മഹാരാഷ്ട്രയില്‍ പുതിയ 20,482 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 10,97,856 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് മരണസംഖ്യ 30,409 രേഖപ്പെടുത്തി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,91,797. കഴിഞ്ഞ 24 മണിക്കൂറില്‍ 515 പേരാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച മുംബൈയില്‍ 1,585 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ രോഗബാധിതരുടെ എണ്ണം 1,73,534 ആയി. 49 രോഗികള്‍ മരണപ്പെട്ടതോടെ മരണസംഖ്യ 8,227 ആയി ഉയര്‍ന്നു.
ഇന്നു വരെ 1,34,066 രോഗികള്‍ സുഖം പ്രാപിച്ചു . നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30,879. നഗരത്തിന്റെ രോഗമുക്തി നിരക്ക് 77 ശതമാനമായി ഉയര്‍ന്നു.
സെപ്റ്റംബര്‍ 21 ന് സ്‌കൂളുകള്‍ തുറക്കില്ല
സംസ്ഥാനം ഘട്ടം ഘട്ടമായി തിരിച്ചു വരവിന്റെ പാതയിലാണെങ്കിലും നിലവിലെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല.
കോവിഡ് സ്ഥിതി വിലയിരുത്തിയ ശേഷം സംസ്ഥാനങ്ങള്‍ക്ക് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അത് കൊണ്ട് തന്നെ സംസ്ഥാനത്ത് കോവിഡ് കേസുകളുടെ നിരന്തര വര്‍ദ്ധനവ് കണക്കിലെടുത്ത് സ്‌കൂളുകള്‍ സെപ്റ്റംബര്‍ 21 ന് ശേഷം പുനരാരംഭിക്കാനുള്ള സാധ്യത കുറവാണ്.
ലോക്കല്‍ ട്രെയിനുകളില്‍ അഭിഭാഷകര്‍ക്കും അനുമതി
മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അഭിഭാഷകരെ അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 7 വരെ 14 ദിവസത്തേക്ക് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കും. രജിസ്ട്രി നല്‍കിയ സര്‍ട്ടിഫിക്കറ്റോ റെയില്‍വേയുടെ പാസുകളോ ദുരുപയോഗം ചെയ്യുന്ന അഭിഭാഷകര്‍ക്ക് ഉചിതമായ നടപടി നേരിടേണ്ടിവരുമെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.