പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന്‌ സുപ്രീംകോടതി; കേസിൽ സർക്കാരിന് വിജയം

പാലാരിവട്ടം മേൽപ്പാലം കേസിൽ സംസ്ഥാന സർക്കാരിന് വിജയം. പാലം പൊളിച്ചു പണിയണമെന്ന സർക്കാർ നിലപാട് സുപ്രീംകോടതി ശരിവച്ചു. പൊതു ജന താൽപര്യം മുൻ നിർത്തി സർക്കാരിന് വേഗത്തിൽ പുതിയ പാലം പണി നടത്താമെന്ന് കോടതി ഉത്തരവിട്ടു.

ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പൊളിയാറായ പാലത്തിന്റെ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതിൽ കോടതി അതൃപ്തി പ്രകടമാക്കി.

യു ഡി എഫ് സർക്കാർ അഴിമതിയിൽ കെട്ടിപ്പൊക്കിയ പഞ്ചവടിപ്പാലത്തിന് സുപ്രീംകോടതിയുടെയും റെഡ് സിഗ്നൽ. പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് പൂർണ അധികാരം നൽകി കൊണ്ടാണ് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ മൂന്ന് അംഗ ബഞ്ച് സംസ്ഥാന സർക്കാർ അപ്പീൽ ശരിവച്ചത്.

ഭാര പരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ കോടതി പാലം പുതുക്കി പണിയണമെന്ന സർക്കാർ ഉന്നത സമിതി കണ്ടെത്തൽ തള്ളിക്കളയേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി.

ഹൈക്കോടതി റിട്ട് ഹർജി പരിഗണിക്കുമ്പോൾ കരാർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അല്ല കേസ് തീരുമാനിക്കേണ്ടത്. സർക്കാർ തീരുമാനം യുക്ത രഹിതമാണോ സ്വേച്ഛാ പരമാണോ എന്ന് മാത്രം നോക്കിയാൽ മതിയായിരുന്നു എന്നും കോടതി വ്യക്തമാക്കി.

ഒരു വർഷത്തിനിടെ ഇത്രയും വിള്ളലുകൾ ഉണ്ടായ പാലത്തിന്റെ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതിൽ ജസ്റ്റിസ് ആർ എഫ് നരിമാൻ വാക്കാൽ അതൃപ്തി പ്രകടമാക്കി. ജന താൽപര്യം മുൻ നിർത്തി പാലം സർക്കാരിന് വേഗത്തിൽ പുനർ നിർമ്മിക്കാമെന്ന് ഉത്തവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഉള്ള കേസ് ആറു മാസത്തിനകം തീർപ്പാക്കാനും സുപ്രീംകോടതി പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന്റെ ഉള്ളടക്കം മാനിച്ച് വേണമിതെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. പൊതു സുരക്ഷ മുൻ നിർത്തി സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള തീരുമാനമെന്നായിരുന്നു സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ വാദം. പുതിയ പാലത്തിന് ഇ ശ്രീധരൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 100 വർഷം ആയുസ്സും AG കോടതിക്ക് ഉറപ്പ് നൽകി.

അതേസമയം കരാറുകാരായ ആർ ഡി എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി പാലം പൊളിക്കണമെന്ന ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയവും ഇ ശ്രീധരന്റെ ഈഗോയും ആണെന്ന് വാദിച്ചു. സിംഗ്‌വിയുടെ ഈ പരാമർശത്തിൽ AG മറുവാദത്തിനിടെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News