
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ നടി ഭാമയ്ക്കും നടന്‍ സിദ്ദിഖിനുമെതിരെ സൈബര്‍ ലോകം. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളിലാണ് നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് പ്രതികരണങ്ങള്‍.
പ്രതികരണങ്ങളില്‍ ചിലത്:
- സ്വന്തം സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു കേസില്‍ എങ്ങനെയാണ് നിങ്ങള്‍ക്കൊക്കെ മൊഴി മാറ്റാന്‍ സാധിക്കുന്നത്.
- സ്ത്രീ സമൂഹത്തിന് തന്നെ നിങ്ങള്‍ ചെയ്ത നടപടി അപമാനമാണ്.
- ഒരു തരത്തിലും അംഗീകരിക്കാനാവാത്ത കാര്യമാണ് താങ്കള്‍ ചെയ്തത്.
- താങ്കള്‍ കൂറുമാറി എന്നത് സത്യമാണെങ്കില്‍ സിനിമ നടി എന്നതിലുപരി ഒറ്റുകാരി എന്ന നിലയിലായിരിക്കും താങ്കളുടെ പേര് ചേര്‍ക്കപ്പെടുന്നത്.
- സ്വന്തം നിലനില്‍പ്പിനു വേണ്ടി മുപ്പത് വെള്ളിക്കാശിന്, കൂട്ടത്തിലൊരുവളെ ഒറ്റുകൊടുത്ത ഇവരില്‍ നിന്നും സത്യസന്ധത പ്രതീക്ഷിക്കാന്‍ മാത്രം നമ്മളത്ര നിഷ്‌കളങ്കരല്ലല്ലോ.
സിദ്ദിഖിന്റെ പേജിലും സമാന രീതിയിലാണ് കമന്റുകള്‍ വരുന്നത്.
- ജീവിതത്തിലും അഭിനയിക്കാമെന്ന് കാണിച്ച് തന്ന റിയല്‍ ഹീറോ, കൂറുമാറല്‍ സിംഹം.
- സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹം കുറേ പടം കിട്ടാന്‍ ഏത് മൊഴിയും മാറ്റും.
- അച്ഛനായും ചേട്ടന്‍ ആയും സ്ത്രീ സംരക്ഷകന്‍ ആയും ഒക്കേ സിനിമയില്‍ മാത്രം നിറഞ്ഞാടി കയ്യടി വാങ്ങിയാല്‍ മതിയോ.
- ഇനി ഒരു പശ്ചാത്താപത്തിനു പോലും ചിലപ്പോ അവസരം കിട്ടി എന്ന് വരില്ല.
സിദ്ദീഖും ഭാമയും കൂറുമാറിയതിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ട് സിനിമാമേഖലയില്‍ നിന്നും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.
രമ്യ നമ്പീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു, സയനോര തുടങ്ങിയവരെല്ലാം നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഭാമയെയും സിദ്ദീഖിനെയും കൂടാതെ ബിന്ദു പണിക്കര്‍, ഇടവേള ബാബു എന്നിവരും കേസില്‍ കൂറുമാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here