കേന്ദ്രത്തെയും വി മുരളീധരനെയും പ്രതിക്കൂട്ടിലാക്കി എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ വലിയ തോതില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയതില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് ആദ്യമായി എന്‍.ഐ.എ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇക്കാര്യം നാം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പങ്കുമില്ലെന്ന് വാദിക്കുകയാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചെയ്തുകൊണ്ടിരുന്നത്.

പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ അപേക്ഷിച്ചുകൊണ്ട് എന്‍.ഐ.എ ഇന്ന് എറണാകുളം എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടിലെ 9-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു: ഈ കുറ്റകൃത്യത്തിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുന്നതിന് വിദേശത്ത് അന്വേഷണം നടത്തേണ്ടതുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉന്നത പദവിയിലുള്ള വ്യക്തികള്‍ക്കെതിരെയും അന്വേഷണം നടത്തേണ്ടതുണ്ട്.

കോണ്‍സുലേറ്റിന് ഇതിലുള്ള പങ്ക് തുടക്കം മുതലേ വ്യക്തമായിരുന്നു. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ ആ ഭാഗത്തേക്ക് നോക്കിയതേയില്ല. കള്ളക്കടത്തിന്‍റെ പങ്ക് പറ്റിയെന്ന് സംശയിക്കുന്ന അറ്റാഷെ ഇതിനിടയില്‍ രാജ്യം വിടുകയും ചെയ്തു. അപ്പോഴാണ് മുരളീധരന്‍ പറഞ്ഞത്, അറ്റാഷെ സംശയത്തിന്‍റെ നിഴലില്‍ പോലും അല്ലെന്ന്.

റിമാന്‍ഡ് റിപ്പോര്‍ട്ടിലെ അഞ്ചാമത്തെ ഖണ്ഡിക വ്യക്തമാക്കുന്നത് പ്രധാന പ്രതി ഫൈസല്‍ ഫരീദ് ഉള്‍പ്പെടെ നാലു പേര്‍ യു.എ.ഇയില്‍ ആണെന്നും അവര്‍ ഒളിവിലാണെന്നുമാണ്. ഈ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിന് ഇന്‍റര്‍പോളുമായി ബന്ധപ്പെട്ട് ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും കോടതിയെ എന്‍.ഐ.എ അറിയിക്കുന്നു.

ഇതില്‍ നിന്ന് വ്യക്തിമാകുന്നത് ഫൈസല്‍ ഫരീദിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ദുബായിയില്‍ പോയിട്ടും എന്‍.ഐ.എക്ക് ഫൈസല്‍ ഫരീദിനെ കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പ്രതികള്‍ ഒളിവിലാണെന്ന് എന്‍.ഐ.എക്ക് പറയേണ്ടി വന്നത്.

ഒളിവിലാണെന്ന് എന്‍.ഐ.എ പറയുന്ന ഫൈസല്‍ ഫരീദ് സുഖമായി ദുബായിയില്‍ കഴിയുന്നുണ്ട്. അയാള്‍ ഇട്യ്ക്ക് ടിവി ചാനലുകള്‍ക്ക് അഭിമുഖവും കൊടുക്കുന്നു. പക്ഷേ, എന്‍.ഐ.എയെ സംബന്ധിച്ച് ഈ മുഖ്യപ്രതി കാണാമറയത്താണ്.

റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന മറ്റൊരു കാര്യം യു.എ.ഇയിലുള്ള പ്രതികളെ ഇന്ത്യയിലേക്ക് നിയമപ്രകാരം കൊണ്ടുവരുന്നതിന് ഒരു നടപടിയും അന്വേഷണ ഏജന്‍സിയോ കേന്ദ്രസര്‍ക്കാരോ ചെയ്തിട്ടില്ല എന്നാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ബ്ലൂ നോട്ടീസിന്‍റെ ഉപയോഗം ഇന്‍റര്‍പോളിനെ ഉപയോഗിച്ച് ഈ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാം എന്നതുമാത്രമാണ്.

അവിടെയുള്ള പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. കുറ്റവാളികളെ കൈമാറുന്നതിന് യു.എ.ഇയും ഇന്ത്യയും തമ്മില്‍ കരാറുണ്ട്. പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിലാണ് ഈ കരാര്‍ ഒപ്പിട്ടത്. എന്നിട്ടും പ്രതികളെ കൊണ്ടുവരാന്‍ നടപടിയെടുക്കാത്തത് ദുരൂഹമാണ്.

സ്വര്‍ണം വിദേശത്തുനിന്ന് അയച്ചവരെയും ഇവിടെ അതിന്‍റ ഗുണഭോക്താകളായവരെയും കണ്ടുപിടിക്കണമെന്ന് തുടക്കം മുതലേ നാം പറയുന്നുണ്ട്. എന്നാല്‍, ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും സ്വര്‍ണം എവിടേക്കാണ് പോയതെന്ന് അന്വേഷിച്ചിട്ടില്ല. ഈ വസ്തുത ശരിവെക്കുന്നതാണ് ഇന്നത്തെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പത്താം ഖണ്ഡികയില്‍ പറയുന്നത് കള്ളക്കടത്ത് സ്വര്‍ണത്തിന്‍റെ ഉപയോക്തക്കളെയും ഗുണഭോക്താക്കളെയും കണ്ടെത്തേണ്ടതുണ്ട് എന്നാണ്. അതിനര്‍ത്ഥം ഇന്നുവരെ അന്വേഷണം ആ വഴിക്ക് നീങ്ങിയിട്ടില്ല എന്നാണ്.

നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് സമ്മതിക്കാത്ത ഒരാളെയുള്ളൂ ഈ രാജ്യത്ത്. അത് കേന്ദ്രമന്ത്രി വി. മുരളീധരനാണ്. ഇന്ന് കോടതിയില്‍ എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നയതന്ത്ര ബാഗേജ് വഴിയാണ് (through diplomatic baggage) എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ആവര്‍ത്തിക്കുന്നുണ്ട് (ഖണ്ഡിക 8).

ചുരുക്കത്തില്‍ എന്‍.ഐ.എ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വി. മുരളീധരന്‍റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയം പ്രചാരണവും വാദങ്ങളും തള്ളിക്കളയുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News