രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍.
കേരളത്തില്‍ നിന്നുള്ള സിപിഐഎം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി. ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.
ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ നേരിട്ട മറ്റ് എംപിമാര്‍.
പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് പാസാക്കിയത്.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.
ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു
കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എളമരം കരീം പ്രതികരിച്ചു.
ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു. എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഈ സസ്‌പെന്‍ഷന്‍ കൂടുതല്‍ ഊര്‍ജം പകരുമെന്ന് എളമരം കരീം പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.