മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും വ്യാജവാര്‍ത്ത നിര്‍മിതിയില്‍ പരസ്പരം മത്സരിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: ഒരു വിഭാഗം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിയുടെ വാക്കുകള്‍: യുദ്ധം ആരംഭിച്ചാല്‍ ആദ്യം മരിക്കുന്നത് സത്യമാണെന്ന ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥ മാവുന്നു. ഇവിടെ എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ വിശാല വലതുപക്ഷ അരാജക പ്രക്ഷോഭത്തില്‍ ദിവസേന മരണപ്പെടുന്നത് നേരും നെറിയുമാണ്. ഇതിന്റെ ദൃഷ്ടാന്തമാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെവരെ അസംബന്ധ ആക്ഷേപങ്ങള്‍.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ക്രിമിനല്‍ നടപടിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നത്. തരാതരംപോലെ മന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ത്തുന്നു. എ സി മൊയ്തീന്‍, ഇ പി ജയരാജന്‍ തുടങ്ങിയവര്‍ക്കെല്ലാമെതിരെ തലയും വാലുമില്ലാത്ത ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്.

മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം വ്യാജവാര്‍ത്ത നിര്‍മിതിയില്‍ പരസ്പരം മത്സരിക്കുകയാണ്. ജയരാജനും കുടുംബത്തിനുമെതിരെ കള്ളവാര്‍ത്തയുടെ സ്‌പെഷ്യല്‍ പതിപ്പായിരുന്നു ഒരുദിവസത്തെ മനോരമ പത്രം. ജയരാജന്റെ കുടുംബത്തിനെതിരെ സൃഷ്ടിച്ച ലോക്കര്‍ വിവാദത്തില്‍ മാധ്യമധാര്‍മികതയുടെ നെല്ലിപ്പടിയാണ് കണ്ടത്.

ജയരാജന്റെ മകനെതിരെ മാധ്യമവാര്‍ത്തകള്‍ വരുന്നതിനും മുന്നുനാള്‍ മുമ്പാണ് ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കര്‍ തുറന്നത്. പേരക്കുട്ടികളുടെ പിറന്നാളിന് അവരുടെ മാലയെടുക്കുന്നതിനുവേണ്ടിയാണ് ലോക്കര്‍ തുറന്നത്. എന്നിട്ടാണ് ഇല്ലാത്ത ക്വാറന്റൈന്‍ ലംഘനം എന്ന മനുഷ്യത്വഹീനമായ കെട്ടുകഥ ചമച്ചത്. രാഷ്ട്രീയ ശത്രുക്കള്‍ ഏര്‍പ്പാട് ചെയ്ത വാടകഗുണ്ടകളുടെ തോക്കില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട, വെടിയുണ്ട തുളച്ചിറങ്ങിയതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴും അലട്ടുന്ന ധീരനായ കമ്യൂണിസ്റ്റായ ജയരാജന്റെ പൊതുപ്രവര്‍ത്തനത്തെ വേട്ടയാടാനുള്ള ഹീന നീക്കമായിരുന്നു ഈ കള്ളവാര്‍ത്തയ്ക്കു പിന്നില്‍.

ഇതിന് തുടര്‍ച്ചയായി സിപിഐ എം നേതൃത്വത്തെ താഴ്ത്തിക്കെട്ടാന്‍വേണ്ടി പാര്‍ടി നേതാക്കള്‍ തമ്മില്‍ ഭിന്നതയെന്ന് വരുത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് മറ്റൊരു നുണവാര്‍ത്ത പരത്തി. ‘ഇ പി ജയരാജന്‍ പാര്‍ടിക്ക് പരാതി കൊടുക്കും, കോടിയേരി-ഇ പി തര്‍ക്കം രൂക്ഷമായേക്കും, പൊളിറ്റ്ബ്യൂറോയ്ക്ക് മുന്നില്‍വരെ പ്രശ്‌നമെത്തും’ എന്നിത്യാദി സങ്കല്‍പ്പലോകത്തെ കണ്ടെത്തലുകളാണ് വാര്‍ത്തയുടെ ലേബലില്‍ പുറത്തുവിട്ടത്. കമ്യൂണിസ്റ്റ് വിരോധം മൂത്താല്‍ ഒരു ചാനല്‍ എവിടെവരെയെത്തും എന്നതിന് തെളിവായിരുന്നു ഇത്. ഈ അസംബന്ധ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയാനുള്ള മാന്യതപോലും ഇതുവരെ ആ ചാനല്‍ കാണിച്ചിട്ടില്ല.

എന്റെ മകന്‍ ബിനീഷിനെ കേന്ദ്ര ഏജന്‍സി ഇതിനിടെ ചോദ്യം ചെയ്തിരുന്നു. ഏതെങ്കിലും കാര്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എന്ത് ശിക്ഷയും നല്‍കട്ടെ. തന്റെ നിരപരാധിത്വം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തെളിയിക്കാനാണ് മകന്‍ ശ്രമിച്ചത്. കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫിനെയോ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഭരണാധികാരികളോ പാര്‍ടി നേതാക്കളോ സമാധാനം പറയണം, സ്ഥാനമൊഴിയണം എന്നെല്ലാമുള്ള പ്രതിപക്ഷവാദം പ്രതിപക്ഷത്തെത്തന്നെ തിരിഞ്ഞുകുത്തുന്നതാണ്.

റോബര്‍ട്ട് വാധ്രയെ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ 13 തവണയാണ് ചോദ്യം ചെയ്തത്. വാധ്രയുടെ ഭാര്യ പ്രിയങ്കഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയാണ്. അളിയന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനാണ്. ഭാര്യാമാതാവാകട്ടെ എഐസിസി പ്രസിഡന്റായ സോണിയഗാന്ധിയുമാണ്.

കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും കള്ളപ്പണക്കേസില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്ത യെദ്യൂരപ്പയാണ് കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്നത്. മോഡിയെയും അമിത് ഷായെയും നിരവധി കേന്ദ്ര ഏജന്‍സികളാണ് ചോദ്യം ചെയ്തിട്ടുള്ളത്. അവരുമായി ബന്ധപ്പെട്ട് കേസുകളുമുണ്ടായി.

മുന്‍ കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ ഡല്‍ഹിയിലെ വസതിയില്‍ മതില്‍ ചാടിക്കടന്നാണ് ഇഡി ചോദ്യം ചെയ്തത്. കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ അടച്ച ചിദംബരത്തെ കോണ്‍ഗ്രസിന്റെ 21 അംഗ പ്രവര്‍ത്തകസമിതിയില്‍ ഇപ്പോള്‍ അംഗമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എം നേതൃത്വത്തിനുമെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാജി ആവശ്യവും നിലപാടും ഇരട്ടത്താപ്പും അസംബന്ധവുമാണ്. ഇതെല്ലാം മനസ്സിലാക്കാനുള്ള വിവേകം പ്രബുദ്ധ കേരളത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel