റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയത്തുടക്കം

ഐപിഎല്ലില്‍ മലയാളിതാരം ദേവ്ദത്ത് പടിക്കലിന്റെയും എ ബി ഡിവില്ലിയേഴ്‌സിന്റെയും ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് വീഴ്ത്തിയാണ് കോലിപ്പട ജയിച്ചു കയറിയത്.

164 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്‌സ് പന്ത്രണ്ടാം ഓവറില്‍ 121/2 എന്ന ശക്തമായ നിലയില്‍ നിന്ന് 153 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 163/5, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.4 ഓവറില്‍ 153ന് ഓള്‍ ഔട്ട്. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹലാണ് കളിയിലെ താരം.

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ(6) തുടക്കത്തിലെ നഷ്ടമായെങ്കിലും ജോണി ബെയര്‍‌സ്റ്റോയും(43 പന്തില്‍ 61), മനീഷ് പാണ്ഡെയും(33 പന്തില്‍ 34) ചേര്‍ന്ന് സണ്‍റൈസേഴ്‌സിനെ കൈപിടിച്ചുയര്‍ത്തിയതാണ്. സ്‌കോര്‍ 89ല്‍ നില്‍ക്കെ മനീഷ് പാണ്ഡെ വീണെങ്കിലും പ്രിയം ഗാര്‍ഗിനെ കൂട്ടുപിടിച്ച് ബെയര്‍‌സ്റ്റോ പോരാട്ടം തുടര്‍ന്നു. ഹൈദരാബാദ് അനായാസ ജയം നേടുമെന്ന് കരുതിയിരിക്കെ സ്‌കോര്‍ 121ല്‍ നില്‍ക്കെ ബെയര്‍‌സ്റ്റോയെ ചാഹല്‍ ക്ലീന്‍ ബൗള്‍ഡാക്കിയതാണ് കളിയിലെ വഴിത്തിരിവായി.

തൊട്ടുപിന്നാലെ പ്രിയം ഗാര്‍ഗിനെ(12) ശിവം ദുബെയും വിജയ് ശങ്കറെ(0) നേരിട്ട ആദ്യ പന്തില്‍ ചാഹലും മടക്കിയതോടെ ഹൈദരാബാദ് സമ്മര്‍ദ്ദത്തിലായി. വാലറ്റക്കാര്‍ നവദീപ് സെയ്‌നിയുടെയും ഡെയ്ല്‍ സ്റ്റെയിനിന്റെയും പേസിന് മുന്നില്‍ പോരാട്ടമില്ലാതെ മുട്ടുമടക്കിയതോടെ ബാംഗ്ലൂരിന് കൈവിട്ട ജയം സ്വന്തമായി. ബാംഗ്ലൂരിനായി ചാഹല്‍ നാലോവറില്‍ 18 രണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെുത്തപ്പോള്‍ ശിവം ദുബെയും നവദീപ് സെയ്‌നിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി ഐപിഎല്ലില്‍ അരങ്ങേറ്റംകുറിച്ച മലയാളി താരം ദേവ്ദത്ത് പടിക്ക ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കമിട്ടു. പടിക്കലായിരുന്നു ബാംഗ്ലൂര്‍ ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത്.

രണ്ടാം ഓവറില്‍ സന്ദീപ് ശര്‍മയെ ബൗണ്ടറിയടിച്ച് തുടങ്ങിയ പടിക്കല്‍ നാലാം ഓവറില്‍ ടി നടരാജനെ മൂന്ന് ബൗണ്ടറിയടിച്ച് വരവറിയിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ പടിക്കലും ഫിഞ്ചും ചേര്‍ന്ന് 11 ഓവറില്‍ 90 റണ്‍സടിച്ചു. 42 പന്തില്‍ 56 റണ്‍സെടുത്ത പടിക്കലിനെ വീഴ്ത്തി വിജയ് ശങ്കര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ അഭിഷേക് ശര്‍മ ഫിഞ്ചിനെ(29) വീഴ്ത്തി.

ക്യാപ്റ്റന്‍ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. എന്നാല്‍ നടരാജനെ സിക്‌സറിന് പറത്താനുള്ള കോലിയുടെ ശ്രമം ബൗണ്ടറിയില്‍ റാഷിദ് ഖാന്റെ കൈകളില്‍ അവസാനിച്ചു. 13 പന്തില്‍ 14 റണ്‍സായിരുന്നു കോലിയുടെ നേട്ടം. കോലി പുറത്തായശേഷം തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് സന്ദീപ് ശര്‍മയെ ഒരോവറില്‍ രണ്ട് സിക്‌സറിന് പറത്തി സ്‌കോര്‍ 150 കടത്തി.

30 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും പറത്തിയ ഡിവില്ലിയേഴ്‌സ് അവസാന ഓവറില്‍ റണ്ണൗട്ടായി. ഏഴ് റണ്‍സെടുത്ത ശിവം ദുബെ അവസാന പന്തില്‍ റണ്ണൗട്ടായപ്പോള്‍ ഒരു റണ്‍സെടുത്ത ജോഷ് ഫിലിപ്പ് പുറത്താകാതെ നിന്നു. ഹൈദരാബാദിനായി നടരാജനും വിജയ് ശങ്കറും അഭിഷേക് ശര്‍മയും ഓരോ വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News