രാജ്യത്തെ ഏറ്റവും മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസറെന്ന പുരസ്‌കാരം ഇത്തവണ ഷിനിത്തിന്

സാമൂഹ്യസേവനം ജീവിതത്തിന്റെ ഭാഗമാക്കിയ യുവ അധ്യാപകനാണ് ഷിനിത്ത് പാട്യം..കണ്ണൂര്‍ വെങ്ങാട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവര്‍ന്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ഷിനിത്ത് പാട്യമാണ് വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകുന്നത്.രാജ്യത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറെന്ന പുരസ്‌കാരം ഇത്തവണ ഷിനിത്ത് മാഷിനെ തേടിയെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് രാജ്യത്തിന് തന്നെ മാതൃകയായ ഒരു സ്‌കൂളുണ്ട്.വെങ്ങാട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.സാമൂഹ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച വച്ച ഈ സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് ഇത്തവണ രാജ്യത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഷിനിത്ത് പാട്യം എന്ന പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത് രാജ്യത്തെ മികച്ച പ്രോഗ്രാം ഓഫീസറെന്ന പുരസ്‌കാരവും ഈ യുവ അധ്യാപകനെ തേടിയെത്തി.

ഷിനിത്ത് മാഷിന്റെ നേതൃത്വത്തില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ സര്‍വ്വ തലങ്ങളിലും സേവനം എത്തിച്ചു.വീട് ഇല്ലാത്തവര്‍ക്ക് വീട് വച്ച് നല്‍കി.ഗിരി ദീപം എന്ന പേരില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് സഹായം എത്തിച്ചു.കിടപ്പിലായ രോഗികളെ ശുശ്രൂഷിച്ചു.മാങ്ങാട്ടിടം പഞ്ചായത്തിലെ ഇന്ദിര ആവാസ് കോളനിയും വെങ്ങാട് പഞ്ചായത്തിലെ ഊര്‍പള്ളിയും മാതൃക ഗ്രാമങ്ങള്‍ ആക്കുന്നതിനായി ദത്തെടുത്തു.

ആയിരത്തിലധികം പുസ്തകങ്ങള്‍ സമാഹരിച്ച് ഊര്‍പ്പള്ളിയില്‍ വായനശാല സജ്ജീകരിച്ചു.കൃഷി,മാലിന്യ സംസ്‌കരണം, ബ്ലഡ് ബാങ്ക് ഡയറക്ടറി,വിശക്കുന്നവര്‍ക്ക് പൊതിച്ചോര്‍,മെഡിക്കല്‍ ക്യാമ്പ് ഇങ്ങനെ നീളുന്നു സേവനങ്ങള്‍.രാജ്യത്ത് ആദ്യമായി ഒരു സിനിമ എടുത്തു എന്ന നേട്ടവും ഈ സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന് സ്വന്തം.

സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും മികച്ച പിന്തുണയാണ് ഷിനിത്തിനും എന്‍ എസ് എസ് യൂണിറ്റിനും നല്‍കുന്നത്.പ്രിന്‍സിപ്പല്‍ കെ പി ഇബ്രാഹിമും നേട്ടങ്ങള്‍ കൈവരിക്കാന്‍ നേതൃത്വമായി മുന്നിലുണ്ട്.

രാജ്യത്ത് പത്ത് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസരമാര്‍ക്കാണ് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചത്.കേരളത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹനായ ഏക പ്രോഗ്രാം ഓഫീസറാണ് ഷിനിത്ത് പാട്യം.

സ്‌കൂളില്‍ മാത്രമല്ല നാട്ടിലും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവമാണ് പാട്യം മുതിയങ്ങ സ്വദേശിയായ ഷിനിത്ത് പാട്യം എന്ന അധ്യാപകന്‍..ഈ മാസം 24 ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ അത് കേരളത്തിനും കൂടി അഭിമാന മുഹൂര്‍ത്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News