മഹാരാഷ്ട്രയില്‍ 5 ദിവസം കൊണ്ട് 1 ലക്ഷം രോഗികള്‍; മുംബൈയില്‍ 144 ഏര്‍പ്പെടുത്തി

കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മുംബൈ പോലീസ്. സെപ്റ്റംബര്‍ 18 അര്‍ദ്ധരാത്രി മുതല്‍ 144 ഏര്‍പ്പെടുത്തുന്നതോടെ യാത്രകള്‍ക്കും ഒത്തു ചേരലുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ലിസ്റ്റുചെയ്ത അടിയന്തിര സേവനങ്ങള്‍ ഒഴികെ ഒന്നിലധികം ആളുകളുടെ കൂടിച്ചേരല്‍ നിരോധിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുനിസിപ്പാലിറ്റി അധികൃതര്‍ ‘കണ്ടെയ്ന്‍മെന്റ് സോണുകള്‍’ എന്ന് നിയുക്തമാക്കിയിട്ടുള്ള പ്രദേശങ്ങളിലാകും നിയമം കര്‍ശനമാക്കുക.

എന്നാല്‍ പുതിയ ഉത്തരവില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. ഇതിന് മുന്‍പ് പുറപ്പെടുവിച്ച ഉത്തരവിന്റെ വിപുലീകരണം മാത്രമാണിതെന്നും പുതിയ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും താക്കറെ അറിയിച്ചു.

മഹാരാഷ്ട്രയില്‍ 24,619 പുതിയ കേസുകള്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 5 ദിവസം കൊണ്ട് 1 ലക്ഷം രോഗികളാണ് വര്‍ദ്ധിച്ചത്. ഇതോടെ ഏറെ പ്രതിസന്ധി നേരിടുന്നത് നഗരത്തിലെ ആശുപത്രികളാണ്. ഐ സി യു കിടക്കളുടെ അഭാവം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടിയിരിക്കയാണ്.

മഹാരാഷ്ട്രയിലെ കോവിഡ് -19 കേസ് വ്യാഴാഴ്ച 11,45,840 ആയി ഉയര്‍ന്നു. 24,619 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 398 രോഗികള്‍ മരണപ്പെട്ടു. സംസ്ഥാനത്ത് മരണസംഖ്യ 31,351 ആയി. വ്യാഴാഴ്ച 19,522 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 8,12,354. നിലവില്‍ 3,01,752 പേരാണ് ചികിത്സയില്‍.

മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍ 15 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഈ മേഖലയില്‍ രോഗബാധിതരുടെ എണ്ണം 2.975 ആയി ഉയര്‍ന്നു. പ്രദേശത്ത് 2,557 രോഗികള്‍ ഇതിനകം സുഖം പ്രാപിച്ചു. 146 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here