ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് ശക്തം; ശോഭാ സുരേന്ദ്രന്‍ ആറു മാസമായി വിട്ടുനില്‍ക്കുന്നു; കുമ്മനത്തെ ദേശീയ നേതൃനിരയിലേക്ക് ഉള്‍ക്കൊള്ളിക്കാത്തതില്‍ ആര്‍എസ്എസിന് അതൃപ്തി

ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു. പാര്‍ട്ടിയുടെ അവഗണയില്‍ പ്രതിഷേധിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ആറ് മാസത്തിലേറെയായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നു. കുമ്മനം രാജശേഖരനെ ദേശീയ നേതൃനിരയിലേക്ക് ഉള്‍ക്കൊളളിക്കാത്തതില്‍ ആര്‍എസ്എസിനും അതൃപ്തി.

പാര്‍ട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ എത്തിയതോടെയാണ് ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായും നിസഹകരിക്കാന്‍ ആരംഭിച്ചത്. നിര്‍ണായകമായ കോര്‍ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതിലാണ് ശോഭക്ക് അതൃപ്തി. മറ്റൊരു വൈസ് പ്രസിഡന്റ് ആയ എ എന്‍ രാധാകൃഷ്ണനെ കോര്‍ കമ്മറ്റിയില്‍ ഉള്‍പെടുത്തിയപ്പോള്‍ അതേ പദവിയുളള ശോഭയെ തഴയുകയായിരുന്നു.

സംസ്ഥാന ഭാരവാഹിതത്വത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇനി ദേശീയ തലത്തില്‍ മറ്റൊരു പദവി ലഭിക്കാനും ഇടയില്ല. മഹിളാ മോര്‍ച്ചയുടെയോ അല്ലെങ്കില്‍ മറ്റെതെങ്കിലും ദേശീയ പദവിയോ ലഭിക്കുന്നില്ലെങ്കില്‍ സജീവമാകുന്നില്ലെന്ന് തന്നെയാണ് ശോഭാ സുരേന്ദ്രന്റെ തീരുമാനം എന്നറിയുന്നു.

കഴിഞ്ഞ ആറ് മാസകാലമായി പ്രധാന പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ പോലും ശോഭ സുരേന്ദ്രന്‍ എടുക്കുന്നില്ല. എന്താണ് അവര്‍ സജീവമാകാത്തത് എന്ന് അവര്‍ക്ക് മാത്രമേ പറയാന്‍ കഴിയു എന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയില്‍ അതൃപ്തി വ്യക്തമാണ്. കുമ്മനം രാജശേഖരന്റെ കാര്യത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തി ഉണ്ട്.

പാര്‍ട്ടി പുനസംഘടനയില്‍ ദേശീയ വൈസ് പ്രസിഡന്റ് ആയി കുമ്മനത്തെ പരിഗണിക്കും എന്ന് വളരെ നേരത്തെ തന്നെ ഉറപ്പുണ്ടായിരുന്നു. എന്നാല്‍ കോവിഡ് വന്നതിനാല്‍ പുനസംഘടന നീണ്ട് പോയി. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പാര്‍ട്ടി പുനസംഘടന നടത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ മുഴവന്‍ സമയ പ്രചാരകനായ കുമ്മനത്തെ ദേശീയ ഭാരവാഹിയാക്കുന്നതില്‍ ബിജെപിക്കുളളിലെ മറ്റ് പ്രചരകര്‍ക്ക് താല്‍പര്യമില്ലെന്നതാണ് അറിയുന്നത്.

നിലവില്‍ ബിഎല്‍ സന്തോഷ് , റാം മാധവ് അടക്കം നാലിലെറെ പ്രചാരകര്‍ ദേശീയ തലത്തിലുളളപ്പോള്‍ മറ്റൊരു പ്രചാരകനെ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത എത്രമാത്രമുണ്ടെന്ന് കണ്ടറിയണം. ശോഭ സുരേന്ദ്രന്റെ വിട്ടു നില്‍ക്കലും കുമ്മനത്തിന് പുതിയ പദവികള്‍ ലഭിക്കാത്തതും ഇരുവിഭാഗത്തെയും നേതാക്കള്‍ക്ക് നീരസം ഉണ്ടാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News