മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി രാജിവെച്ചു

ദില്ലി: മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലുകളില്‍ പ്രതിഷേധിച്ചു കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ശിരോമണി അഖാലി ദള്‍ നേതാവായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. പഞ്ചാബില്‍ അടക്കം മോദി സര്‍ക്കാരിന് എതിരെ കര്‍ഷക പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.

മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക വിരുദ്ധ ബില്ലുകളില്‍ പ്രതിഷേധിച്ചാണ് കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത്. അകാലി ദള്‍ അധ്യക്ഷനും ഹര്‍സിമ്രത് കൗറിന്റെ ഭര്‍ത്താവുമായ സുഖ്ബിര്‍ സിങ് ബാദല്‍ മന്ത്രി രാജിവെക്കുമെന്ന കാര്യം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.

ട്വിറ്ററിലൂടെയാണ് ഹര്‍സിമ്രത് രാജി അറിയിച്ചത്. കര്‍ഷകരുടെ മകളായും സഹോദരിയായും ഒപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനമെന്നും ഹര്‍സിമ്രത് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ക്കെതിരെ വോട്ടു ചെയ്യാന്‍ എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലി ദള്‍ തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.

കര്‍ഷകവിരുദ്ധ ബില്ലുകളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ എന്‍.ഡി.എയുമായുള്ള സഖ്യമുപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദലിനോടും സുഖ്ബീര്‍ സിങ് ബാദലിനോടും ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.

കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനെന്ന് അവകാശപ്പെട്ട് കേന്ദ്രം അവതരിപ്പിച്ച ബില്ലുകള്‍ക്കെതിരെ പഞ്ചാബില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. ഇതിന് പുറമെ കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel