നടക്കുന്നത് ഖുറാന്‍ വിരുദ്ധ പ്രക്ഷോഭം; അവഹേളനം ഖുറാനോടോയെന്ന് പ്രതിപക്ഷത്തോട് കോടിയേരി; മാധ്യമങ്ങള്‍ കെട്ടുകഥകള്‍ക്കുള്ള വളം ഫാക്ടറികള്‍

സംസ്ഥാനത്ത് നടക്കുന്നത് ഖുറാന്‍ വിരുദ്ധ പ്രക്ഷോഭമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമങ്ങള്‍ കെട്ടുകഥകള്‍ക്കുള്ള വളം ഫാക്ടറികളെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു.

കോടിയേരി പറയുന്നു: 

അപസര്‍പ്പകഥയെ വെല്ലുന്ന കെട്ടുകഥകള്‍ ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുകയാണ്. ഇതിനുള്ള വളം ഫാക്ടറികളായി ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അധഃപതിച്ചിരിക്കുകയാണ്. കേരളം ആര്‍ജ്ജിച്ച പുരോഗമനാത്മകമായ ഇടം വല്ലാതെ ക്ഷയിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് അരങ്ങു തകര്‍ക്കുന്നത്. നാലേകാല്‍ വര്‍ഷംമുമ്പ് ജനങ്ങള്‍ അധികാരമേറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിന് വര്‍ധിച്ച ജനപിന്തുണയുണ്ടായതിനാല്‍ തുടര്‍ഭരണമുണ്ടാകുമെന്ന തിരിച്ചറിവ് ശത്രുപക്ഷത്തിനുണ്ടായി. അതിനാല്‍ ജനമനസ്സ് മാറ്റാനുള്ള ഭ്രാന്തമായ പ്രതിപക്ഷ മാധ്യമ ഇളകിയാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കുന്നതില്‍ റെക്കോഡിട്ട പിണറായി വിജയന്‍ സര്‍ക്കാര്‍ കോവിഡ് പടരുന്ന കാലത്തും നാടിന്റെ വികസനത്തിനും ജനങ്ങളുടെ സാമൂഹ്യ സുരക്ഷിതത്വത്തിനുംവേണ്ടി നൂറുദിന കര്‍മപരിപാടി നടപ്പാക്കുന്നു. അത് ഗുണപരമായി നാടിന് അനുഭവപ്പെടുന്നതാണ്. ഇക്കാര്യം ജനമനസ്സില്‍നിന്ന് മാറ്റിമറിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെയുള്ള അപവാദ വ്യവസായം. ഇതിനുപിന്നില്‍ വന്‍രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിമോചന സമരകാലത്തേക്കാള്‍ വിപുലമായ ശക്തികള്‍ തിരശ്ശീലയ്ക്കുള്ളിലുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന 100 പദ്ധതിക്ക് ബദലായി നൂറുദിന അക്രമവും കള്ളക്കഥകളുമാണ് കോണ്‍ഗ്രസ് -ബിജെപി-മുസ്ലിംലീഗ് പ്രതിപക്ഷം പയറ്റുന്നത്. ഈ വലതുപക്ഷ അവസരവാദ രാഷ്ട്രീയക്കാരുടെ മേച്ചില്‍പ്പുറങ്ങളായി ടിവി സ്‌ക്രീനും പത്രത്താളുകളും ‘മാ’ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ പാട്ടത്തിന് കൊടുത്തിരിക്കുന്നു. ഇതിലൂടെ വികസനം തടയുക, നാട്ടില്‍ അരാജകത്വവും കലാപവും സൃഷ്ടിക്കുക, ക്രമസമാധാനം തകര്‍ക്കുക എന്നതെല്ലാമാണ് നടപ്പാക്കുന്നത്. ഇതിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സല്‍പ്പേര് കോവിഡ് കാലത്ത് ഇല്ലാതാക്കാമെന്ന പ്രതിപക്ഷത്തിന്റെയും അവരുടെ മൂടുതാങ്ങികളായ മാധ്യമങ്ങളുടെയും മോഹം കല്ലിലടിച്ച പൂക്കുലപോലെ ചിതറും. അത് ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവരില്ല.

സംസ്ഥാന ഭരണത്തോടുള്ള പ്രതിപക്ഷ അസഹിഷ്ണുത

കേരളപ്പിറവിക്കുശേഷം ജനങ്ങള്‍ തെരഞ്ഞെടുത്ത ഇ എം എസ് സര്‍ക്കാരിനെ വാഴിക്കാന്‍ വലതുപക്ഷ ശക്തികള്‍ സമ്മതിച്ചിരുന്നില്ല. അന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടംകോലിടല്‍വരെയുണ്ടായി. ആ സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടുംമുമ്പ് സന്യാസിതുല്യ ജീവിതം നയിച്ച കമ്യൂണിസ്റ്റ് നേതാവായ അന്നത്തെ ഭക്ഷ്യമന്ത്രി കെ സി ജോര്‍ജ്ജിനെ അരിക്കള്ളന്‍ എന്ന് മുദ്രകുത്തി. ഇടതുപക്ഷ നേതൃഭരണം ഇല്ലാതാക്കാന്‍ പിന്നീടുള്ള കാലങ്ങളിലും കള്ളക്കഥകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും വ്യാജവാര്‍ത്തകളുടെ സുനാമി തിരമാലകള്‍ ഇന്നത്തെപ്പോലെ ഒരുകാലത്തും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തെവരെ കരിതേയ്ക്കാനുള്ള മനഃസ്സാക്ഷിക്കുത്തില്ലായ്മയും മാന്യതയില്ലായ്മയിലുമാണ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും. ലവലേശം അഴിമതിയില്ലാത്ത ഭരണം നയിക്കുന്ന സംശുദ്ധ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഭരണം അഴിമതിക്ക് എന്നതായിരുന്നു മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ തെളിയിച്ചത്. അഴിമതിവിരുദ്ധഭരണം നടത്തി ജനഹൃദയങ്ങളില്‍ യശസ്സ് പരത്തിയതിലുള്ള അമര്‍ഷവും അസഹിഷ്ണുതയുമാണ് മുഖ്യമന്ത്രിയോട് വലതുപക്ഷ പ്രതിപക്ഷം കാണിക്കുന്നത്.

ഇത് ജനാധിപത്യ സമരമല്ല, സമരാഭാസം

സര്‍ക്കാരിനെ ഇകഴ്ത്താന്‍വേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുര്‍ആനെപ്പോലും രാഷ്ട്രീയ കള്ളക്കളിക്കുള്ള ആയുധമാക്കുന്നു ഇക്കൂട്ടര്‍. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് റമദാന്‍ കിറ്റും ഖുര്‍ആനും കോണ്‍സുലേറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം നാട്ടില്‍ കൊടുക്കാനായി വാങ്ങിയതിന് മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമര മത്സരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും. അതിനുവേണ്ടി കോവിഡ് നിയന്ത്രണ വ്യവസ്ഥകള്‍പോലും കാറ്റില്‍ പറത്തുന്നു. മന്ത്രിയെ അപായപ്പെടുത്താന്‍വരെ അരാജക സമരക്കാര്‍ ശ്രമിച്ചു. അതിനുവേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോള്‍ റോഡിന് നടുവില്‍ മറ്റൊരു വാഹനമിട്ട് വന്‍ അപകടമുണ്ടാക്കാന്‍ നോക്കി. ഇത്തരം മുറകള്‍ കവര്‍ച്ചസംഘക്കാര്‍മാത്രം ചെയ്യുന്നതാണ്. ഇത് ജനാധിപത്യ സമരമല്ല, സമരാഭാസമാണ്.

2020 മാര്‍ച്ച് 4ന് യുഎഇയില്‍നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വിലാസത്തിലെത്തിയ ബാഗേജിലെ പായ്ക്കറ്റുകളാണ് മെയ് 27ന് കൈമാറിയത്. സി ആപ്റ്റിന്റെ വാഹനം മലപ്പുറത്തേക്ക് പോയപ്പോള്‍ അതില്‍ കയറ്റി എടപ്പാള്‍, ആലത്തിയൂര്‍ എന്നിവിടങ്ങളില്‍ എത്തിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. യുഡിഎഫ് കണ്‍വീനറും ബിജെപി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തത്.

ഈ വിഷയത്തില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ഖുര്‍ആന്‍ ഒരു നിരോധിത മതഗ്രന്ഥമാണോ? ഇന്ത്യയില്‍ മോഡി ഭരണമുള്ളതുകൊണ്ട് റമദാന്‍ കിറ്റും ഖുര്‍ആന്‍ വിതരണവും രാജ്യദ്രോഹമാണെന്ന് സര്‍ക്കാര്‍ കല്‍പ്പനയുണ്ടായിട്ടുണ്ടോ? കോടാനുകോടി വിശ്വാസികളായ മുസ്ലിങ്ങള്‍ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുര്‍ആനോട് ആര്‍എസ്എസിനും ബിജെപിക്കുമുള്ള വിരോധം മറയില്ലാത്തതാണ്. മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ഉന്‍മൂലനം ചെയ്യാന്‍ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഈ ഹിന്ദുത്വ നയത്തിനൊത്ത് പ്രവര്‍ത്തിക്കുന്നതാണ് മോഡി സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ആ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികളെ ഏത് ഘട്ടത്തിലും രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നതിന് ഒരുമടിയും മോഡി സര്‍ക്കാരിനില്ല എന്നത് ഇതിനകം തെളിയിച്ചിട്ടുള്ളതാണ്.

പക്ഷേ, ഖുര്‍ആനോട് ആര്‍എസ്എസിനെപ്പോലെ ഒരു അലര്‍ജി മുസ്ലിംലീഗിനും കോണ്‍ഗ്രസിനും എന്തിനാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മൂന്നാമത്തെ പുത്രന്‍ ഔറംഗസീബ് രണ്ട് സഹോദരന്‍മാരെ കൊലപ്പെടുത്തുകയും മൂന്നാമനെ കാരാഗൃഹത്തിലാക്കുകയും സ്വന്തം പിതാവിനെ ആഗ്ര കോട്ടയില്‍ തടവിലിടുകയും ചെയ്തു. അത് സ്വന്തം ശിരസ്സില്‍ രാജകിരീടം അണിയാനും കൈയില്‍ ചെങ്കോലേന്താനും വേണ്ടിയായിരുന്നു. കിരീടം അല്ലെങ്കില്‍ ശവകുടീരം എന്ന ഔറംഗസീബിന്റെ മുദ്രാവാക്യം ഇവിടത്തെ മുസ്ലിംലീഗ് നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. വരുന്ന അഞ്ച് വര്‍ഷവും അധികാരത്തില്‍നിന്ന് പുറത്തായാല്‍ ഉണ്ടാകുന്ന മനോവിഭ്രാന്തിയില്‍ ഖുര്‍ആന്‍വിരുദ്ധ ആര്‍എസ്എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്ലിംലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും മത്സരിച്ച് ഒപ്പമുണ്ടുതാനും.

അവിശുദ്ധ സഖ്യമുണ്ടാക്കാന്‍ മുസ്ലിംലീഗ്

അധികാരമോഹത്താല്‍ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംലീഗ് നേതൃത്വം എത്തിയിരിക്കുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ബിജെപി ശത്രുവല്ല, സിപിഐ എം ആണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാന്‍ മുസ്ലിംലീഗ്തന്നെ മുന്നിട്ടിറങ്ങും എന്നതിന്റെ വിളംബരമാണ് ഇത്.

കെ ടി ജലീലിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ആന്‍വിരുദ്ധ യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങുമെന്നത് നിസ്തര്‍ക്കം. സ്വര്‍ണക്കടത്തിന്റെ പേര് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തുന്ന അരാജകസമരത്തിന്റെ അര്‍ഥശൂന്യത കേരളീയര്‍ മനസ്സിലാക്കുന്നുണ്ട്. ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ്. ഖുര്‍ആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണ്. മുഖ്യമന്ത്രിയായിരിക്കെ നായനാര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വത്തിക്കാനില്‍ കണ്ടപ്പോള്‍ സമ്മാനിച്ചത് ഭഗവത് ഗീതയാണ്. ആ കൂടിക്കാഴ്ചയില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനുമുണ്ടായിരുന്നു. കമ്യൂണിസ്റ്റായ നായനാര്‍ പോപ്പിന് ഗീത സമ്മാനിച്ചത് വലിയ വിവാദമാക്കാന്‍ നോക്കിയിരുന്നു. എന്നാല്‍, ഗീതയും ബൈബിളും ഖുര്‍ആനുമൊക്കെ ഓരോ കാലഘട്ടത്തിലെ വിലപ്പെട്ട സംഭാവനകളാണെന്നും ഇന്ത്യയില്‍നിന്ന് വത്തിക്കാനിലെത്തിയ താന്‍ പോപ്പിന് ഗീത നല്‍കിയതില്‍ അപാകമില്ലെന്നും നായനാര്‍ മറുപടി നല്‍കി.

ഒരു മതവിശ്വാസിയുടെ മതഗ്രന്ഥത്തെ ചുട്ടുകരിക്കുന്ന മതഭ്രാന്തിനെ നഖശിഖാന്തം എതിര്‍ക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. അതുകൊണ്ടാണ് ബൈബിള്‍ സന്ദേശം സ്വീകരിച്ച് ഒഡീഷയില്‍ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച വിദേശ മിഷണറി ഗ്രഹാം സ്റ്റെയിനിനെയും പിഞ്ചുകുഞ്ഞുങ്ങളെയും ചുട്ടുകൊന്ന കാവിഭീകരതയെ കമ്യൂണിസ്റ്റുകാര്‍ നെഞ്ചുവിരിച്ച് എതിര്‍ത്തത്. ഗാന്ധിജിയുടെ ഇന്ത്യയെ മോഡിയുടെ ഗുജറാത്താക്കാന്‍ വര്‍ഗീയ ഫാസിസത്തിന്റെ വിഷാണുക്കള്‍ വ്യാപിപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ അതിന് കൂട്ടുനില്‍ക്കുകയാണ് ഇവിടത്തെ യുഡിഎഫ്. ജലീലിനെ താറടിക്കാന്‍ മുസ്ലിംലീഗും കോണ്‍ഗ്രസും ആര്‍എസ്എസ് അജന്‍ഡയുടെ വക്താക്കളായിരിക്കുകയാണ്. അതുകൊണ്ടാണ് ഖുര്‍ആനെപ്പോലും തള്ളിപ്പറയുന്ന ദുഷ്ടരാഷ്ട്രീയത്തില്‍ എത്തിയിരിക്കുന്നത്.

യുദ്ധം ആരംഭിച്ചാല്‍ ആദ്യം മരിക്കുന്നത് സത്യമാണ്. ഇവിടെ എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ വിശാല വലതുപക്ഷ അരാജക പ്രക്ഷോഭത്തില്‍ ദിവസേന മരണപ്പെടുന്നത് നേരും നെറിയുമാണ്. ഇതിന്റെ ദൃഷ്ടാന്തമാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെവരെ അസംബന്ധ ആക്ഷേപങ്ങള്‍. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ക്രിമിനല്‍ നടപടിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നത്. തരാതരംപോലെ മന്ത്രിമാര്‍ക്കെതിരെയും ആക്ഷേപം ഉയര്‍ത്തുന്നു. എ സി മൊയ്തീന്‍, ഇ പി ജയരാജന്‍ തുടങ്ങിയവര്‍ക്കെല്ലാമെതിരെ തലയും വാലുമില്ലാത്ത ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം വ്യാജവാര്‍ത്ത നിര്‍മിതിയില്‍ പരസ്പരം മത്സരിക്കുകയാണ്. ജയരാജനും കുടുംബത്തിനുമെതിരെ കള്ളവാര്‍ത്തയുടെ സ്‌പെഷ്യല്‍ പതിപ്പായിരുന്നു ഒരുദിവസത്തെ മനോരമ പത്രം. ജയരാജന്റെ കുടുംബത്തിനെതിരെ സൃഷ്ടിച്ച ലോക്കര്‍ വിവാദത്തില്‍ മാധ്യമധാര്‍മികതയുടെ നെല്ലിപ്പടിയാണ് കണ്ടത്. ജയരാജന്റെ മകനെതിരെ മാധ്യമവാര്‍ത്തകള്‍ വരുന്നതിനും മുന്നുനാള്‍ മുമ്പാണ് ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കര്‍ തുറന്നത്. പേരക്കുട്ടികളുടെ പിറന്നാളിന് അവരുടെ മാലയെടുക്കുന്നതിനുവേണ്ടിയാണ് ലോക്കര്‍ തുറന്നത്. എന്നിട്ടാണ് ഇല്ലാത്ത ക്വാറന്റൈന്‍ ലംഘനം എന്ന മനുഷ്യത്വഹീനമായ കെട്ടുകഥ ചമച്ചത്. രാഷ്ട്രീയ ശത്രുക്കള്‍ ഏര്‍പ്പാട് ചെയ്ത വാടകഗുണ്ടകളുടെ തോക്കില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട, വെടിയുണ്ട തുളച്ചിറങ്ങിയതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴും അലട്ടുന്ന ധീരനായ കമ്യൂണിസ്റ്റായ ജയരാജന്റെ പൊതുപ്രവര്‍ത്തനത്തെ വേട്ടയാടാനുള്ള ഹീന നീക്കമായിരുന്നു ഈ കള്ളവാര്‍ത്തയ്ക്കു പിന്നില്‍.

അസംബന്ധ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമെന്ത്

ഇതിന് തുടര്‍ച്ചയായി സിപിഐ എം നേതൃത്വത്തെ താഴ്ത്തിക്കെട്ടാന്‍വേണ്ടി പാര്‍ടി നേതാക്കള്‍ തമ്മില്‍ ഭിന്നതയെന്ന് വരുത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് മറ്റൊരു നുണവാര്‍ത്ത പരത്തി. ‘ഇ പി ജയരാജന്‍ പാര്‍ടിക്ക് പരാതി കൊടുക്കും, കോടിയേരി-ഇ പി തര്‍ക്കം രൂക്ഷമായേക്കും, പൊളിറ്റ്ബ്യൂറോയ്ക്ക് മുന്നില്‍വരെ പ്രശ്‌നമെത്തും’ എന്നിത്യാദി സങ്കല്‍പ്പലോകത്തെ കണ്ടെത്തലുകളാണ് വാര്‍ത്തയുടെ ലേബലില്‍ പുറത്തുവിട്ടത്. കമ്യൂണിസ്റ്റ് വിരോധം മൂത്താല്‍ ഒരു ചാനല്‍ എവിടെവരെയെത്തും എന്നതിന് തെളിവായിരുന്നു ഇത്. ഈ അസംബന്ധ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയാനുള്ള മാന്യതപോലും ഇതുവരെ ആ ചാനല്‍ കാണിച്ചിട്ടില്ല. എന്റെ മകന്‍ ബിനീഷിനെ കേന്ദ്ര ഏജന്‍സി ഇതിനിടെ ചോദ്യം ചെയ്തിരുന്നു. ഏതെങ്കിലും കാര്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എന്ത് ശിക്ഷയും നല്‍കട്ടെ. തന്റെ നിരപരാധിത്വം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തെളിയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫിനെയോ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഭരണാധികാരികളോ പാര്‍ടി നേതാക്കളോ സമാധാനം പറയണം, സ്ഥാനമൊഴിയണം എന്നെല്ലാമുള്ള പ്രതിപക്ഷവാദം പ്രതിപക്ഷത്തെത്തന്നെ തിരിഞ്ഞുകുത്തുന്നതാണ്.

റോബര്‍ട്ട് വാധ്രയെ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ 13 തവണയാണ് ചോദ്യം ചെയ്തത്. വാധ്രയുടെ ഭാര്യ പ്രിയങ്കഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയാണ്. അളിയന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനാണ്. ഭാര്യാമാതാവാകട്ടെ എഐസിസി പ്രസിഡന്റായ സോണിയഗാന്ധിയുമാണ്. കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും കള്ളപ്പണക്കേസില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്ത യെദ്യൂരപ്പയാണ് കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്നത്. മോഡിയെയും അമിത് ഷായെയും നിരവധി കേന്ദ്ര ഏജന്‍സികളാണ് ചോദ്യം ചെയ്തിട്ടുള്ളത്. അവരുമായി ബന്ധപ്പെട്ട് കേസുകളുമുണ്ടായി. മുന്‍ കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ ഡല്‍ഹിയിലെ വസതിയില്‍ മതില്‍ ചാടിക്കടന്നാണ് ഇഡി ചോദ്യം ചെയ്തത്. കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ അടച്ച ചിദംബരത്തെ കോണ്‍ഗ്രസിന്റെ 21 അംഗ പ്രവര്‍ത്തകസമിതിയില്‍ ഇപ്പോള്‍ അംഗമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എം നേതൃത്വത്തിനുമെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാജി ആവശ്യവും നിലപാടും ഇരട്ടത്താപ്പും അസംബന്ധവുമാണ്. ഇതെല്ലാം മനസ്സിലാക്കാനുള്ള വിവേകം പ്രബുദ്ധ കേരളത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News