‘രണ്ടാമൂഴം’ തിരക്കഥയുടെ പൂര്‍ണ അവകാശം എംടിക്ക്; ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി അംഗീകരിച്ചു

‘രണ്ടാമൂഴം’ തിരക്കഥയുടെ പൂര്‍ണ അവകാശം ഇനി എംടിക്ക്. എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാറും തമ്മിലുള്ള കേസിന്റെ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി അംഗീകരിച്ചു.

സംവിധായകന്‍ ശ്രീകുമാര്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഇതുപ്രകാരം തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് തിരിച്ചുനല്‍കും. അഡ്വാന്‍സ് തുക 1.25 കോടി എം.ടിയും മടക്കി നല്‍കും. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിലും കോഴിക്കോട് ജില്ലാ കോടതിയിലുമുള്ള കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കും.

കഥയുടെയും തിരക്കഥയുടെയും പൂര്‍ണ അവകാശം എംടിക്ക് തന്നെയാണെന്ന് സമ്മതിച്ചാണ് തിരക്കഥ തിരികെ നല്‍കുന്നത്. ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ല. എന്നാല്‍ മഹാഭാരതത്തെ ആസ്പദമാക്കി സിനിമയൊരുക്കാം. പക്ഷേ ഭീമന്‍ കേന്ദ്ര കഥാപാത്രമാകാന്‍ പാടില്ലെന്നുമാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.

തിങ്കളാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിലെത്തിയെന്ന് ഇരുവിഭാഗവും കോടതിയെ അറിച്ചിരുന്നു. തിരക്കഥ കൈമാറി മൂന്ന് വര്‍ഷത്തിനികം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എംടിയും വിഎ ശ്രീകുമാറുമായുള്ള ധാരണ.

2014 ലായിരുന്നു കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് എംടി, സംവിധായകനും നിര്‍മ്മാണ കമ്പനിക്കുമെതിരെ കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News