കാല് കാണിക്കുന്ന പടം ഇടുന്നില്ലേ? ചോദിച്ച സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്

സോഷ്യല്‍മീഡിയയിലെ സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിട്ട അനശ്വര രാജന് പിന്തുണയുമായി പ്രമുഖ നായികമാരെല്ലാം കാല് കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ കാല് കാണിക്കുന്ന ചിത്രം ഇടുന്നില്ലേ എന്ന് ചോദിച്ചവര്‍ക്ക് മനോഹരമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

അശ്വതി പറയുന്നു: ഇന്ന് ഇന്‍ബോക്‌സിലും കമെന്റ് ബോക്‌സിലും ഏറ്റവും കൂടുതല്‍ വന്ന മെസ്സേജ് കാല് കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്… എന്തൊരാകാംഷ ??
അലമാരയില്‍ ഇഷ്ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട്.
ഒന്നും പക്ഷെ നമ്മുടെ നാട്ടില്‍ അല്ലാരുന്നു എന്ന് മാത്രം.
തുറിച്ച് നോട്ടവും വെര്‍ബല്‍ റേപ്പും ഇല്ലാത്ത നാടുകളില്‍…
ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളില്‍….
വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളില്‍….
കുറഞ്ഞ വസ്ത്രം ബലാല്‍സംഗത്തിനു ന്യായീകരണമാവാത്ത നാടുകളില്‍…
മഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനല്‍ ചൂടില്‍ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളില്‍…
ഷോര്‍ട് ഇട്ട മകളെ കണ്ടാല്‍ കുടുംബത്തിന്റെ അഭിമാനം തകര്‍ന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളില്‍…
വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോര്‍ത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളില്‍…
കണ്ട് നിറഞ്ഞവരുടെ നാടുകളില്‍…!
അത് സായിപ്പിന്റെ നാട് മാത്രമല്ല.
വേറെയും ഒരുപാട് നാടുകള്‍ ഉണ്ട് ഭൂപടത്തില്‍. അവിടെയും കുടുംബങ്ങളുണ്ട്. കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങള്‍ ഉണ്ട്. മൂല്യങ്ങള്‍ ഉണ്ട്.
എന്നാപ്പിന്നെ അവിടെ പോയങ്ങ് ജീവിച്ചാല്‍ പോരേ എന്നാണെങ്കില്‍ ‘സൗകര്യമില്ല’ എന്ന് മറുപടി (ചുള്ളിക്കാട്.jpg)
എന്നാപ്പിന്നെ ആ ഫോട്ടോ അങ്ങ് പോസ്റ്റരുതോ എന്നാണേല്‍ കമെന്റ് ബോക്‌സിലെ ചെളി വരാന്‍ പറ്റിയ മൂഡ് അല്ലാത്തോണ്ട് ‘തല്ക്കാലം’ ഫോട്ടോ ഇടുന്നില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here