ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ ഉത്തര്‍പ്രദേശില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങള്‍ ഉത്തര്‍പ്രദേശിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2019- 20 കാലയളവില്‍ യു പി യില്‍ 400 ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങള്‍ ഉണ്ടായി. ആകെ ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളില്‍ നാലില്‍ ഒന്നും ഉത്തര്‍പ്രദേശിലാണ്.

രാജ്യത്ത് പോലീസ് കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലുമായി ദിവസേന 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. 2019 ഏപ്രില്‍ മുതല്‍ 2020 വരെ ആകെ 1697 കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍
1584 എണ്ണം ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങള്‍ ആണ്. 113 എണ്ണം പോലീസ് കസ്റ്റഡി മരണങ്ങളും.

ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളില്‍ നാലില്‍ ഒന്നും സംഭവിച്ചിരിക്കുന്നത് യു പിയില്‍ ആണെന്നതാണ് ശ്രദ്ധേയം.റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1584 മരണങ്ങളില്‍ 400 എണ്ണവും യുപിയില്‍ ആണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

143 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശ് ആണ് രണ്ടാമത്. പോലീസ് കസ്റ്റഡി മരണങ്ങള്‍ കൂടുതല്‍ സംഭവിച്ചത് മധ്യപ്രദേശിലാണ്. 14 എണ്ണം. കസ്റ്റഡി മരണങ്ങളുടെ കാരണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

സര്‍ക്കാര്‍ കണക്കുകള്‍ക്ക് അപ്പുറത്താണ് യഥാര്‍ത്ഥ മരണ കണക്കുകള്‍ എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ജയിലിലും പോലീസ് കസ്റ്റഡിയിലും വച്ച് തന്നെ പ്രതികളും കുറ്റാരോപിതരും പോലീസ് മര്‍ദനം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മരിക്കാറുണ്ട്. എന്നാല്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ച് ഡോക്ടറെ സമ്മര്‍ദത്തിലാക്കി ആശുപത്രിയില്‍ വച്ച് മരിച്ചുവെന്ന് സാക്ഷ്യപത്രം വാങ്ങുകയാണ് ചെയ്യുന്നതെന്ന് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കോളിന്‍ ഗോണ്‌സാല്വസ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News