ഖുർആൻ വിഷയത്തിൽ മുസ്ലീം ലീഗിന് താക്കീതുമായി സമസ്ത

ഖുർ ആൻവിഷയത്തിൽ മുസ്ലീം ലീഗിന് താക്കീതുമായി സമസ്ത. വിശുദ്ധ  ഖുർ ആനെ സ്വർണ്ണകടത്തുമായി ബന്ധപ്പെടുത്തുന്നത് നീതികരിക്കാനാകില്ലെന്ന് സമസ്ത. മതസ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കരുത്. എല്ലാ മതേതരജനാധിപത്യകക്ഷികളും ഇക്കാര്യത്തിൽ ജാഗത്ര കാട്ടണമെന്നും സമസ്ത നേതൃത്വം അഭ്യർത്ഥിച്ചു.
വിശുദ്ധ ഖുർ ആനെ സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന തരത്തിൽ നിരവധി പ്രചാരണങ്ങളാണ് മുസ്ലിം ലീഗും കോൺഗ്രസും ബിജെപിയും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുന്നത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ വിമർശനങ്ങളും ഉയർന്ന് വന്നിരുന്നു.
കാന്തപുരം വിഭാഗം ഉൾപ്പെടെ കടുത്ത വിമർശനങ്ങളാണ്  ഇക്കാര്യത്തിൽ യുഡിഎഫിനും ബിജെപി ക്കുമെതിരെ നടത്തിയത്. ഇതിന് തുടർച്ചയായാണ് മുസ്ലീംലീഗിനോട്  ചേർന്ന് നിൽക്കുന്ന  സമസ്തയും വിമർശനവുമായി രംഗത്തെത്തിയത്. പുണ്യഗ്രന്ഥമായ ഖുർ ആനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുത്തുന്നത് നീതീകരിക്കാനാകില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രീ മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറിപ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാരും വ്യക്തമാക്കി.
രാജ്യത്തെ നിയമ വ്യവസ്ഥകൾ ലംഘിച്ച് ആര് പ്രവർത്തിച്ചാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.എന്നാൽ ഇതിന്റെ മറവിൽ മതസ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കരുത്.  ഇസ്ലാമിക വിശ്വാസികളെ അപരവല്‍ക്കരിക്കാനുള്ള ശ്രമം ഒരു കൂട്ടര്‍ കൊണ്ടുപിടിച്ചു നടത്തുമ്പോള്‍ ഖുര്‍ആനെ മറയാക്കി വിഷയം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത്  ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്.
എല്ലാ മതേതര ജനാധിപത്യ കക്ഷികളും  ഇക്കാര്യത്തില്‍ ജാഗ്രതയുള്ളവരാവണമെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. ഖുർ ആൻ വിഷയത്തിൽ സമസ്തയുടെ പരസ്യ പ്രതികരണം മുസ്ലിംലീഗ്  നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here