‘എനിക്കറിയാവുന്ന മുഖ്യമന്ത്രി പിണറായി അതാണ്; യാതൊരു അഴിമതിയും നേരിടേണ്ടി വന്നിട്ടില്ല; സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു’; സര്‍ക്കാരിന്റെ അഴിമതിരഹിത ഭരണത്തെ അഭിനന്ദിച്ച് നിസാന്‍ മുന്‍ സിഐഒ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിരഹിത ഭരണത്തെ അഭിനന്ദിച്ച് വോഡഫോണ്‍, നിസാന്‍, ജി.ഇ എന്നീ കമ്പനികളുടെ സിഐഒ ആയിരുന്ന ടോണി തോമസ്.

വിവിധ ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോഴൊന്നും തനിക്കും സംരഭങ്ങളുമായി ബന്ധപ്പെട്ട ആര്‍ക്കും ഒരു തരത്തിലുള്ള അഴിമതിയും നേരിടേണ്ടി വന്നിട്ടില്ലെന്ന് ടോണി തോമസ് പറഞ്ഞു.

സമയ നിഷ്ഠവും നല്ലത് ചെയ്യണമെന്ന ഉദ്ദേശത്തോടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മികവും ടോണി സൂചിപ്പിച്ചു. ചൊവ്വാഴ്ച്ചത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്നസമയം അഴിമതി തടഞ്ഞ ഒരു കാര്യം പങ്കുവച്ചപ്പോള്‍ താന്‍ നേരിട്ടിടപെട്ട, തനിക്കറിയാവുന്ന പിണറായി വിജയന്‍ അതാണ്, അതുപോലെതന്നെയാണ് പെരുമാറുക എന്ന് വ്യക്തമായി തോന്നിയെന്ന് ടോണി തോമസ് പറഞ്ഞു.

ടോണി തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഞാന്‍ ഇന്ത്യയില്‍ തിരിച്ചു വന്നതിനു ശേഷം ആദ്യമായി സര്‍ക്കാരുമായി നേരിട്ടിടപെടുന്നത് രഘുറാം രാജന്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ‘മൊബൈല്‍ മണി’ അഡൈ്വസര്‍ ആയിട്ടാണ്. ആദ്യത്തെ മീറ്റിംഗിന് റിസേര്‍വ് ബാങ്കില്‍ ചെന്നപ്പോള്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടു പോയി.

ഗേറ്റില്‍ എത്തിയപ്പോള്‍ തന്നെ അവിടെ സ്വീകരിക്കാന്‍ ആള്, യാതൊരു ബുദ്ധിമുട്ടുമില്ലാതെ അകത്തു കയറി, മീറ്റിംഗ് കൃത്യ സമയത്തു തന്നെ തുടങ്ങി, കൃത്യസമയത്തു തന്നെ അവസാനിച്ചു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇത് ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ല. പിന്നീടൊരിക്കല്‍ ഒരു കാര്‍ വാങ്ങിയപ്പോള്‍ നികുതി വകുപ്പിന്റെ ഒരു നോട്ടീസ് കിട്ടി തിരുവനന്തപുരത്തെ നികുതി വകുപ്പിന്റെ ഓഫീസില്‍ പോകേണ്ടി വന്നു.

അവിടെയും വളരെ നല്ല രീതിയിലുള്ള പെരുമാറ്റവും, സമയനിഷ്ഠയുമായിരുന്നു. ഈ രണ്ടു സംഭവങ്ങളും നടന്നത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളായതു കൊണ്ടാവാം ഈ മികവ് എന്ന് കരുതി. സംസ്ഥാനത്തു വരുമ്പോള്‍ സംഗതി വേറെയാവും എന്ന് കരുതി.

കുറെ നാളുകള്‍ക്കു ശേഷം, ഈ മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോള്‍, ഈ അടുത്ത നാളുകളില്‍ പല കാര്യങ്ങളില്‍ കേരളാ സര്‍ക്കാരുമായി അടുത്തിടപെടാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായി. ഞാന്‍ നേരിട്ടിടപെട്ട് ഒന്നിലധികം അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ വന്നു, കൂടാതെ ആദ്യ പ്രളയ സമയത്ത് പല തലത്തില്‍ സഹായം കേരളത്തില്‍ കൊണ്ടുവരാനും ഞാന്‍ സര്‍ക്കാരുമായി അടുത്തിടപഴകി, മാത്രമല്ല ഞാന്‍ സര്‍ക്കാരിന്റെ പല കമ്മിറ്റികളിലും മറ്റും ചെയര്‍മാന്‍, അഡൈ്വസര്‍, അംഗം, വികസനവാദി ഒക്കെയായി പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതുപോലുള്ള പല കാര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ ഏറ്റവും ഉന്നത തലങ്ങളിലുള്ള അധികാരികളുമായിട്ടു നേരിട്ട് തന്നെയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ പല വിഷയങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് നേതൃത്വം നല്‍കിയിരുന്നത്, അത് കൊണ്ട് അദ്ദേഹവുമായി അടുത്ത് പല കാര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. ഞാന്‍ ഇവിടെ കണ്ട പല കാര്യങ്ങളും, സമയനിഷ്ഠ, നല്ലതു ചെയ്യണം എന്ന വ്യക്തമായ ഉദ്ദേശം, മുതലായ പല കാര്യങ്ങളും എന്നെ നല്ല രീതിയില്‍ അത്ഭുതപ്പെടുത്തി.

പക്ഷെ ഇതിന്റെ എല്ലാം മുകളില്‍, ഞാന്‍ നമ്മുടെ കേരളാ സര്‍ക്കാരിനെ പറ്റി ഏറ്റവും അഭിമാനിക്കുന്നത്, ഒരു തലത്തിലും, ഒരു രീതിയിലും യാതൊരു അഴിമതിയും എനിക്കും, ഈ സംരംഭങ്ങളുമായി ബന്ധപ്പെട്ട ആര്‍ക്കും നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്. ഒരു അധികാരിപോലും വഴിവിട്ടു ഒരു രീതിയിലും പെരുമാറിയിട്ടില്ല. ഒരു IT കമ്പനിക്ക്, മറ്റേതെങ്കിലും കമ്പനിക്ക് ഒരു കരാറോ, ഒരാള്‍ക്ക് ഒരു ജോലിയോ ഒന്നും, ആരും ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിലെ സര്‍ക്കാരിന്റ മികവായി ഇത് ഞാന്‍ പല വേദികളിലും അഭിമാനത്തോടെ പറയുകയും ചെയ്യാറുണ്ട്.

ഇന്ന്, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പത്ര സമ്മേളനത്തില്‍ തന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ വന്ന ആരോപണത്തെ പറ്റി സംസാരിച്ചപ്പോള്‍, അദ്ദേഹം കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്നപ്പോള്‍ അഴിമതി തടഞ്ഞ ഒരു കാര്യം പങ്കുവച്ചു. ഞാന്‍ നേരിട്ടിടപെട്ട, എനിക്കറിയാവുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതാണ്, അതുപോലെതന്നെയാണ് പെരുമാറുക എന്ന് എനിക്ക് വ്യക്തമായി തോന്നി. അതുകൊണ്ടിതിവിടെ പങ്കുവയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel