പാര്‍ലമെന്ററി വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വി മുരളീധരന്‍ പരാജയം; എളമരം കരീം

ദില്ലി: കേന്ദ്ര മന്ത്രി വി വി മുരളീധരന്‍ പാര്‍ലമെന്ററി കാര്യ വകുപ്പ് കൈകാര്യം ചെയ്യാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചതായി എളമരം കരീം എം പി. ഒരു ആര്‍ എസ് എസ് കാരന്റെ പ്രവൃത്തി പരിചയം വച്ച് പാര്‍ലമെന്ററി കാര്യ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആവില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്നലെ രാജ്യ സഭ നീട്ടുന്നതില്‍ വേണ്ട രീതിയില്‍ പ്രതിപക്ഷത്തോട് ചര്‍ച്ച നടത്താന്‍ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിമാര്‍ക്ക് സാധിച്ചില്ല. കാര്യങ്ങള്‍ സമചിത്തതയോടെ തീര്‍പ്പാക്കാന്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരമെന്ന വി മുരളീധരന്റെ പ്രസ്താവനയ്ക്ക് എതിരെയും എളമരം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.  മന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും ഈ വാദം സ്വന്തം ഘടക കക്ഷിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും എളമരം കരീം ഓര്‍മിപ്പിച്ചു. കര്‍ഷക സമരങ്ങളെ അവഹേളിക്കാന്‍ വേണ്ടിയാണ് വി മുരളീധരന്റെ ഇത്തരം പ്രസ്താവനകളെന്നും എളമരം കുറ്റപ്പെടുത്തി.

ബില്ലുകള്‍ കേരളത്തെ ബാധിക്കുന്നില്ല എന്നിരിക്കെ സിപിഐഎം എന്തിന് കേരളത്തില്‍ സമരം ചെയ്യുന്നു എന്ന വി മുരളിധരന്റെ പ്രസ്താവനയ്ക്കും എളമരം മറുപടി നല്‍കി. കൃഷി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്നാണ്. അങ്ങനെയിരിക്കെ
ഒരു സംസ്ഥാനവുമായും കൂടിയാലോചന നടത്തതെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ കൊണ്ടു വന്നത്. ഇത് നിയമമായാല്‍ രാജ്യത്തിന് മൊത്തം ബാധകമാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്ററി വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വി മുരളീധരന്‍ പരാജയമാണ്
അത് മൂടി വെക്കാന്‍ വേണ്ടിയാണ് വി മുരളീധരന്റെ ഇത്തരം പ്രസ്താവനകളെന്നും എളമരം കരീം ചൂണ്ടിക്കാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here