സ്വര്‍ണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഒത്താശയോടെ സന്ദീപ് നായര്‍ക്കും ജാമ്യം

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഒത്താശയോടെ മൂന്നാം പ്രതി സന്ദീപ് നായര്‍ക്കും ജാമ്യം. ലീഗ് പ്രവര്‍ത്തകനായ കെ ടി റെമീസിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ സന്ദീപിനും സ്വാഭാവിക ജാമ്യം കസ്റ്റംസ് നേടിക്കൊടുത്തത്.

അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യപ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ ആദായനികുതി വകുപ്പിന് എസിജെഎം കോടതി അനുമതി നല്‍കി.

60 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്ന സാങ്കേതികത്വം പ‍ഴുതാക്കി സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രധാന പ്രതി കൂടി ജാമ്യം നേടി. കേസിലെ മൂന്നാം പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ സന്ദീപ് നായര്‍ക്കാണ് കസ്റ്റംസ് ഒത്താശയോടെ ജാമ്യം ലഭിച്ചത്.

ലീഗ് പ്രവര്‍ത്തകനും പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവുമായ കെ ടി റെമീസിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സന്ദീപ് നായരും സ്വാഭാവികജാമ്യം നേടിയത്. എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍ സന്ദീപിനും പുറത്തിറങ്ങാനാകില്ല.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗൂഢാലോചന നടത്തിയതും നിക്ഷേപകരെ കണ്ടെത്തിയതും ഉള്‍പ്പെടെ ഗുരുതരമായ ആരോപണമാണ് സന്ദീപിനെതിരെ എന്‍ഐഎയും കസ്റ്റംസും റിമാന്‍ഡ് റിപ്പോര്‍ട്ടിലടക്കം ചൂണ്ടിക്കാട്ടിയിരുന്നത്. നയതന്ത്ര ചാനല്‍ വ‍ഴി സ്വര്‍ണ്ണം കടത്താന്‍ സ്വപ്നയെയും സരിത്തിനെയും ഉപയോഗപ്പെടുത്തിയത് സന്ദീപ് നായരായിരുന്നു.

ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുളള സന്ദീപ് നായരെ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് നിയമത്തിന്‍റെ പ‍ഴുതുകള്‍ അനായാസം തുറന്നിട്ട് കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിന്‍റെ ഒത്തുകളി. ലീഗ്- ബിജെപി നേതാക്കള്‍ പ്രതിപ്പട്ടികയില്‍ വന്ന കളളക്കടത്ത് കേസില്‍ പ്രധാനപ്രതികള്‍ ജാമ്യം നേടുന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചെയ്യണമെന്ന ആവശ്യത്തിലാണ് എന്‍ഐഎ കോടതി നടപടി.

അതിനിടെ സ്വപ്ന, സന്ദീപ്, സരിത്ത്, കെ ടി റമീസടക്കം ഒമ്പത് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യണമെന്ന ആദായനികുതി വകുപ്പിന്‍റെ ആവശ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി അംഗീകരിച്ചു. നികുതിയടക്കാത്ത പണം സ്വപ്നയില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് അനുമതി തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News