പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിങ്ങായി ദേശീയ തൊഴില്‍ ഇല്ലായ്മ ദിനാഘോഷം. തൊഴില്‍ ഇല്ലായ്മ രൂക്ഷമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ തുറന്നുകാട്ടാനാണ് മോദിയുടെ ജന്മദിനം തന്നെ യുവജനങ്ങള്‍ തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ആം പിറന്നാള്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ആഘോഷമായി കൊണ്ടാടാനായിരുന്നു ബിജെപി തീരുമാനം. എന്നാല്‍ പിറന്നാള്‍ ദിവസവും തൊഴില്‍ ഇല്ലായ്മ രൂക്ഷമാക്കിയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് മറുപടി പറയേണ്ട ഗതികേടിലാണ് മോദിയും ബിജെപിയും. ദേശീയ തൊഴില്‍ ഇല്ലായ്മ ദിനമെന്ന പേരിലുള്ള ക്യാമ്പയിനാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്.
ഹാപ്പി ബര്‍ത്ത്‌ഡേ മോദി എന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍ ദേശീയ തലത്തില്‍ ഒന്നാമതുണ്ട്. എന്നാല്‍ നാഷണല്‍ അണ്‍എംപ്ലോയ്മെന്റ് ഡെ എന്ന ഇംഗ്‌ളീഷ് കാമ്പയിനും ദേശീയ ബേറോസ്ഗര്‍ ദിവസ് എന്ന ഹിന്ദി കാമ്പയിനും കൊണ്ടാണ് യുവ ജനങ്ങള്‍ പ്രതിഷേധം തീര്‍ക്കുന്നത്. എവിടെയാണ് തൊഴില്‍ എന്ന് ജനങ്ങള്‍ക്ക് അറിയണം എന്നായിരുന്നു ഒരു പ്രൊഫൈലില്‍ വന്ന ചോദ്യം.
താടി വളര്‍ത്തുന്നതില്‍ അല്ല സംമ്പദ് വ്യവസ്ഥ വളര്‍ത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത് എന്നായിരുന്നു പ്രധാനമന്ത്രിയോട് ഒരു പൗരന്‍ ഉപദേശിച്ചത്. ആരുടെയും പ്രത്യേക ആഹ്വാനങ്ങള്‍ ഇല്ലാതെ തന്നെയാണ് സോഷ്യല്‍ മീഡിയ പ്രതിഷേധം ഏറ്റെടുത്തത്. പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും കൂടി ക്യാമ്പയിന്റെ ഭാഗമായിരിക്കുകയാണ്.
ദേശീയ തൊഴില്‍ ഇല്ലായ്മ ദിനാചാരണത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും പിന്തുണ അറിയിച്ചു. വ്യാപക തൊഴില്‍ ഇല്ലായ്മയാണ് യുവാക്കള്‍ ഇങ്ങനെ ഒരു ദിവസം ആചരിക്കാന്‍ കാരണം.
തൊഴില്‍ എന്നാല്‍ അഭിമാനമാണ്; ഇത് എത്ര കാലം സര്‍ക്കാരിന് നിഷേധിക്കാന്‍ ആകുമെന്ന് ക്യാമ്പയിനില്‍ പങ്കെടുത്ത് കൊണ്ട് രാഹുല്‍ ചോദിച്ചു. ഒരാഴ്ച നീളുന്ന സേവാ സപ്താഹ് എന്ന പേരിലാണ് മോദിയുടെ ജന്മദിനം ബിജെപി ആഘോഷിക്കുന്നത് ആ ഒരാഴ്ചയും ഈ ക്യാമ്പയിന്‍ കൊണ്ടുപോകാനാണ് സോഷ്യല്‍ മീഡിയയുടെ തീരുമാനം.

Get real time update about this post categories directly on your device, subscribe now.