ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യാ രാജ്യത്ത് വയോജനങ്ങള്‍ക്ക് സാര്‍വ്വത്രിക പെന്‍ഷന്‍ എന്ന ആദര്‍ശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണ്. കര്‍ഷക ബോര്‍ഡ് പെന്‍ഷന്‍കൂടി നടപ്പാകുന്നതോടെ നാം ആ ലക്ഷ്യത്തിനു വളരെ അടുത്ത് എത്തിയിരിക്കും.
കേരളത്തില്‍ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടം. 1400 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നതില്‍ 1250 രൂപയും ഇടതുപക്ഷ സര്‍ക്കാരുകളുടെ സംഭാവനയാണ്. ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് 600 രൂപ പെന്‍ഷന്‍ 1400 രൂപയായി വര്‍ദ്ധിപ്പിച്ചതാണ്
ഇതിനുള്ള ജനകീയ അംഗീകാരം സര്‍ക്കാരിനുണ്ട്. ഇത് എങ്ങനെ തകര്‍ക്കാം എന്നതിന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കാമ്പയിന്‍.1400 രൂപ എന്ത്, 10000 രൂപയെങ്കിലും പെന്‍ഷന്‍ വേണ്ടേ എന്നാണ് ചോദ്യം. രാഷ്ട്രീയമൊന്നും ഇല്ല. നല്ലൊരു കാര്യത്തിന് എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്വയം അവരോധിത നേതാക്കളും വക്താക്കളും ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് കൂട്ടായ്മകളും കണ്‍വെന്‍ഷനുകളും ഒക്കെ നടന്നുവരുന്ന വേളയിലാണ് കര്‍ട്ടനു പിന്നില്‍ ചരടു വലിക്കുന്നത് ആരെണെന്നു കൂടുതല്‍ വ്യക്തമായത്.
ഡല്‍ഹിലെ അണ്ണാ ഹസാരെ സമരം പോലെ ആര്‍എസ്എസ് ട്രോജന്‍ കുതിരയാണ് പുതിയ പ്രസ്ഥാനം.ഇനിയും പ്രചാരണവുമായി മുന്നോട്ടു പോകുംമുമ്പ് നിങ്ങള്‍ നാട്ടിലെ 60 വയസ്സു കഴിഞ്ഞ എല്ലാ പാവങ്ങള്‍ക്കും 10000 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ ആകെ എത്ര തുക വേണമെന്നു പറയുക. ഇന്നിപ്പോള്‍ വയോജനങ്ങളുടെ എണ്ണം ഏതാണ്ട് 14.3 കോടി വരും. ഇതില്‍ ആദായനികുതി നല്‍കുന്നവര്‍, സര്‍ക്കാര്‍ പെന്‍ഷനും മറ്റും വാങ്ങുന്നവരെ മാറ്റിയാല്‍ 12 കോടി പേര്‍ക്ക് 10000 രൂപവച്ച് പെന്‍ഷന്‍ നല്‍കണമെന്നിരിക്കട്ടെ. മൊത്തം 14.4 ലക്ഷം കോടി രൂപ ചെലവുവരും. ഈ തുക എങ്ങനെ ഉണ്ടാക്കും?
ഇതിന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍കാരന്‍ കണ്ടുപിടിച്ചുള്ള മാര്‍ഗ്ഗം – ഇന്നു പെന്‍ഷന്‍ വാങ്ങുന്നവരുടെയെല്ലാം പെന്‍ഷന്‍ 10000 രൂപയായി കുറയ്ക്കുക. മിച്ചംവരുന്ന പണം ഉപയോഗിച്ച് പെന്‍ഷനേ ഇല്ലാത്തവര്‍ക്ക് 10000 രൂപ വീതം നല്‍കുക. മണ്ടത്തരം വിളിച്ചുപറയുന്നതിന് ഒരു മര്യാദ വേണം. ഇന്ത്യയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെല്ലാംകൂടി നല്‍കുന്ന പെന്‍ഷന്‍ തുക ഇന്ന് 3.5 – 4 ലക്ഷം കോടി രൂപയേ വരൂ. ഇതില്‍ നിന്നും മിച്ചംവച്ച് എല്ലാവര്‍ക്കും 10000 രൂപ വീതം പെന്‍ഷന്‍ നല്‍കാമെന്ന് ആരെ പറഞ്ഞാണ് പറ്റിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഉന്നം എത്രയോ ദശാബ്ദമായി സമരവും പ്രക്ഷോഭവുമെല്ലാം നടത്തി തങ്ങളുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയും, ന്യായമായ പെന്‍ഷന്‍ വിലപേശി നേടാന്‍ കഴിഞ്ഞവരെ മുഴുവന്‍ ജനശത്രുക്കളാക്കി ചിത്രീകരിക്കലാണ്.എല്ലാവര്‍ക്കും 10000 രൂപ വീതം പെന്‍ഷന്‍ കൊടുക്കാന്‍ ഇന്ത്യയിലെ അതിസമ്പന്നന്‍മാരില്‍ നിന്നും നികുതി പിരിച്ച് സാര്‍വ്വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്.
മാസശമ്പളവും പെന്‍ഷനും വാങ്ങുന്നവരെയല്ല, ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ശതകോടീശ്വരന്‍മാരെ പിടികൂടണമെന്നു പറയാന്‍ തയ്യാറുണ്ടോ?പ്രൊഫ. പ്രഭാത് പട്‌നായികിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ധന്‍മാര്‍ ഇതുസംബന്ധിച്ച് കണക്ക് കൂട്ടിയിട്ടുണ്ട്. ശതകോടീശ്വരന്‍മാര്‍ക്കുമേല്‍ ഒരു ശതമാനം സ്വത്ത് നികുതി ഏര്‍പ്പെടുത്തിയാല്‍ 6 ലക്ഷം കോടി രൂപ വരുമാനമുണ്ടാകും. ഇവരുടെ സ്വത്തില്‍ 5 ശതമാനം എല്ലാ വര്‍ഷവും പിന്തുടര്‍ച്ചാവകാശമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നാണ് കണക്ക്.
ഇതിനുമേല്‍ Inheritance Tax ചുമത്തിയാല്‍ 9.3 ലക്ഷം കോടി കിട്ടും. ഈ 15 ലക്ഷം കോടി വച്ച് നമുക്ക് എല്ലാവര്‍ക്കും 10000 രൂപ പെന്‍ഷന്‍ ഇന്ത്യയില്‍ ആരംഭിക്കാം. എന്താ പറയാന്‍ തയ്യാറുണ്ടോ? സമരം ചെയ്യാന്‍ തയ്യാറുണ്ടോ? നാട്ടിലെ ശമ്പളക്കാരുടെയും പെന്‍ഷന്‍കാരുടെയും മേല്‍ കുതിരകയറുവാന്‍ എളുപ്പമാണ്. പക്ഷെ, ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ക്കു നേരെ വാളുവീശുക എളുപ്പമല്ല.
ക്ഷേമ രാഷ്ട്രത്തിലേയ്ക്ക് എളുപ്പവഴി ഇല്ല. കേരളത്തില്‍ ഭൂപരിഷ്‌കരത്തിലൂടെയും കൂട്ടായ വിലപേശലിലൂടെയും സര്‍ക്കാരിന്റെ കരുതല്‍ നടപടികളിലൂടെയും ഇടതുപക്ഷം നടപ്പാക്കിയ വലിയ തോതിലുള്ള പുനര്‍വിതരണം, അതുമാത്രമാണ് മാര്‍ഗ്ഗം.
പിന്നെ ഒന്നുകൂടിയുണ്ട്. കൂലിയും ശമ്പളവും കഴിഞ്ഞിട്ടല്ലേ പെന്‍ഷന്‍ വരുന്നത്. എന്നാല്‍ പുതിയ പ്രസ്ഥാനക്കാര്‍ക്ക് രാജ്യത്തെ മിനിമം കൂലിയെക്കുറിച്ചോ, ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങളെക്കുറിച്ചോ ഒന്നും പറയാനില്ല. മാസം 4000 – 5000 രൂപ മാത്രം കൂലിയും ശമ്പളവും കിട്ടുന്ന ഇന്ത്യയിലെ മഹാഭൂരിപക്ഷം പണിയെടുക്കുന്നവരുടെ വേതനം മിനിമം 18000 രൂപയായി ഉയര്‍ത്തണമെന്നാണ് പറയുന്നത്.
ഏയ് അതൊക്കെ പഴയപോലെ തന്നെ. പെന്‍ഷനാണ് വര്‍ദ്ധിപ്പിക്കേണ്ടത് എന്നാണ് പുതിയ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍കാരുടെ മനോഗതി.ഈ പരിപ്പ് ഇവിടെ വേവില്ല. വേറെവല്ലതും പറഞ്ഞ് മാറ്റിപ്പിടിക്ക്.
Get real time update about this post categories directly on your device, subscribe now.