നിലവാരമില്ലാത്ത കണ്ണീര്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാനാവില്ലെന്ന് ജൂറി

ഇത്തവണത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സീരിയല്‍ ആയി തെരഞ്ഞെടുക്കാന്‍ യോഗ്യമായ ഒന്നും തന്നെയില്ലായെന്ന വിലയിരുത്തലായിരുന്നു ജൂറിയുടേത്. ആയതിനാല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്നും ജൂറി തീരുമാനിച്ചിരുന്നു.

സീരിയലിന്റെ നിലവാരവും നിര്‍മാണവും മാറുന്ന ഈ കാലത്തും മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത് ഏറ്റവും മോശം സീരിയലുകളാണ്. ഇക്കാര്യം ഊട്ടി ഉറപ്പിക്കുയാണ് ഇത്തവണത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്. ഇത്തവണ മികച്ച ടെലി സീരിയല്‍ അവാര്‍ഡ് ഒരു സീരിയലിനും നല്‍കാതെയാണ് ജൂറി വിഷയത്തില്‍ പ്രതിഷേധിച്ചത്. ‘മികച്ച സീരിയല്‍ ആയി തെരഞ്ഞെടുക്കാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തതിനാല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു’ എന്നാണ് ജൂറി നല്‍കുന്ന വിശദീകരണം.

സിനിമ സംവിധായകനും നടനുമായ മധുപാലാണ് ജൂറി ചെയര്‍മാന്‍. എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനം, സംവിധായകരായ സജി സുരേന്ദ്രന്‍, എം എ നിഷാദ്, നടി അനുമോള്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി അജോയ് സി എന്നിവരാണ് പാനല്‍ അംഗങ്ങള്‍. കഥ വിഭാഗത്തിലെ ഈ അംഗങ്ങളാണ് ഈ വര്‍ഷം മികച്ച സീരിയല്‍ നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചത്. ഇവരുടെ ഈ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്ത് വന്നു.

സൃഷ്ടികളുടെ നിലവാര തകര്‍ച്ചയാണ് മികച്ച ടെലി സീരിയല്‍, കുട്ടികളുടെ ചിത്രം എന്നിവയ്ക്ക് അവാര്‍ഡ് നല്‍കേണ്ട എന്ന തീരുമാനത്തിലേക്ക് ജൂറിയെ എത്തിച്ചത്. മലയാളത്തെ സംബന്ധിച്ച് വിഷയ ദാരിദ്രം ഇല്ലെന്നിരിക്കെ തന്നെ ഒട്ടും നിലവാരമില്ലാത്ത സീരിയലുകളെ പുറത്തിറക്കുന്നത് അംഗീകരിക്കാനാവില്ല എന്നും ജൂറി ചൂണ്ടികാണിക്കുന്നു.

‘നിലവാരമുള്ള സീരിയലുകള്‍ ഒന്നും ഇല്ലായിരുന്നു. പുതുതായി പ്രേക്ഷകര്‍ക്ക് എന്തെങ്കിലും നല്‍കുന്ന ഒന്നും തന്നെ ഇല്ല. മികച്ച പ്രമേയങ്ങള്‍ കൊണ്ടും കൃതികള്‍ കൊണ്ടും സമ്പന്നമായ മലയാളത്തില്‍ അത്തരം സൃഷ്ടികളുമൊന്നും സീരിയലുകളില്‍ ഉണ്ടാകുന്നില്ല. കലാ മൂല്യമുള്ള സീരിയലുകള്‍ പുറത്തിറക്കുന്നത് സീരിയല്‍ പ്രവര്‍ത്തകരുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടിയാണ്. എന്തെങ്കിലും കാട്ടിക്കൂട്ടിയല്ല സീരിയലുകള്‍ ഉണ്ടാക്കേണ്ടത്. സീരിയലുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന കുടുംബ പ്രേക്ഷകരിലേക്ക് മാനുഷിക മൂല്യങ്ങള്‍ ഉള്ള സൃഷ്ടികള്‍ എത്തിക്കണം. സമൂഹത്തോട് പ്രതിബദ്ധത ഇല്ലാതെ പടച്ച് വിടുന്ന കണ്ണീര്‍ സീരിയലുകള്‍ സമൂഹത്തിന്റെ വിപത്താണ്. ഇത്തരം സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തേണ്ടത്’ – ജൂറി അംഗവും സംവിധായകനും നടനുമായ എം എ നിഷാദ് പ്രതികരിച്ചു.

അതേസമയം, നിലവാരമുള്ള പല സൃഷ്ടികളും ടെലിവിഷന്‍ രംഗത്ത് ഉണ്ടാകുന്നുണ്ടെങ്കിലും അതൊന്നും അവാര്‍ഡ് പരിഗണനയ്ക്ക് എത്തുന്നില്ല എന്ന സത്യം ചലച്ചിത്ര അക്കാദമി തിരിച്ചറിയണമെന്നും ജൂറി വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News