ങള്‍ക്ക് മജിസ്ട്രേറ്റ് ഉത്തരവ് ഇല്ലാതെ അറസ്റ്റും തെരച്ചിലും നടത്താനാകും. കോടതികള്‍, എയര്‍പോര്‍ട്ടുകള്‍, വി ഐ പി കള്‍ തുടങ്ങിയവയുടെ സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാനത്ത് പ്രത്യേക സംവിധാനം വേണമെന്ന് അലഹബാദ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് സര്‍ക്കാര്‍ നീക്കം.

9917 പേരെയാണ് സി ഐ എസ് എഫ് മോഡലില്‍ ഉള്ള സേനയില്‍ അംഗമാക്കുക. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ യുപിഎസ്എസ്എഫ് നിലവില്‍ വരും. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും. പ്രതിവര്‍ഷം 1747 കോടി രൂപയാകും ചെലവ്. ആദ്യ ഘട്ടത്തില്‍ പ്രദേശ് ആംഡ് കോണ്‍സ്റ്റമ്പുലറിയില്‍ നിന്നാകും സേനാ അംഗങ്ങളെ നിയമിക്കുക, ഇവരുടെ സഹായത്തോടെ തന്നെ യുപിഎസ്എസ്എഫിന് ആവശ്യമായ അടിസ്ഥാന സൗകര്യവും ഉണ്ടാക്കി എടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News