നേട്ടങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ചിലരുടെ ശ്രമം; ഒരു ദിവസത്തെ വാര്‍ത്തയിലല്ല, ജീവിതാനുഭവത്തിലാണ് ജനം വിധികല്‍പ്പിക്കുകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ ഏതെല്ലാം കാര്യത്തില്‍ സന്തോഷിക്കുന്നുവോ അത് നടക്കാന്‍ പാടില്ലെന്നാണ് ചിലര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും പ്രത്യേക മാനസികാവസ്ഥക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തങ്ങളുടെ ജീവിതാനുഭവത്തിലൂടെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളേജിന്റെ ഒപി വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോന്നി മെഡിക്കല്‍ കോളേജിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനം 2015ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ പണി എവിടെയുമെത്തിയില്ല. കെടുകാര്യസ്ഥതയുടെ ഫലമായി നിലച്ചുപോയ പ്രവര്‍ത്തനം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് ആരംഭിക്കുന്നത്. അത് പൂര്‍ണ അര്‍ത്ഥത്തിലുള്ള മെഡിക്കല്‍ കോളേജാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ്.

നേരത്തേ ഉദ്ദേശിച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഈ ഘട്ടത്തില്‍ ജാള്യത അനുഭവപ്പെടും. അത് സ്വാഭാവികമാണ്. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകണം എന്ന് ആഗ്രഹിച്ചവരെല്ലാം ഈ ഘട്ടത്തില്‍ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ ഈ ചടങ്ങ് ഒരു കൂട്ടര്‍ ബഹിഷ്‌കരിച്ചതെന്തിനാണെന്ന് മനസിലാകുന്നില്ല. അത് നോട്ടീസിലെ പേരിന്റെ പ്രശ്നമല്ല.

ഇത്തരം കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നത് എങ്ങനെയെല്ലാം മറച്ചുവെക്കണം, അതിന്റെ ശോഭ ഏതൊക്കെ രീതിയില്‍ കെടുത്തണം എന്ന ഒരു മാനസികനില ചിലര്‍ക്ക് രൂപപ്പെട്ടിട്ടുണ്ട്. പരിപാടിയില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന പേരില്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച യുഡിഎഫിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കാര്യക്ഷമതയോടെ ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നു, നാട്ടുകാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, ഇതൊന്നും ചിലര്‍ക്ക് സഹിക്കാനാകുന്നില്ല. ഇക്കൂട്ടര്‍ക്ക് ഇങ്ങനെ സഹിക്കാനാകാത്ത ഒട്ടേറെ കാര്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

ആരോഗ്യരംഗത്തുണ്ടായ വളര്‍ച്ചയും ഉയര്‍ച്ചയും ഉദാഹരണമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയത്, താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങ്ളോടെ ഒരുങ്ങുന്നത്-ഇതൊക്കെ കണ്മുന്നിലുള്ള യാഥാര്‍ത്ഥ്യമാണ്.

പക്ഷേ ഇത്തരം കാര്യങ്ങള്‍ നാട്ടിലുള്ളവരും പുറത്തുള്ളവരും അംഗീകരിക്കുമ്പോഴും തങ്ങള്‍ക്ക് അതിന് കഴിയില്ലെന്ന മാനസികാവസ്ഥയോടെ നടക്കുന്ന കൂട്ടരും നാട്ടിലുണ്ട്. ഇപ്പോള്‍ മഹാമാരിയുടെ സാഹചര്യത്തില്‍ രോഗം ഏതെങ്കിലും തരത്തില്‍ വ്യാപിച്ച് കിട്ടാനാണ് അക്കൂട്ടര്‍ ശ്രമിച്ചത്. എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങള്‍ ഏതെല്ലാം കാര്യത്തില്‍ സന്തോഷിക്കുന്നുവോ അത് നടക്കാന്‍ പാടില്ലെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്.

ചിലര്‍ മറ്റുചില പ്രചരണങ്ങളിലൂടെ ഈ അവസ്ഥയെ അട്ടിമറിക്കാനും ശ്രമിക്കുന്നു. ലൈഫ് മിഷന്‍ എന്നാല്‍ എന്തോ വലിയ കമീഷന്റെയും കൈക്കൂലിയുടെയും ഭാഗമാണെന്നാണ് ഇന്നിറങ്ങിയ ഒരു പത്രത്തിന്റെ തലക്കെട്ട് കണ്ടാല്‍ തോന്നുക. രണ്ടേകാല്‍ ലക്ഷത്തിലേറെ കുടുംബങ്ങള്‍ ലൈഫ് മിഷനിലൂടെ സ്വന്തം വീട്ടില്‍ കിടന്നുറുകയാണ്. ഇതിലെവിടെയാണ് അഴിമതി? ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കാരമായത്.

നാടിന്റെ ഈ നേട്ടം കരിവാരിത്തേക്കാനാണ് ശ്രമം. അതിന് നെറികേടിന്റേതായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്. ഇതേ വാര്‍ത്തയില്‍ അവസാനം പറയുന്നു ലൈഫ് മിഷന് ബന്ധമില്ലെന്ന്. ഇത് മര്യാദയാണോ. ഇതാണോ സ്വീകരിക്കേണ്ട മാര്‍ഗം. ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത കാര്യത്തിന്റെ പേരില്‍ ലൈഫ് മിഷനെയും വീട് നിര്‍മിച്ച പ്രകൃയയെയും ആകെ കരിവാരിത്തേക്കുന്നത് ശരിയാണോ?

ശരിയായ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ നിന്ന് മറച്ചുവെക്കാനാണ് ഈ മാനസികാവസ്ഥക്കാരുടെ ശ്രമം. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ ഒരു ദിവസത്തെ വാര്‍ത്തകണ്ട് കാര്യങ്ങളില്‍ വിധി കല്‍പ്പിക്കുന്നവരല്ല. ജനങ്ങളുടെ ജീവിതാനുഭവമുണ്ട്. അതിലാണ് വിധിയെഴുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളേജിന് 351 കോടി രൂപയുടെ ഭരണാനുമതി നല്‍കി കഴിഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മെഡിക്കല്‍ കോളേജിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യമാക്കും. ശബരിമല തീര്‍ത്ഥാടന ഘട്ടത്തിലടക്കം ഈ മെഡിക്കല്‍ കോളേജ് ഉപകാരപ്പെടും. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here