യുഎഇ കോൺസുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങൾ മലപ്പുറത്ത് വിതരണം ചെയ്യാൻ നൽകിയതു സംബന്ധിച്ചാണ് മന്ത്രി എൻഐഎക്ക് വിവരങ്ങൾ കൈമാറിയത്. വ്യാഴാഴ്‌ച രാവിലെ ഒമ്പതിന് കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് ആരംഭിച്ച മൊഴിയെടുപ്പ് വൈകീട്ട് 3. 30 ഓടെ പൂർത്തിയായി. അഞ്ചോടെ മന്ത്രി എൻഐഎ ആസ്ഥാനത്തുനിന്ന് മടങ്ങി.
ഡിവൈഎഎസ്‌പി രാധാകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയിൽനിന്ന് മൊഴിയെടുത്തത്. കോൺസുലേറ്റിൽനിന്ന് കൈമാറിയ ഖുറാൻ കോപ്പികൾ വിതരണത്തിന് നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് ആരാഞ്ഞത്. മത ഗ്രന്ഥങ്ങളും റമദാൻ സക്കാത്തും കൈമാറുന്നതിന്റെ ഭാഗമായി കോൺസുലേറ്റുമായി നടത്തിയ ആശയ വിനിമയത്തിന്റെ വിവരങ്ങളും തേടി. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും വിവരം ആരാഞ്ഞില്ല.
ഉച്ചയോടെ തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കി. എന്നാൽ പലഭാഗത്തും പ്രതിഷേധത്തിന്റെ പേരിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതിനാൽ എൻഐഎ ആസ്ഥാനത്തുനിന്ന് മന്ത്രിയുടെ മടക്കം വൈകി. അഞ്ചോടെയാണ് അദ്ദേഹം സ്വകാര്യ വാഹനത്തിൽ പൊലീസ് അകമ്പടിയോടെ പുറത്തേക്ക് പോയത്. എറണാകുളം ഗസ്‌റ്റ്‌ഹൗസിൽ എത്തി വിശ്രമിച്ച ശേഷം മലപ്പുറത്തേക്ക് തിരിച്ചു.
കോൺഗ്രസ്, ബിജെപി നേതൃത്വം നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ഡയറക്‌ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റും വിവരങ്ങൾ തേടിയിരുന്നു. റംസാൻ കാലത്ത് കോൺസുലേറ്റ് ഖുറാൻ കോപ്പികൾ കൈമാറിയതിനെ നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്തുമായി ബന്ധിപ്പിച്ച് അന്വേഷണമാവശ്യപ്പെട്ടാണ് പ്രതിപക്ഷം പരാതി നൽകിയിരുന്നത്. എന്നാൽ കെ ടി ജലീൽ നൽകിയ വിവരങ്ങൾ സാക്ഷിമൊഴിയായി രേഖപ്പെടുത്തിയതോടെ ഇതുമായി ബന്ധപ്പെട്ട കേസുകളിലൊന്നും മന്ത്രി പ്രതിസ്ഥാനത്ത് വരില്ലെന്ന് വ്യക്തമായി.
യഥാർഥ പ്രതികൾക്കെതിരായ തെളിവായി മന്ത്രിയുടെ മൊഴി മാറുകയും ചെയ്യും.
മന്ത്രി എൻഐഎ ആസ്ഥാനത്ത് എത്തിയതിനെതുടർന്ന് യൂത്ത് കോൺഗ്രസും യുവ മോർച്ചയും പുറത്ത് അക്രമ സമരം അഴിച്ചുവിട്ടിരുന്നു. എന്നാൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നതിനാൽ വലിയ സംഘർഷത്തിലേക്ക് നീങ്ങിയില്ല. അക്രമികൾ ഒരു പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തു.
Get real time update about this post categories directly on your device, subscribe now.