പ്രസവമുറിയിലെ കോവിഡ് രോഗി: എം എ ബേബിയുടെ അനുഭവ കുറിപ്പ്

കോവിഡ്19 എന്ന അദൃശ്യ കൊറോണ വൈറസ് കുറച്ചൊന്നുമല്ല ലോകത്തെ മാറ്റിമറിച്ചത്. മറ്റുള്ളവരെ ബാധിക്കുമ്പോള്‍ ആശങ്കയുണര്‍ത്തുന്ന വാര്‍ത്ത. നമ്മെയും ബാധിക്കുമോ എന്ന ഉല്‍ക്കണ്ഠ. എനിക്കാകട്ടെ ഇപ്പോഴത് പിടികൂടി കടന്നുപോയ ഒരനുഭവം. അദൃശ്യ വൈറസിനെ നേരിടുന്നവര്‍ക്ക് പ്രയോജനപ്പെടുമെന്ന് തോന്നുന്ന ചില കാര്യങ്ങളും ഒപ്പം ചില അതിവിചിത്രാനുഭവങ്ങളും ഇവിടെ കുറിക്കുന്നു.

ഫലപ്രദമായ മരുന്നോ പ്രതിരോധ കുത്തിവയ്പ്പോ ഇപ്പോള്‍ ഇതിനില്ല. അതന്വേഷിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും നടത്തിവരികയാണെന്നതിനാല്‍ വൈറസ് ബാധയേല്‍ക്കാതെ നോക്കലാണ് പ്രധാനം. പലരും പ്രാര്‍ഥനയെക്കാള്‍ ഫലപ്രദം ശാസ്ത്രീയ ചികിത്സയാണെന്ന് മനസ്സിലാക്കിവരുന്നു. ഒരിക്കല്‍ വന്നാല്‍ പ്രതിരോധശേഷി ലഭിക്കുമെന്നത് പൂര്‍ണമായും സംശയരഹിതമായും തെളിയിക്കപ്പെട്ടിട്ടില്ല.

അഞ്ചുകോടിയിലേറെപ്പേര്‍ മരിക്കാനിടയായ സ്പാനിഷ് ഫ്‌ലൂ പോലെയോ അതിലും ഭീകരമായോ ഒരു നൂറ്റാണ്ടിനിപ്പുറം നമ്മെ വരിഞ്ഞുമുറുക്കുന്ന കൊറോണ, എത്ര മാസങ്ങള്‍ ഇനി നീണ്ടുനില്‍ക്കുമെന്ന് പറയാനാകുന്നില്ല. ഇത് ഏറ്റവും വലിയ മരണമഹാമാരിയാകുമോ എന്ന ഭയം തീവ്രമാണ്. എന്നാല്‍, അന്നത്തേക്കാള്‍ ശാസ്ത്രം എത്രയോ പുരോഗമിച്ചു എന്നതിലാണ് നമ്മുടെ ശുഭപ്രതീക്ഷ.

കോവിഡ്19 ബാധിച്ച അനുഭവം പരിശോധിക്കുമ്പോള്‍ ഏറ്റവും പ്രധാനകാര്യം എന്താണ്? അതീവ കരുതല്‍ പുലര്‍ത്തിപ്പോരുന്നു എന്ന് ന്യായമായും വിശ്വസിക്കുകയും അവകാശപ്പെടുകയും ചെയ്തവരാണ് ഞങ്ങള്‍. എന്നിട്ടും പ്രതിരോധം ഭേദിച്ച് അദൃശ്യ വൈറസുകള്‍ ഞങ്ങളെ പിടികൂടി. എന്നുവച്ചാല്‍ കരുതലിനിടയില്‍ എവിടെയോ പിഴവ് പറ്റിയെന്നര്‍ഥം.

ഏറ്റവും മൂത്ത ജ്യേഷ്ഠന്‍, തങ്കച്ചന്‍ ചേട്ടനെന്ന് വിളിപ്പേരുള്ള എം എ ജോര്‍ജിന്റെ പരിചരണത്തിന് (അദ്ദേഹം പാര്‍ക്കിന്‍സണ്‍ രോഗിയും ഇടുപ്പെല്ല് പൊട്ടി ഓപ്പറേഷന്‍ കഴിഞ്ഞതുമൂലം ഏതാനും ആഴ്ചകളായി കിടപ്പിലുമാണ്) ഞങ്ങളെ സഹായിക്കുന്ന സ. പ്രമോദാകാം ഉറവിടം. ബെറ്റിക്കും എനിക്കും എ കെ ജി സെന്ററിലെ സ. രാജനും പിന്നീട് തങ്കച്ചന്‍ചേട്ടനും നേരിട്ടോ, ഞങ്ങള്‍ ആരെങ്കിലും വഴിയോ വൈറസ് കൈമാറിയിട്ടുണ്ടാകാം. ജൂലൈ 26ന് രാവിലെ വീട്ടില്‍ വന്ന് തിരിച്ചുപോയ പ്രമോദ് താന്‍ കോവിഡ് ബാധിതനാണെന്ന് അന്നുതന്നെ വിളിച്ചറിയിച്ചു. അതോടെ എല്ലാ ദിവസവും രാവിലെ പാര്‍ടി ഓഫീസില്‍ പോയിരുന്ന ഞാന്‍ ക്വാറന്റൈനിലായി.

വീടിന്റെ വാതിലില്‍ ജില്ലാ ഭരണസംവിധാനം ക്വാറന്റൈനാണെന്ന അറിയിപ്പ് പതിച്ചു. സ. എസ് ആര്‍ പിയുമായി സംസാരിച്ചപ്പോള്‍, മരുമകന്‍ ഡോ. ഹരിയുമായി ചര്‍ച്ചചെയ്ത് ജൂലൈ 31ന് സ്രവപരിശോധന നടത്തുന്നതാണ് ഉചിതമെന്ന് നിശ്ചയിച്ചു. കെജിഒഎ നേതാവ് ഡോ. ശ്രീകുമാര്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമായി മാറ്റിവച്ചിരിക്കുകയാണെന്നതിനാല്‍ 31ന് രാവിലെ തന്നെ രാജനും ബെറ്റിയും ഞാനും അവിടെയെത്തി പരിശോധനയ്ക്ക് സ്രവം നല്‍കി. ഫലം വന്നപ്പോള്‍ ബെറ്റിയെ ചികിത്സാകേന്ദ്രത്തിലേക്ക് ഉടന്‍തന്നെ മാറ്റണമെന്ന നിര്‍ദേശമാണ് ലഭിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ ആഗസ്ത് ഏഴിന് എനിക്ക്, പിന്നീട് തങ്കച്ചന്‍ ചേട്ടന്, അതിനുശേഷം രാജനും കോവിഡ് സ്ഥിരീകരിക്കപ്പെട്ടു.

രോഗം വ്യത്യസ്ത തീവ്രതയിലും സ്വഭാവത്തിലും അനുഭവപ്പെടാമെന്നത് ഞങ്ങളുടെ കാര്യത്തില്‍ പ്രകടമായി. തങ്കച്ചന്‍ ചേട്ടന്‍, സഖാക്കള്‍ പ്രമോദ്,രാജന്‍ എന്നിവര്‍ക്ക് വൈറസ് ആഘാതം ഒരാഴ്ചകൊണ്ടുതന്നെ ഭേദമായി. അതികഠിനമായ രോഗലക്ഷണങ്ങള്‍ അവരെ ശല്യപ്പെടുത്തിയില്ല. ബെറ്റിയുടെയും എന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നു. കോവിഡ് ബാധ ബ്രോങ്കോ ന്യുമോണിയ എന്ന നിലയിലാണ് ഞങ്ങളെ രണ്ടുപേരെയും കഷ്ടപ്പെടുത്തിയത്. അത് അസഹനീയമാണ്.

എന്നെ രണ്ട് ഘട്ടങ്ങളില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവന്നു. രക്തത്തിലെ ഓക്സിജന്‍ സാച്ചുറേഷനിലെ വ്യതിയാനങ്ങളും പൊട്ടാസ്യം തോത് ഉയര്‍ന്നതും ആരോഗ്യനില വഷളാക്കി. ചുമയ്ക്കുമ്പോള്‍ ചങ്ക് പറിച്ചെടുക്കുന്ന വേദന. സിടി സ്‌കാന്‍ എടുക്കാനായി ശ്വാസം പിടിച്ചുനിര്‍ത്തണമെന്ന നിര്‍ദേശം പാലിക്കാന്‍ കഴിയുന്നില്ല എന്ന അവശതയാണ് സ്ഥിതി കുറച്ച് അപകടമാണെന്ന തിരിച്ചറിവ് മിന്നല്‍പോലെ അനുഭവപ്പെടുത്തിയത്.

തിരിച്ച് തീവ്രപരിചരണ സ്ഥലത്ത് കൊണ്ടുവന്ന് കിടത്തി. ഓക്സിജന്‍ കുഴലും മറ്റും ഘടിപ്പിച്ചപ്പോള്‍ ഒരു പ്രത്യേക മനോനില ബോധത്തിന്റെ വ്യത്യസ്ത തലങ്ങളെ സ്പര്‍ശിച്ചു. എന്തും സംഭവിച്ചേക്കാം. എന്നാല്‍, സാധ്യമായത്ര മികവുറ്റ പരിചരണത്തിലൂടെ മരണനിരക്ക് ഏറ്റവും കുറഞ്ഞതോതില്‍ പിടിച്ചുനിര്‍ത്തിയ കേരളത്തിലെ മെഡിക്കല്‍ കോളേജിലാണ് ഞാന്‍ എന്ന ആശ്വാസവും പ്രതീക്ഷയും സമാന്തരമായി മനസ്സിലേക്ക് കടന്നുവന്ന് കരുത്തുപകര്‍ന്നു. ഐസിയുവില്‍ രാത്രിയും പകലുമെന്ന ഭേദമില്ല.

പരിശോധനകള്‍ക്ക് തുടര്‍ച്ചയായി രക്തം കുത്തിയെടുക്കുന്ന അനുഭവവും ഭക്ഷണത്തിന് രുചിയില്ലെന്നതും അറിയാതെ കടന്നുവരുന്ന ഉറക്കവുമായി ട്രോമാ ഐസിയുവില്‍ രണ്ട് ഘട്ടങ്ങളായി 12 ദിവസം കിടന്ന മണിക്കൂറുകള്‍ നേരിട്ട് അനുഭവിച്ചാല്‍ മാത്രം ലഭിക്കുന്ന ഒട്ടേറെ പാഠങ്ങള്‍ പകര്‍ന്നു. ബെറ്റി ജൂലൈ 31ന് പ്രഥമ ചികിത്സാകേന്ദ്രത്തിലും ആഗസ്ത് രണ്ടിന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കപ്പെട്ടു. ആകെ 25 ദിവസം ആശുപത്രിയിലായിരുന്നു. ഞാന്‍ ആഗസ്ത് 7 മുതല്‍ 24 വരെ 18 ദിവസമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിലേറെയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിക്കപ്പെട്ടത്.

ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ശുചീകരണ ജോലിക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയരുടെ നിസ്വാര്‍ഥതയും ധീരതയും മനുഷ്യത്വവും നേരിട്ടനുഭവിച്ച ദിനങ്ങള്‍. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റും വിളിച്ചന്വേഷിക്കുന്ന രോഗികള്‍ എന്ന പ്രത്യേക പരിഗണന അല്ല; ഏതുരോഗിയോടും സ്വന്തം ബന്ധുവിനോടെന്ന വിധമുള്ള പെരുമാറ്റമായിരുന്നു ഡോക്ടര്‍മാരില്‍നിന്നും ആരോഗ്യപ്രവര്‍ത്തകരില്‍നിന്നാകെയും കണ്ടത്.

ആശുപത്രികളില്‍ ജനനമരണങ്ങളും, അതിനിടയിലുള്ള ആരോഗ്യ വീണ്ടെടുപ്പുമാണ് നിരന്തരം സംഭവിക്കുന്നത് എന്ന് നമുക്കറിയാം. തീവ്രപരിചരണ സ്ഥലത്ത് ഇത് മൂന്നിനും സാക്ഷിയാകാനുള്ള അസാധാരണ സാഹചര്യം എനിക്കുണ്ടായി.

ഒരുദിവസം പെട്ടെന്ന് ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും വലിയൊരു സംഘം ഒരുമിച്ച് ട്രോമാ ഐസിയുവില്‍ കടന്നുവന്നു. രണ്ട് കിടക്കകള്‍ക്കപ്പുറം ദയനീയമായി വിലപിച്ചുകൊണ്ട് കിടന്നിരുന്ന സ്ത്രീയുടെ കട്ടിലിനുചുറ്റും തുണിവിരികള്‍കൊണ്ട് താല്‍ക്കാലിക മറയൊരുക്കി. കുറേനേരം വേദനയുടെ ശബ്ദങ്ങളും ഡോക്ടര്‍മാരും സഹായികളും തമ്മിലുള്ള സംഭാഷണങ്ങളുടെ ചെറിയ ഒച്ചയും. പിന്നീട് ശാന്തത. നേഴ്സുമാരാണ് കുറെനേരം കഴിഞ്ഞ് സംഭവം വെളിപ്പെടുത്തിയത്.

ആറരമാസം ഗര്‍ഭിണിയായിരുന്ന കോവിഡ് രോഗി മരണപ്പെട്ടേക്കാമെന്ന ഘട്ടത്തില്‍ സാഹസികമായി സിസേറിയന്‍ നടത്തുകയായിരുന്നു. അമ്മയെ വിസ്മയകരമായി രക്ഷിക്കാനായി. വളര്‍ച്ചയെത്താത്ത ശിശുവിനെ ജീവനോടെ പുറത്തെടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, മണിക്കൂറുകള്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരല്ലാത്ത പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത പ്രസവമുറിയില്‍ സിസേറിയന്‍ നടന്നപ്പോള്‍ അടുത്തുള്ള കിടക്കയില്‍ ഭാഗിക സാക്ഷിയായി ഉണ്ടായിരിക്കാനുള്ള അസാധാരണ സാഹചര്യം.

ട്രോമ ഐസിയുവില്‍ മൂന്ന് സഹരോഗികള്‍ മരണമടഞ്ഞ അത്യന്തം ദുഃഖകരമായ സ്ഥിതിക്കും സാക്ഷിയായി. രക്ഷപ്പെടുത്താന്‍ നടത്തിയ കഠിനശ്രമങ്ങള്‍ വിജയിക്കാതെപോയ നിസ്സഹായാവസ്ഥ. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ബന്ധുക്കളുമായി ആലോചിച്ച്, സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുവേണം മൃതദേഹം ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ പുറത്തെത്തിക്കാന്‍. അതുവരെ മോര്‍ച്ചറിയിലേക്കും മാറ്റാനാകില്ല. കാരണം അവിടെ കോവിഡ് ബാധിക്കാതെ മരിച്ചവരുടെ മൃതശരീരങ്ങളാണല്ലോ ഉള്ളത്.

ഈ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഭദ്രമായി പൊതിഞ്ഞുകെട്ടിയ മൂന്ന് മൃതശരീരങ്ങള്‍ ഏതാനും മണിക്കൂറുകള്‍ ഞങ്ങളുടെ ട്രോമാ ഐസിയുവില്‍ത്തന്നെ രണ്ട് കിടക്കകള്‍ക്കപ്പുറം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഞാനുള്‍പ്പെടെ അവിടെയുണ്ടായിരുന്ന ഏതൊരാള്‍ക്കും അതുപോലൊരു പൊതിക്കെട്ടാകാനുള്ള സാധ്യത അപ്പോള്‍ ഒരു ചിന്തയായി എന്റെ മനസ്സിലൂടെ പതിയെ അരിച്ചിറങ്ങി. താരാശങ്കര്‍ ബന്ദോപാധ്യായുടെ ‘ആരോഗ്യ നികേതന’ത്തിലെ അപൂര്‍വ ഭാവനയായ ‘പിംഗളകേശിനി’ ജീവിതത്തില്‍ എപ്പോഴും കടന്നുവരാവുന്നതാണെന്ന യാഥാര്‍ഥ്യം മുഖാമുഖം കണ്ട നിമിഷം.

ഒ വി വിജയനും മറ്റും ഗാഢമായി ചിന്തിച്ച് ദുഃഖിച്ചതുപോലെ അമിതമായി വേവലാതിപ്പെടേണ്ടതൊന്നും മരണത്തിലില്ലെന്ന് തിരിച്ചറിയാന്‍ കോവിഡ്19 നമുക്ക് സഹായമൊരുക്കുകയാണെന്നും വിചാരിക്കാവുന്നതാണ്. എന്റെ കിടക്കയ്ക്ക് സമീപമൊക്കെ വന്ന് ചുറ്റിക്കറങ്ങി നമസ്‌കാരം പറഞ്ഞുപോയ കോവിഡ് വൈറസില്‍ ഒളിച്ചിരുന്ന മരണത്തെ തല്‍ക്കാലം ഒരുപരിധിവരെ തോല്‍പ്പിക്കാനായി. കേരളത്തിന്റെ വിശ്രുത മാതൃകയായ ആരോഗ്യസംവിധാനവും അരോഗ്യപ്രവര്‍ത്തകരും അതിനെ കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ നയവും ജാഗ്രതയും ഈ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്.

ഒരുപാടുപേര്‍ നേരിട്ടും അല്ലാതെയും രോഗവിവരം അന്വേഷിച്ചു. കരുത്തുപകരുംവിധം ഒപ്പം മനസ്സുകൊണ്ട് ചേര്‍ത്തുപിടിച്ചു. പാര്‍ടി സഖാക്കളും ഞാറ്റുവേലപോലുള്ള കൂട്ടായ്മകളും അടുത്തും അകലെയുമുള്ള സുഹൃത്തുക്കളും മെഡിക്കല്‍ കോളേജിന് സമീപത്തെ നായനാര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും മറ്റും മറ്റും.

അവസാനമായി ഒരു പ്രധാന കാര്യം. വലിയൊരു കുറ്റസമ്മതമാണത്. അദൃശ്യ വൈറസ് ബാധിക്കാതിരിക്കാന്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആവര്‍ത്തിച്ച് ഉപദേശിച്ചിട്ടുള്ള എനിക്ക് ഇത് വന്നപ്പോള്‍, ഉപദേശം സ്വയം പാലിക്കുന്നതില്‍ എവിടെയോ വീഴ്ചവരുത്തിയെന്ന തെറ്റ് സമ്മതിച്ച് ഏറ്റുപറയേണ്ടേ? വേണം. സംശയമില്ല. കോവിഡ്19 എന്ന അദൃശ്യ വൈറസ് അതിന്റെ പെരുമാറ്റരീതികളും സ്വഭാവസവിശേഷതകളും മുഴുവന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശാസ്ത്രലോകത്തിന് അത് പൂര്‍ണമായും ഇനിയും കണ്ടുപിടിക്കാനും ആയിട്ടില്ല; ഭാഗികമായി കുറെ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും.

അതുകൊണ്ടുതന്നെ അതത് സമയത്ത് വൈദ്യശാസ്ത്രവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ ഭരണനേതൃത്വം കൈക്കൊള്ളുന്ന ശരിയും ശാസ്ത്രീയവുമായ തീരുമാനങ്ങളും ഉത്തരവാദിത്വബോധത്തോടെ പഴുതടച്ച് പാലിക്കാന്‍ നാം ശ്രദ്ധചെലുത്തേണ്ടതുണ്ട്. ഓരോരുത്തരുടെയും കരുതലാണ് നമ്മുടെയും അപരന്റെയും സുരക്ഷയുടെ ആധാരം. ഒരാളുടെ വീഴ്ചയും അശ്രദ്ധയും അനേകര്‍ക്ക് ആപത്തും കൂട്ടമരണംതന്നെയുമാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here