കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ ലീഗ് നേതാവ് എം സി കമറുദ്ദീന്‍ എംഎല്‍ എ ക്കെതിരെ വന്‍ ജനരോഷം. കമറുദ്ദീന്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നേതൃത്വത്തില്‍ കാസര്‍ക്കോട് കണ്ണൂര്‍ ജില്ലകളിലെ 22 കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. തട്ടിപ്പിനിരയായവര്‍ക്ക് നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് എല്‍ ഡി എഫ് പ്രഖ്യാപിച്ചു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 750 ഓളം നിക്ഷേപകരില്‍ നിന്ന് ഫാഷന്‍ ഗോള്‍ഡ് കമ്പനിയുടെ മറവില്‍ 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ എം സി കമറുദിന്‍ എം എല്‍എ കെതിരെ നാടെങ്ങും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എല്‍ ഡി എഫ് ആഹ്വാനം പ്രകാരം കാസര്‍കോട് ജില്ലയില്‍ 20 കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളിലും എം സി കമറുദ്ദീന്‍ എം എല്‍ എ യെ ജനകീയ വിചാരണ നടത്തി.
ജന വഞ്ചകനായ എം സി കമറുദ്ദീന്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് നിയമ നടപടി നേരിടണമെന്ന് ജനകീയ വിചാരണയില്‍ ആവശ്യം ഉയര്‍ന്നു. തട്ടിപ്പിനിരയായ നിരവധി പേരും സമരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. കോവിഡ്‌പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന സമരം നാടിന്റെ ശ്രദ്ധ ആകര്‍ഷിച്ചു.
ഇല്ലാത്ത അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് എല്‍ ഡി എഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കമറുദ്ദീന്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് എന്തു പറയാനുണ്ടെന്ന് കാഞ്ഞങ്ങാട്ട് സമരം ഉദ്ഘാടനം ചെയ്ത സി പി ഐ (എം) കേന്ദ്രകമ്മറ്റി അംഗം പി കരുണാകരന്‍ ചോദിച്ചു.
ചെറുവത്തൂരില്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയ എം സി കമറുദിനെ രക്ഷിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.
നിക്ഷേപകരെ മര്‍ദിച്ച് പ്രശ്‌നം ഒതുക്കാമെന്ന് ലീഗ് നേതൃത്വം കരുതണ്ടെന്നും പരാതിക്കാര്‍ക്ക് സിപിഐഎം സംരക്ഷണം നല്‍കുമെന്നും പയ്യന്നുരില്‍ സമരം ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
നീലേശ്വരത്ത് എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രനും തലശ്ശേരിയില്‍ എ എന്‍ ഷംസീര്‍ എംഎല്‍ എ യും സമരം ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് എംഎല്‍എ, പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍
വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ 8 ഗ്രാമ പഞ്ചായത്തുകളിലെ 12 കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ നടന്നു.
Get real time update about this post categories directly on your device, subscribe now.