പാലക്കാട്: പാലക്കാട് പൊലീസുദ്യോഗസ്ഥര്‍ക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക അക്രമം. വ്യാഴാഴ്ച്ച രാവിലെ പാലക്കാട് കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് അക്രമം അഴിച്ചുവിട്ടത്.
പതിനഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. വി ടി ബലറാം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരുമ്പ് ദണ്ഡും മര കഷ്ണങ്ങളും കൊണ്ടായിരുന്നു അക്രമം. കല്ലേറും നടന്നു.
ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ സിപിഒ ലിജുവിന് മുഖത്ത് കവിളിലും താടിയിലും സാരമായ പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ചില പൊലീസുദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രാഫിക് സ്റ്റേഷനിലെ സിപിഒ സുനിലിന് തോളിനാണ് പരിക്ക്. ടൗണ്‍ സൗത്ത് സ്റ്റേഷനിലെ സിപിഒമാരായ ജഗദീഷ്, റിഷികേശന്‍, റഷീദ്, പ്രദീപ്, എ ആര്‍ ക്യാമ്പിലെ സിപിഒമാരായ സനു, സുരേഷ് കുമാര്‍, പ്രസാദ്, ട്രാഫിക് സ്റ്റേഷനിലെ ഷീബ, പ്രീത എന്നിവര്‍ക്കും പരിക്കേറ്റു.
തുടക്കം മുതല്‍ ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോഴും പൊലീസ് സംയമനം പാലിച്ചു. പിന്നീടാണ് നേരിട്ട് അക്രമത്തിലേക്ക് കടന്നത്.

Get real time update about this post categories directly on your device, subscribe now.