തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം ഈ മാസം 19 ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.
കൊവിഡ് കാലത്തും ആര്‍.സി.സി.യിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പുതിയ കാഷ്വാലിറ്റി സംവിധാനമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരു കോടിയില്‍ പരം രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആര്‍.സി.സിയിലെ പഴയ കാഷ്വാലിറ്റിയിലെ പരിമിതികള്‍ പരിഹരിച്ചാണ് ഹൈടെക് കാഷ്വാലിറ്റി സംവിധാനം ഒരുക്കിയത്. ഒരേ സമയം പത്ത് രോഗികള്‍ക്ക് ഈ കാഷ്വാലിറ്റി വിഭാഗത്തില്‍ തീവ്രപരിചരണം നല്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എന്‍.എ.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുതിയ കാഷ്വാലിറ്റി സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് കാലത്തെ ചികിത്സാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ സ്വകാര്യതയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രോഗ തീവ്രതയനുസരിച്ച് രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന ട്രയാജ് സംവിധാനം, വിവിധ രീതികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേകതരം കിടക്കകള്‍, ഓരോ കിടക്കയോടും അനുബന്ധിച്ച് ജീവന്‍ രക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങള്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള പ്രത്യേക കാത്തിരുപ്പ് സ്ഥലം എന്നിവയും പ്രത്യേകതയാണ്.
കോവിഡ് കാലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ കാന്‍സര്‍ രോഗികള്‍ക്ക് വലിയ സേവനം നല്‍കാന്‍ കഴിഞ്ഞു. ടെലി മെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തികൊണ്ടുള്ള വെര്‍ച്വല്‍ ഒ.പിയുടെ സേവനം ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനപ്പെട്ടു.
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കോവിഡ് കാലത്ത് എല്ലാ ജില്ലകളിലും തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നുള്ള രോഗികള്‍ക്ക് വേണ്ടി കന്യാകുമാരിയിലെ ഗവ. മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ അവിടെ തന്നെ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു.
ആര്‍.സി.സി.യില്‍ വരാന്‍ കഴിയാത്ത, കേരളത്തിലും തമിഴ്നാട്ടിലുമുള്ള രോഗികള്‍ക്ക് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ 45 ലക്ഷത്തോളം രൂപയുടെ മരുന്ന് എത്തിച്ചു കൊടുത്തു. കോവിഡ് കാലത്തെ പരിമിതികള്‍ അതിജീവിച്ചുകൊണ്ട് കാന്‍സര്‍ രോഗികളുടെ സുരക്ഷയ്ക്കും, ചികിത്സയ്ക്കും വേണ്ടി ആര്‍.സി.സി. വലിയ സേവനമാണ് ചെയ്തത്.

Get real time update about this post categories directly on your device, subscribe now.