നിങ്ങള്‍ ചെയ്യുന്ന ക്രൂരത നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലാകില്ല: കൂറുമാറിയവരോട് ആക്രമിക്കപ്പെട്ട നടി

നടന്‍ ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറുന്നുവെന്ന ഡബ്ല്യുസിസിയുടെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടിയും. നിങ്ങള്‍ ചെയ്യുന്ന ക്രൂരത നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലാകില്ലെന്നും തിരിച്ചടി കിട്ടുമ്പോഴേ അറിയൂവെന്നും ആക്രമിക്കപ്പെട്ട നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളായ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ മൊഴിമാറ്റിയെന്നാരോപിച്ചാണ് ഡബ്ലിയുസിസി അംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനം നടത്തിയത്.

ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് താരസംഘടനയായ അമ്മ അവകാശപ്പെടുമ്പോഴും ദിലീപിനെതിരായ മൊഴികള്‍ പ്രധാന സാക്ഷികള്‍ കോടിതിയില്‍ മാറ്റിപ്പറയുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഡബ്ലിയുസിസി കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.

നിങ്ങള്‍ ചെയ്യുന്ന ക്രൂരത നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലാകില്ല. തിരിച്ചടി കിട്ടുമ്പോഴേ അറിയൂ. അതിനാണ് താനിവിടെയുളളതെന്നും ആക്രമിക്കപ്പെട്ട നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിചാരണക്കോടതിയില്‍ പ്രേസിക്യൂഷന്‍ ഹാജരാക്കിയ പ്രധാനപ്പെട്ട സാക്ഷികള്‍ കൂറുമാറുന്നുവെന്ന ആരോപണം ഡബ്ലിയുസിസി അംഗങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് നടിയുടെ ശക്തമായ പ്രതികരണം.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ പ്രധാന സാക്ഷികളായ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി മാറ്റിയെന്നാണ് നടിമാരായ റീമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, രേവതി എന്നിവര്‍ ആരോപിച്ചത്. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെ സോഷ്യല്‍മീഡിയിയലൂടെയായിരുന്നു വിമര്‍ശനം. അതിജീവിച്ചവള്‍ക്ക് ഒപ്പം നില്‍ക്കേണ്ടവര്‍ കൂറുമാറിയത് സത്യമെങ്കില്‍ ലജ്ജ തോന്നുന്നുവെന്ന് റീമ കല്ലിങ്കല്‍ കുറിച്ചു.

സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയില്ല എന്നത് വേദനാജനകമാണെന്ന് നടി രേവതിയും തുറന്നടിച്ചു. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സംവിധായകന്‍ ആഷിക് അബുവും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം സിദ്ദിഖ്, ഭാമ എന്നിവരില്‍ നിന്നും പ്രോസിക്യൂഷന്‍ സാക്ഷിമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു താരങ്ങളുടെ വിമര്‍ശനം.

ജനുവരി മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനാല്‍ കോടതിയില്‍ സാക്ഷി വിസ്താരം ത്വരിതഗതിയില്‍ മുന്നോട്ടുപോകുമ്പോഴാണ് കൂറുമാറ്റം നടത്തുന്നവര്‍ക്കെതിര വിമര്‍ശനമുന്നയിച്ച് ഗുരുതര ആരോപണവുമായി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here