തകര്‍പ്പന്‍ തിരിച്ചടിയുമായി ചെന്നൈ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയത്തുടക്കം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ 13-ാം സീസണില്‍ വിജയത്തുടക്കം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ വീഴ്ത്തിയത്. അമ്പാട്ടി റായുഡുവിന്റെയും ഫാഫ് ഡുപ്ലേസിസിന്റേയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ്് ചെന്നൈക്ക് വിജയം സമ്മാനിച്ചത്.

മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ചെന്നൈയ്ക്ക് കരുത്തായത് റായുഡു നേടിയ 71 റണ്‍സാണ്. ഒരറ്റത്ത് ഉറച്ചുനിന്ന് കളിച്ച ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്‌സും (44 പന്തില്‍ പുറത്താകാതെ 58) ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി. മികച്ച തുടക്കത്തിനുശേഷം പ്രതീക്ഷിച്ച സ്‌കോറിലേക്ക് എത്താനാകാതെ പോയ മുംബൈയെ, മോശം തുടക്കത്തിനുശേഷം തിരിച്ചടിച്ചാണ് ചെന്നൈ തോല്‍പ്പിച്ചത്. ചോരുന്ന കൈകളുമായി ചെന്നൈയെ അളവറ്റു സഹായിച്ച മുംബൈ താരങ്ങളുടെ ഫീല്‍ഡിങ് പിഴവുകളും മത്സരഫലത്തില്‍ നിര്‍ണായകമായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. സൗരഭ് തിവാരി 31 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ക്വിന്റന്‍ ഡികോക്ക് 20 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയവര്‍ക്ക് ഉദ്ദേശിച്ച രീതിയില്‍ റണ്‍നിരക്ക് ഉയര്‍ത്താനാകാതെ പോയതോടെ മുംബൈ 162 റണ്‍സില്‍ ഒതുങ്ങി.

സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 17), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 14), കീറന്‍ പൊള്ളാര്‍ഡ് (14 പന്തില്‍ 18), ജയിംസ് പാറ്റിന്‍സന്‍ (എട്ടു പന്തില്‍ 11), ക്രുനാല്‍ പാണ്ഡ്യ (മൂന്നു പന്തില്‍ മൂന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. രാഹുല്‍ ചാഹര്‍ (2), ജസ്പ്രീത് ബുമ്ര (അഞ്ച്) എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ ഷെയ്ന്‍ വാട്‌സനും (അഞ്ച് പന്തില്‍ നാല്), ആറു റണ്‍സുള്ളപ്പോള്‍ മുരളി വിജയും (ഏഴു പന്തില്‍ ഒന്ന്) മടങ്ങി. ആദ്യ ഓവറിലെ അവസാന പന്തില്‍ ട്രെന്റ് ബോള്‍ട്ട് വാട്‌സനെയും രണ്ടാം ഓവറിന്റെ അവസാന പന്തില്‍ ജയിംസ് പാറ്റിന്‍സന്‍ വിജയിനെയും എല്‍ബിയില്‍ കുരുക്കി. പിന്നീടായിരുന്നു ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട്.

മൂന്നാം വിക്കറ്റില്‍ 14 ഓവര്‍ ക്രീസില്‍നിന്ന അമ്പാട്ടി റായുഡു – ഫാഫ് ഡുപ്ലേസി സഖ്യം പടുത്തുയര്‍ത്തിയത് 115 റണ്‍സ്. അതായത് 84 പന്തില്‍ 115 റണ്‍സ്. ഇടയ്ക്ക് അര്‍ധസെഞ്ചുറിയുമായി റായുഡു വീണുപോയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ഡുപ്ലേസി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ചെന്നൈയെ വിജയത്തിലെത്തിച്ചു.

റായുഡു 48 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 71 റണ്‍സെടുത്തു. റായുഡുവിന് പിന്നാലെ രവീന്ദ്ര ജഡേജ അഞ്ച് പന്തില്‍ 10 റണ്‍സുമായി മടങ്ങിയെങ്കിലും സ്ഥാനക്കയറ്റം കിട്ടിയെത്തിയ സാം കറന്‍ ആറു പന്തില്‍ രണ്ടു സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സെടുത്ത് ചെന്നൈയെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ചു.

44 പന്തില്‍ ആറു ഫോറുകള്‍ സഹിതം 58 റണ്‍സുമായി പുറത്താകാതെ നിന്ന ഡുപ്ലേസി ഫോറിലൂടെ വിജയറണ്ണും കുറിച്ചു.  ധോണി രണ്ടു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെ വിജയത്തിലേക്ക് ഡുപ്ലേസിക്കു കൂട്ടുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News