സമരമാകാം, ആളെക്കൂട്ടാനുള്ള മത്സരമരുത്; കോവിഡ് വ്യാപനകാലമാണെന്ന് നേതൃത്വങ്ങള്‍ ഓര്‍ക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം നടത്തുന്നവര്‍ കോവിഡ് വ്യാപനകാലമാണെന്ന് കൂടി ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരങ്ങള്‍ ആവശ്യമായി വരാം, സ്വാഭാവികമാണ് എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നകാര്യം നേതൃത്വങ്ങള്‍ എങ്കിലും ഓര്‍ക്കണം.

പ്രതിഷേധത്തിന്റെ പേരില്‍ ആളെക്കൂട്ടാനുള്ള മത്സരം നടക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ ഒരു തരത്തിലും പാലിക്കുന്നില്ല. നിയമവിരുദ്ധമായ കൂട്ടംകൂടലാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ വേണ്ടിവരും. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടും എപ്പിഡമിക് ഓര്‍ഡിനന്‍സും പ്രാകാരം ഇവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 11 മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് 385 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1131 പേര്‍ അറസ്റ്റിലായി. സമരക്കാര്‍ മാസ്‌ക് ധരിക്കുന്നില്ല. ശാരീരിക അലം പാലിക്കുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 1629 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് ആവശ്യമായ ജാഗ്രത പാലിക്കാതെയാണ് സമരം നടത്തുന്നത്.

ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്. വലിയ കൂട്ടമായി പ്രതിഷേധക്കാര്‍ തള്ളിക്കയറുന്നു. മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ഒരു പ്രവര്‍ത്തനവും ഇക്കാലത്ത് സമൂഹത്തില്‍ നടത്താന്‍ പാടില്ല. ഈ ഘട്ടത്തില്‍ ഇത്തരം സമരരീതികള്‍ നാടിനെതിരായ വെല്ലുവിളിയായി മാത്രമെ കാണാനാവൂ. രോഗവ്യാപന ശ്രമം പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here