തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ കൂറുമാറിയ നടി ഭാമ അന്ന് പ്രതികരിച്ചത് ഓര്‍മ്മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍. ‘ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് അന്ന് ഭാമ ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഭാമ മൊഴി നല്‍കിയത്.
എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ വന്നതോടെ ഭാമ തന്നെ ഫെയിസ്ബുക്ക് പിന്‍വലിച്ചിരിക്കുകയാണ്.
ഭാമയും സിദ്ദിഖും ആണ് കഴിഞ്ഞ ദിവസം കൂറുമാറിയത്. എന്നാല്‍ ഇടവേള ബാബുവും ബിന്ദു പണിക്കരും നേരത്തെ കൂറുമാറിയിരുന്നു. കേസില്‍ കൂറുമാറിയവര്‍ക്കെതിരെ രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി, ആഷിഖ് അബു, എന്‍ എസ് മാധവന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയും ഒടുവില്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഭാമ 2017 ഫെബ്രുവരി 24ന് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:
എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു.ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക് ആവശ്യമല്ലേ..?
ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്?
‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’
എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

Get real time update about this post categories directly on your device, subscribe now.