സംസ്ഥാന അവാർഡിൻ്റെ തിളക്കത്തിൽ ബിജു മുത്തത്തി; ഒരു പതിറ്റാണ്ട് പൂർത്തിയാക്കി കേരള എക്സ്പ്രസ്

മികച്ച അവതാരകനുള്ള സംസ്ഥാന സർക്കാരിൻ്റെ ടെലിവിഷൻ പുരസ്കാരം തേടിയെത്തുമ്പോൾ കൈരളി ന്യൂസിൻ്റെ  കേരള എക്സ്പ്രസ് പിന്നിലാക്കിയത് ഒരു പതിറ്റാണ്ടിൻ്റെ കാല ദൂരം.
2010സപ്റ്റംബര്‍ 20ന് 108 വര്‍ഷം പ‍ഴക്കമുള്ള പുനലൂര്‍ ചെങ്കോട്ട മീറ്റര്‍ ഗേജ്  തീവണ്ടിയുടെ അവസാന യാത്രയില്‍ നിന്നായിരുന്നു കേരള എക്സ്പ്രസിൻ്റെ ആദ്യ എപ്പിസോഡ് പുറപ്പെട്ടത്. ദി ലാസ്റ്റ് ട്രെയിൻ എന്ന ആദ്യ
എപ്പിസോഡ് തന്നെ വമ്പിച്ച കൈയ്യടി നേടി.
കേരളം മു‍ഴുവന്‍ തലങ്ങും വിലങ്ങും സഞ്ചരിച്ച് മലയാളി ജീവിതത്തിന്‍റെ വൈവിധ്യങ്ങളും സംസ്ക്കാരവും പ്രതിരോധവും അതിജീവനവും സമരവും സര്‍പ്പണവുമെല്ലാം  ആവിഷ്ക്കരിച്ച് ഇതുവരെ ഈ പരിപാടി 500 എപ്പിസോഡുകള്‍ പിന്നിട്ടു. അഞ്ഞൂറ് അധ്യായങ്ങളും അഞ്ഞൂറ് ഡോക്യുമെൻ്ററികൾ പോലെ സമഗ്രമായും സർഗ്ഗാത്മകമായുമാണ് ബിജു മുത്തത്തി അവതരിപ്പിച്ചു കൊണ്ടിരുന്നത്.
വള്ളുവനാട്ടിലെ തോൽപ്പാവക്കൂത്ത് കലാകാരന്മാരെക്കുറിച്ചുള്ള ‘നിഴൽ ജീവിതം’ എന്ന  എപ്പിസോഡാണ് ഇപ്പോൾ പത്തുവർഷം പൂർത്തിയാകുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരത്തിന് അർഹമായിരിക്കുന്നത്.
ക്ഷേത്ര മതിൽക്കെട്ടിനകത്ത് പാരമ്പര്യത്തിൻ്റെ കത്തുമാടങ്ങളിൽ കത്തിത്തീർന്നു പോവാത്ത  തോൽപ്പാവക്കൂത്തിൻ്റെ ഏറ്റവും ജീവത്തായ അരങ്ങിലൂടെയും ജീവിതം സമർപ്പിച്ച മനുഷ്യരിലൂടെയും സഞ്ചരിക്കുന്ന അധ്യായമാണ് നിഴൽ ജീവിതം. അഭിലാഷ് മുഹമ്മയായിരുന്നു ക്യാമറ. രഞ്ജിത്ത് കാലായിയായിരുന്നു എഡിറ്റ്.
2014ല്‍ കേരളാ എക്സ്പ്രസിലെ `അമ്മക്കിളി’യും 2016 ല്‍ `മീനാക്ഷിപ്പയറ്റും’ മികച്ച ഡോക്യുമെന്‍ററിക്കുമുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയിരുന്നു. 2015ല്‍ കേരളാ എക്സ്പ്രസിന്‍റെ അവതരണത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ  മികച്ച അവതാരകനുള്ള  സ്പഷ്യൽ ജൂറി പുരസ്കാരവും ബിജു മുത്തത്തി നേടിയിട്ടുണ്ട്.
പ്രമുഖ മാധ്യമ പ്രവർത്തകനായ എം ഉണ്ണികൃഷ്ണൻ കേരള എക്സ്പ്രസിനെക്കുറിച്ച്  ഫേസ് ബുക്കിൽ ഇങ്ങനെ എഴുതുന്നു:
“ഒരാഴ്ചപ്പരിപാടി ഒരു പതിറ്റാണ്ട് പൂർത്തിയാക്കുകയെന്നത് ചെറിയ നാഴികക്കല്ലല്ല. അതും സ്റ്റുഡിയോയിൽ ഇരുന്നുള്ള പരിപാടിയല്ല. റെയിൽപാളത്തിലൂടെയോ ദേശീയപാതയിലൂടെയോയുള്ള തെക്കുവടക്കോട്ടവുമല്ല. പേരിൽ തീവണ്ടിയുണ്ടെങ്കിലും പതിറ്റാണ്ടു കാലം കേരള എക്സ്പ്രസ് സഞ്ചരിച്ചത് സ്വയം പാതകളും പതാകകളുമായവരുടെ ബദൽ പാതകളിലൂടെയാണ്. ജീവിതവും സമരങ്ങളും കലയും കാലവുമെല്ലാം കേരള എക്സ്പ്രസിന്റെ കമ്പാർട്ട്മെന്റുകൾ നിറച്ചു. അതുവരെ കണ്ടെടുത്തപ്പെടാത്തപോയ പല മുഖങ്ങളും യാത്രയിലെ ഊഷ്മള സാന്നിധ്യമായി ഓർമകളിൽ അടയാളപ്പെട്ടു.
തലസ്ഥാനത്തു നിന്ന് തുടങ്ങി പലസ്ഥാനങ്ങളിലേക്ക് നീണ്ട ആ യാത്രയിലെ യാത്രികൻ ബിജു മുത്തത്തിയാണ് ഇത്തവണത്തെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ മികച്ച അവതാരകനാകുന്നത്. ബിജുവിന്റെ പത്തുവർഷത്തെ ജീവിതയാത്രയ്ക്ക് കൂടിയുള്ള അംഗീകാരമാണ് ഈ പുരസ്കാരം. കേരള എക്സ്പ്രസിനുള്ള ഈ പുരസ്കാരവും  മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ധനം നിറയ്ക്കട്ടേ..”
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News