എംപിമാരുടെ സസ്പെന്‍ഷന്‍: ചൊവ്വാഴ്ച്ച സംസ്ഥാനത്ത് സിപിഐഎം പ്രതിഷേധം

തിരുവനന്തപുരം: രാജ്യത്തെ കര്‍ഷകരുടെ ജീവിതം കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സിപിഐ എം പ്രതിനിധികളായ എളമരം കരീമും കെ.കെ.രാഗേഷും ഉള്‍പ്പെടെയുള്ള എംപിമാരെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെ ചൊവ്വാഴ്ച കേരളം പ്രതിഷേധമുയര്‍ത്തും.

കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനംചെയ്തു.

കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലേറെ കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. ഈ ദുരന്തത്തിന്റെ തുടര്‍ച്ചക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ വഴിയൊരുക്കുക.

ഇടനിലാക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കര്‍ഷകരുടെ വിയര്‍പ്പും ജീവിതവും കോര്‍പ്പറേറ്റുകള്‍ക്ക് അടിയവയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക മേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തകര്‍ച്ചയിലേക്കാകും നയിക്കുക. കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടം രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്.

ഈ രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് സി.പി.ഐ.എമ്മിന്റെയടക്കം എം.പിമാര്‍ നടത്തിയത്. പാര്‍ലമെന്റില്‍ ജനാധിപത്യപരമായ വിയോജിപ്പുകള്‍ പോലും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

പാര്‍ലമെന്റില്‍ മാത്രമല്ല, രാജ്യത്താകെ കര്‍ഷകപ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയര്‍ന്നുകഴിഞ്ഞു. അതിന്റെ മുന്‍നിരയില്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ ഉണ്ടാവുമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News