ഭീവണ്ടി കെട്ടിട ദുരന്തം; 10 മരണം: 11 പേര്‍ക്ക് പരുക്ക്; കൈകഴുകി അധികൃതര്‍; ഗത്യന്തരമില്ലാതെ താമസക്കാര്‍

ഭീവണ്ടിയിലെ കെട്ടിട ദുരന്തത്തില്‍ ഇത് വരെ ലഭിച്ച വിവരങ്ങളില്‍ 10 പേരാണ് മരണപ്പെട്ടത്. 26 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ 11 പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. മൂന്ന് നില കെട്ടിടമാണ് ഇന്ന് വെളുപ്പിന് 3 മണിയോടെ തകര്‍ന്ന് വീണത്. പട്ടേല്‍ കോംപൗണ്ട് പ്രദേശത്തെ 36 വര്‍ഷം മാത്രം പഴക്കമുള്ള ജിലാനി പാര്‍പ്പിടസമുച്ചയമാണ് ദുരന്തം വിതച്ചത്.

21 കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം എണ്‍പതോളം പേരാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അത് കൊണ്ട് തന്നെ അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്.

അഗ്‌നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും പോലീസും അടങ്ങുന്ന സംഘമാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിക്കുന്നത്. വെളുപ്പിന് ഭൂരിഭാഗം പേരും ഉറങ്ങി കിടന്നിരുന്ന സമയത്താണ് സംഭവം നടന്നത്. ഇത് അപകടത്തിന്റെ തീവ്രത കൂടുവാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു.

നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശം കൂടിയാണ് ഭീവണ്ടി. എന്നാല്‍ ദുരന്തം വിതച്ച കെട്ടിടത്തില്‍ മലയാളി കുടുംബങ്ങള്‍ ആരും താമസിച്ചിരുന്നില്ല. മലയാളികള്‍ അടക്കമുള്ള സന്നദ്ധ സേവകര്‍ രക്ഷാ പ്രവര്‍ത്തന സേനക്ക് സഹായങ്ങളുമായി സ്ഥലത്തുണ്ട്.

കൈകഴുകി അധികൃതര്‍; ഗത്യന്തരമില്ലാതെ താമസക്കാര്‍

കെട്ടിടത്തിന്റെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി പല തവണ ഒഴിയുവാനായി താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇതിന് മുന്‍പും ഇത്തരം ദുരന്തങ്ങള്‍ സംഭവിച്ചതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാരണങ്ങള്‍ നിരത്തി ഒഴിഞ്ഞു മാറുന്ന പ്രവണതയാണ് കണ്ടു വന്നിട്ടുള്ളത്.

ഇത്തരം പാര്‍പ്പിടങ്ങളില്‍ താമസിക്കുന്ന സാധാരണക്കാര്‍ നോട്ടീസ് ലഭിച്ചാലും ഗത്യന്തരമില്ലാതെയാണ് അപകടം അറിഞ്ഞു കൊണ്ട് തന്നെ താമസം തുടരുന്നതെന്നാണ് മുന്‍കാല അനുഭവങ്ങളും ചൂണ്ടിക്കാട്ടുന്നത്. ജീവിതത്തിന്റെ എല്ലാ സമ്പാദ്യങ്ങളും മുടക്കി ബാങ്ക് ലോണുകളെ ആശ്രയിച്ചു വീട് വാങ്ങിയവരാണ് എല്ലാം ഇട്ടെറിഞ്ഞു കുടുംബവുമായി എവിടേക്ക് പോകുമെന്നറിയാതെ താമസം തുടരുന്നവരില്‍ ഭൂരിഭാഗവും.

ഏകദേശം എണ്‍പതുകള്‍ക്ക് ശേഷമാണ് സ്വന്തയൊരു വീട് വേണമെന്ന സ്വപ്നം ഇടത്തരക്കാരിലേക്ക് വ്യാപിക്കുന്നത്. അത് വരെ വാടക വീടുകളില്‍ കഴിഞ്ഞിരുന്ന സാധാരണക്കാരെല്ലാം ബാങ്കുകളില്‍ നിന്നുള്ള വായ്പ്പാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കിടക്കാനൊരിടം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ തുടങ്ങിയത്.

പിന്നീട് മറ്റു സമ്പാദ്യങ്ങള്‍ ഒന്നും നേടാനാകാതെ വീടിന്റെ വായ്പ്പ അടച്ചു എരിഞ്ഞടുങ്ങന്നതാണ് നഗരത്തിലെ പല ജീവിതങ്ങളും.

കിടക്കാനൊരിടമെന്ന സാധാരണക്കാരന്റെ സ്വപ്നത്തെ ചൂഷണം ചെയ്തവര്‍

സ്ഥലത്തിന് പൊന്നു വിലയുള്ള മുംബൈയില്‍ കഴിയുന്നവരില്‍ വലിയൊരു വിഭാഗം എണ്‍പതുകള്‍ വരെ വാടക വീടുകളിലാണ് കഴിഞ്ഞു വന്നിരുന്നത്. കിടക്കാനൊരിടമെന്ന സാധാരണക്കാരന്റെ സ്വപ്നത്തെ ചൂഷണം ചെയ്താണ് ചെറുകിട കെട്ടിട നിര്‍മ്മാതാക്കളും ഉദ്യോഗസ്ഥരും ഇത്തരം അനധികൃത കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്.

സാധാരക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ വീടുകള്‍ തട്ടിക്കൂട്ടി ബാങ്ക് ലോണുകള്‍ തരപ്പെടുത്തി വില്‍പ്പന നടത്തിയിരുന്ന സംഘങ്ങളാണ് ഭീവണ്ടി, ഡോംബിവ്ലി, കല്യാണ്‍, താനെ മീരാ റോഡ്, വസായ് തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രമാക്കി അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നത്. മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍ക്കാണ് അന്നെല്ലാം എളുപ്പത്തില്‍ അനുമതി ലഭിച്ചിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ എളുപ്പത്തില്‍ സ്വാധീനിച്ചാണ് കെട്ടിട നിര്‍മ്മാതാക്കള്‍ ചൂഷണം തുടര്‍ന്നിരുന്നത്.

പലപ്പോഴും കെട്ടിടനിര്‍മ്മാണത്തില്‍ ശാസ്ത്രീയമായി പാലിക്കേണ്ട നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് ഇവരെല്ലാം താമസ സമുച്ഛയങ്ങള്‍ കെട്ടിപ്പടുത്തത്.

ഓരോ കെട്ടിട ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ഉയരാറുണ്ടെങ്കിലും തിരക്ക് പിടിച്ച ജീവിത ശൈലി നയിക്കുന്ന നഗര സംസ്‌കാരം പിന്നീടതിനെ പിന്തുടരാന്‍ കഴിയാതെ വിസ്മൃതിയിലാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News