നാല്‍പ്പതാം പിറന്നാള്‍ ആഘോഷിച്ച് കരീന കപൂര്‍

ബി ടൗണില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ പലതും ചര്‍ച്ചയാവാറുണ്ട്. കരീന കപൂര്‍ വീണ്ടും അമ്മയാകാനുള്ള ഒരുക്കത്തിലാണ് എന്ന വാര്‍ത്ത ആരാധകര്‍ ആഘോഷിച്ചിട്ട് അധികമായില്ല. മകന്‍ തൈമൂറിന് കൂട്ടായി മറ്റൊരു കുഞ്ഞുകൂടി വരാന്‍ പോകുന്ന വിവരം സമൂഹമാധ്യമത്തിലൂടെയാണ് കരീനയും സെയ്ഫ് അലി ഖാനും പങ്കുവച്ചത്. ഇപ്പോള്‍ ഓണ്‍ലൈനില്‍ നിറയുന്നത് കരീനയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ നിന്നുളള ചിത്രങ്ങളാണ്. കുടുംബത്തിനൊപ്പം നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണവ.

ഫാബുലസ് ഫോര്‍ട്ടി എന്നാണ് കേക്കില്‍ എഴുതിയിരിക്കുന്നത്. അധികം മേക്കപ്പും ആഭരണങ്ങളും ഒന്നുമില്ലാതെ ,ഏറ്റവും പ്രിയപ്പെട്ട കാഫ്താന്‍ ധരിച്ചാണ് കരീന ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

‘നാല്‍പ്പതാം വയസ്സിലേക്ക് കടക്കുമ്പോള്‍, സുഖകരമായി ഇരുന്ന്, സ്‌നേഹിക്കാനും ചിരിക്കാനും ക്ഷമിക്കാനും പൊറുക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഏറ്റവും പ്രധാനമായി, എനിക്ക് ശക്തി തന്ന ഏറ്റവും വലിയ ശക്തിക്ക് നന്ദിയും പറയുന്നു. ഞാന്‍ എന്ന സ്ത്രീയെ രൂപപ്പെടുത്തിയ എന്റെ എല്ലാ അനുഭവങ്ങളിലും തീരുമാനങ്ങളിലും നന്ദിയുള്ളവളാണ്. ചിലത് ശരിയായിരുന്നു, ചിലതില്‍ തെറ്റുപറ്റി. ചിലത് മികച്ചതായിരുന്നു, എന്നാല്‍ ചിലത് അങ്ങനെയല്ല’. കരീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

1980 സെപ്റ്റംബര്‍ 21നാണ് കരീന ജനിച്ചത്. 2000-ല്‍ ജെ പി ദത്തയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘റെഫ്യൂജി’ എന്ന ചിത്രത്തിലൂടെയാണ് കരീന അരങ്ങേറ്റം കുറിച്ചത്. 2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016ല്‍ ദമ്പതികള്‍ക്ക് തൈമൂര്‍ പിറന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കരീനയും സെയ്ഫും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here