സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.

ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി നീട്ടി. 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കി. ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ – വാഹനങ്ങള്‍ എന്നിവ വാങ്ങാന്‍ അനുവദിക്കില്ല.

കൊവിഡുകാലത്തെ ഗൗരവകരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവുകള്‍ ചുരുക്കുന്നതിനും എന്നാല്‍ പാവപ്പെട്ടവരുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേയ്ക്കു കൂടി തുടരും. ജി.എസ്.ടിയുടെ അനിശ്ചിതാവസ്ഥയും കൂടിയ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുകയും ഭക്ഷണക്കിറ്റുമാണ് ഇത് അനിവാര്യമാക്കിയതെന്ന് ധനമന്ത്രി അറിയിച്ചു.

ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും.

ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ മാത്രമേ പിഎഫില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കുക.

ജീവനക്കാരുടെ 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും. അധ്യാപന സമയം ആഴ്ചയില്‍ കുറഞ്ഞത് പതിനാറു മണിക്കൂര്‍ ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുക. ഇതിനാവശ്യമായ നിയമ- ചട്ടങ്ങള്‍ ഒരു മാസത്തിനകം ഭേദഗതി ചെയ്യും.

ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കും. സ്‌കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സര്‍ക്കാരിനായിരിക്കും.

എയിഡഡ് സ്‌കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന. ഇതിനാവശ്യമായ ഭേദഗതി നിയമത്തിലും ചട്ടത്തിലും വരുത്തും.ഒരു വര്‍ഷത്തെയ്ക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ ,വാഹനങ്ങള്‍ എന്നിവ വാങ്ങാന്‍ പാടില്ല.

ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനായി നടത്തണം.

ഔദ്യോഗിക യാത്രാചെലവുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു പണം നല്‍കുന്നതിനും ഒരു ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.

സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക അടിയന്തിരമായി പിരിച്ചെടുക്കാന്‍ മിഷന്‍ മോഡില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News